ബിൽ തുക നൽകാതെ അതിഥികൾ മുങ്ങി; കാറുകൾ ലേലം ചെയ്യാനൊരുങ്ങി ഫൈവ് സ്റ്റാർ ഹോട്ടൽ
text_fieldsഹോട്ടലിൽ താമസിച്ചശേഷം ബിൽ തുക നൽകാതെ മുങ്ങിയവരുടെ കാറുകൾ ലേലം ചെയ്യാനൊരുങ്ങുന്നു. ചണ്ഡീഗഡ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (സിറ്റ്കോ) നടത്തുന്ന ഹോട്ടലിലാണ് സംഭവം. 22 ലക്ഷം രൂപയുടെ ഹോട്ടല്‍ ബിൽ അടയ്ക്കാതെ രണ്ട് ബിസിനസുകാരാണ് മുങ്ങിയത്.
പഞ്ചാബ് കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന അശ്വനി കുമാര്‍ ചോപ്ര, രാംനിക് ബന്‍സാല്‍ എന്നിവർക്കെതിരായാണ് സിറ്റ്കോയുടെ ശിവാലിക്വ്യൂ ഹോട്ടലില്‍ അധികൃതർ നടപടി എടുക്കുന്നത്. ഹോട്ടലിൽ താമസിച്ച ശേഷം പണം അടക്കാന്‍ സാധിക്കാതെ വന്ന അതിഥികൾ തങ്ങളുടെ ആഢംബര കാറുകള്‍ ഈടായി നല്‍കിയാണ് തിരിച്ചുപോയത്. എന്നാല്‍ ഏറെ നാളുകള്‍ക്ക് ശേഷവും ഇവര്‍ ഹോട്ടല്‍ ബില്‍ അടച്ചില്ല. ഇതേത്തുടര്‍ന്ന് തങ്ങളുടെ നഷ്ടം നികത്താന്‍ വ്യവസായികളുടെ രണ്ട് ആഢംബര കാറുകളും ലേലം ചെയ്യാന്‍ ഹോട്ടല്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍.
സംഭവം നടന്നത് 2018ൽ
2018 മെയ് മാസത്തിലാണ് വ്യവസായികളായ അശ്വനി കുമാര്‍ ചോപ്രയും രാംനിക് ബന്‍സാലും സിറ്റ്കോയുടെ ഉടമസ്ഥതയിലുള്ള ശിവാലിക് വ്യു ഹോട്ടലില്‍ മുറിയെടുത്തത്. ഇരുവ്യവസായികളും വ്യത്യസ്ത മുറികളിലായി ദിവസങ്ങളോളം കഴിഞ്ഞു. ഇവർ പരസ്പരം പരിചയക്കാരുമായിരുന്നു. ഹോട്ടലില്‍ താമസിക്കുന്ന സമയത്ത് ഭക്ഷണം, പാനീയങ്ങള്‍, വസ്ത്രങ്ങള്‍ അലക്കല്‍ എന്നീ സേവനങ്ങള്‍ അവര്‍ മുടക്കമില്ലാതെ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ അവര്‍ ബില്‍ അടച്ചിരുന്നില്ല. കുടിശ്ശിക കൂടിയതോടെ ഹോട്ടല്‍ അധികൃതര്‍ ബില്‍ തീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടു. ആ സമയം രാംനിക് ബന്‍സാല്‍ ആറ് ലക്ഷം രൂപയുടെ മൂന്ന് ചെക്കുകള്‍ നല്‍കി. എന്നാല്‍ ഈ ചെക്കുകള്‍ മടങ്ങി. ഇരുവരുടെയും പെരുമാറ്റത്തില്‍ പന്തികേട് മണത്ത ഹോട്ടല്‍ അധികൃതര്‍ 2018 ഒക്ടോബര്‍ 12-ന് വിവരങ്ങള്‍ പൊലീസിനെ ധരിപ്പിച്ചു.
