ഇത് ചെറിയ കളിയല്ല; വൈദ്യുത വിപണിയിലെ പരൽമീനുകളെ ഒതുക്കാനുറച്ച് ഹീറോ
text_fieldsഇന്ത്യൻ വൈദ്യുത വാഹന വിപണിയിൽ ആധിപത്യം ഉറപ്പിക്കാനുള്ള ദൃഡനിശ്ചയവുമായി ഹീറോ മോേട്ടാർ കോപ്. നിലവിൽ കളത്തിലുള്ള സ്റ്റാർട്ടപ്പുകളെ പിടിച്ചെടുക്കാനും കൂടുതൽ വൈദ്യുത സ്കൂട്ടറുകൾ സ്വന്തം നിലക്ക് പുറത്തിറക്കാനുമാണ് ഹീറോയുടെ നീക്കം. ഇൗഥർ പോലുള്ള മുൻനിര ഇ.വി കമ്പനികളിൽ 35 ശതമാനം ഒാഹരി ഹീറോക്ക് ഉണ്ട്. ഇതോടൊപ്പം സ്വന്തം നിലക്ക് കൂടുതൽ ഇ.വി സ്കൂട്ടറുകൾ പുറത്തിറക്കാനാണ് ഹീറോയുടെ തീരുമാനം.
ഹോണ്ടയെ ഒഴിവാക്കി സ്വതന്ത്രമായി പ്രവർത്തിക്കാനാരംഭിച്ചതിെൻറ പത്താം വാർഷിക നിറവിലാണ് ഹീറോ ഇപ്പോൾ. ആനിവേഴ്സറി ആഘോഷങ്ങളിലെ പ്രധാന പദ്ധതി ഇ.വികളിലുള്ള വൻ നിക്ഷേപമാണ്. നിലവിൽ രാജ്യത്തെ ഇരുചക്ര വാഹന വിപണിയിലെ നേതാവ് ഹീറോയാണ്. ഇ.വി വിപ്ലവകാലത്തും ഒന്നാം സ്ഥാനം നിലനിർത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് കമ്പനി. ഹീറോ മോട്ടോകോർപ്പ് ചെയർമാനും സിഇഒയുമായ പവൻ മുൻജൽ ആണ് കമ്പനിയുടെ ഭാവി പദ്ധതികൾ വെളിപ്പെടുത്തിയത്. ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിൽ 20 രാജ്യങ്ങളിലെ ഇ.വി വിപണിയും ഹീറോ ലക്ഷ്യമിടുന്നുണ്ട്.
ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഹൈഡ്രജൻ, കാറ്റ്, സൗരോർജ്ജം തുടങ്ങിയ ബദലുകൾ പരിഗണിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. നിർമാണ കേന്ദ്രങ്ങളുടെ 10 ശതമാനം ഇ.വികളിൽ ശ്രദ്ധിക്കും. 2030 ഓടെ കാർബൺ-ന്യൂട്രൽ ഡീലർഷിപ്പുകൾക്കൊപ്പം 100 ശതമാനം ഉത്പന്ന പുനരുൽപ്പാദനവും കമ്പനി ലക്ഷ്യമിടുന്നു.
2025 ഓടെ മൊത്തം വിൽപ്പനയുടെ 15 ശതമാനം ആഗോള വിപണിയിൽ ആയിരിക്കുമെന്നാണ് ഹീറോയുടെ വിലയിരുത്തൽ. 2030 ഓടെ ഡിജിറ്റൽ ചാനലുകളിൽ നിന്ന് കുറഞ്ഞത് 30 ശതമാനം വിൽപ്പന കമ്പനി പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം തങ്ങളുടെ ഏറ്റവും പുതിയ ഇ.വി സ്കൂട്ടറിനെ ഹീറോ അവതരിപ്പിച്ചിട്ടുണ്ട്. എടുത്തുമാറ്റാവുന്ന ബാറ്ററിയുള്ള ഇ.വികളിലും ഹീറോ ശ്രദ്ധ കേന്ദ്രീകരിക്കും. ഒപ്പം ചാർജിങ് ശൃഘലയും രാജ്യത്തുടനീളം സ്ഥാപിക്കും. ഇ.വി നിർമാണത്തിൽ ഗോഗോറോ എന്ന കമ്പനിയുമായി സഹകരിക്കാനും ഹീറോ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.