ഹോണ്ട നൽകും വിജയന് ഹീറോ പരിവേഷം
text_fieldsതൃശൂർ: ഹോണ്ട 65 സി.സി വണ്ടിയിൽ തലോർ ചിറ്റിശേരി വിജയെൻറ വരവ് കണ്ടാൽ ആരും നോക്കിപ്പോകും. പഴമയോടൊപ്പം ഗതകാലസ്മരണകളും വഹിച്ചുള്ള വരവാണത്. 1969 മോഡൽ ഹോണ്ടയെന്ന ജാപ്പനീസ് വണ്ടിയിൽ വിജയൻ സഞ്ചാരം തുടങ്ങിയിട്ട് 20 വർഷം കഴിഞ്ഞു. വണ്ടി നിറുത്തിയിടുേമ്പാൾ ആളുകൾ എപ്പോഴും ചുറ്റിലും കൂടും. വിവരം തിരക്കുകയും ചെയ്യും. ഹോണ്ട നൽകുന്ന ഹീറോ പരിവേഷത്തിളക്കത്തിലാണിപ്പോഴും വിജയൻ.
വർക്ഷോപ്പ് ജീവനക്കാരനായ വിജയന് ഹോണ്ടയോടുള്ള പ്രിയം 14ാം വയസ്സിൽ തുടങ്ങിയതാണ്.വിജയൻ മാമെൻറ ഹോണ്ട 65 ഓടിച്ചുതുടങ്ങിയത് അപ്പോഴാണ്. ഉപയോഗിക്കാൻ പറ്റാത്ത മറ്റ് രണ്ട് ഹോണ്ട വണ്ടികൾ കൂടി വീട്ടിലുണ്ട്. ഹോണ്ട റോഡ് മാസ്റ്ററും ഹോണ്ട 125 ഉം.ഹോണ്ട 65 അൽപം വയസ്സായവർക്ക് ഓടിക്കാൻ പറ്റിയ വണ്ടിയാണെന്ന് വിജയൻ പറയുന്നു. ചെറുപ്പത്തിൽ തുടങ്ങിയ ഹോണ്ടയോടുള്ള താൽപര്യത്തിന് കാരണം അതിെൻറ പെർഫോർമൻസാണ്. 70 കിലോമീറ്ററിനടുത്ത് മൈലേജ് കിട്ടുന്നുണ്ട്. യന്ത്രഭാഗങ്ങൾ പഴയത് തന്നെ. കാലമിത്രയായിട്ടും തുരുമ്പ് പിടിക്കുന്നില്ലെന്നതാണ് പ്രധാന പ്രത്യേകത -വിജയൻ പറയുന്നു.
ഹോണ്ട 65 സി.സി വണ്ടി കുന്നംകുളത്തുനിന്ന് കിട്ടിയപ്പോൾ ഏറെ സന്തോഷം തോന്നി. ആ സമയം തൃശൂരിൽ വർക്ഷോപ്പ് നടത്തിയിരുന്നു. ഏറെപണിപ്പെട്ടാണ് ശരിയാക്കിയത്. പിന്നീടാണ് 1984 മോഡൽ റോഡ് മാസ്റ്ററും 1985 മോഡൽ ഹോണ്ട 125 ഉം പണിക്കായി എത്തിയത്. അപ്പോൾ വില പറഞ്ഞ് വാങ്ങുകയായിരുന്നു. ഹോണ്ട 125 വാങ്ങിയത് അയ്യന്തോളിലെ ഒരു മേനോെൻറ കൈയിൽ നിന്നാണെന്നും ഹീറോ ഹോണ്ട ഇറങ്ങിയ കാലമായിരുന്നു അതെന്നും വിജയന് നല്ല ഓർമയുണ്ട്. ഇവ രണ്ടും പണിത് ശരിയാക്കാമെന്ന പ്രതീക്ഷ വിജയൻ ഇനിയും കൈവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.