പിന്നാലെ പൊലീസ് അന്വേഷണത്തിനായി ഹോട്ടലില്‍ എത്തി. ഇതോടെ ബന്‍സാല്‍ പണം നല്‍കാതെ ഹോട്ടലില്‍ നിന്ന് കടന്ന് കളയാന്‍ ശ്രമിച്ചു. എന്നാല്‍ ഹോട്ടലിലെ സുരക്ഷ ജീവനക്കാര്‍ ഗേറ്റ് അടച്ചതോടെ ശ്രമം വിഫലമായി. ഇവരിൽ ഒരാളുടെ കൈവശം ഷെവ്രോലെ ക്രൂസും മറ്റൊരാള്‍ക്ക് ഓഡി ക്യു 3 ലക്ഷ്വറി എസ്‌യുവിയുമായിരുന്നു ഉണ്ടായിരുന്നത്. ഹോട്ടലുകാർ വിടില്ലെന്ന് ഉറപ്പായപ്പോഴാണ് ബന്‍സാല്‍ തന്റെ ആഢംബര കാര്‍ ഈടായി സൂക്ഷിക്കാന്‍ ഹോട്ടല്‍ അധികൃതരോട് ആവശ്യപ്പെട്ടത്. കുടിശ്ശിക ഉടന്‍ തീര്‍പ്പാക്കാമെന്ന് പറഞ്ഞ് അശ്വിനി കുമാര്‍ തന്റെ ഷെവര്‍ലെ ക്രൂസിന്റെ താക്കോല്‍ അവിടെ വെച്ച് മടങ്ങി.
എന്നാല്‍ ഏകദേശം അഞ്ച് വര്‍ഷത്തിനടുത്തായിട്ടും ഇരുവരും ഹോട്ടല്‍ ബില്‍ തീര്‍പ്പാക്കിയില്ല. സംഭവം വിവാദമായതോടെ ഹോട്ടല്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച പരിശോധിക്കാന്‍ സിറ്റ്‌കോ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തി. സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി ഇവര്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ സമിതി ഫ്രണ്ട് ഓഫീസ് മാനേജരില്‍ നിന്ന് 50 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഫ്രണ്ട് ഓഫീസ് മാനേജര്‍ക്ക് പുറമെ ഗസ്റ്റ് റിലേഷന്‍സ് എക്സിക്യൂട്ടീവ്, റിലേഷന്‍സ് എക്സിക്യൂട്ടീവ്, മൂന്ന് റിസപ്ഷനിസ്റ്റുകള്‍ എന്നിവരുടെ ശമ്പളം 25 ശതമാനം കുറക്കാനും ആവശ്യപ്പെട്ടു.
ബന്‍സാലിനെയും അശ്വിനി കുമാറിനെയും നേരില്‍ കണ്ട് പ്രശ്‌ന പരിഹാരത്തിനായി ഹോട്ടല്‍ അധികൃതര്‍ ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇവര്‍ അനുകൂലമായി പ്രതികരിക്കുകയോ പണം അടക്കുകയോ ചെയ്യാത്തതിന്റെ അടിസ്ഥാനത്തില്‍ നിയമത്തിന്റെ വഴിയില്‍ നീങ്ങാന്‍ സിറ്റ്‌കോ തീരുമാനിക്കുകയായിരുന്നു. ഇതേടെയാണ് കാറുകള്‍ ലേലം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിറ്റ്കോ കോടതിയെ സമീപിച്ചത്.
11 ലക്ഷം രൂപ വീതമാണ് ഓരോരുത്തരും ബിൽ കുടിശ്ശിക. ഔഡി ക്യു 3 എസ്‌യുവിയുടെ അടിസ്ഥാന വിലയായി 10 ലക്ഷം രൂപയാണ് സിറ്റ്‌കോ നിശ്ചയിച്ചിട്ടുള്ളത്. 15 ലക്ഷം രൂപ വിലയുണ്ടായിരുന്ന ഷെവ്രോല ക്രൂസിന് 1.5 ലക്ഷം രൂപയില്‍ ലേലം വിളി തുടങ്ങും. ഫെബ്രുവരി 14-നാണ് ലേലം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.