നൈസാമിന്‍റെ ആൽബിയോൺ ബസ് ഇനി മ്യൂസിയത്തിൽ
text_fieldsഹൈദരാബാദ്: ഒരുകാലത്ത് ഹൈദരാബാദ് നഗരത്തിലെ ഗതാഗത വിഭാഗത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന ആൽബിയോൺ ബസ് മ്യൂസിയത്തിലേക്ക് മാറ്റുന്നു. മഹാത്മാഗാന്ധി ബസ് സ്റ്റേഷൻ (എം.ജി.ബി.എസ്) പരിസരത്തെ പ്രത്യേക മ്യൂസിയത്തിലാണ് ബസ് പ്രദർശിപ്പിക്കുക. മുഷീറാബാദിലെ ബസ് ഭവന് പുറത്ത് വർഷങ്ങളായി പാർക്ക് ചെയ്‌തിരിക്കുകയായിരുന്ന ബസ് ഇവിടെ നിന്നാണ് മ്യൂസിയത്തിലേക്ക് മാറ്റുന്നത്.
1932-ൽ യുകെ ആസ്ഥാനമായുള്ള ആൽബിയോൺ മോട്ടോഴ്‌സ് നിർമ്മിച്ച ബസാണിത്. 90 വർഷത്തെ പാരമ്പര്യമുള്ള ആൽബിയോൺ റെഡ് ബസിൽ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 19 പേർക്ക് യാത്ര ചെയ്യാം. 2022 ലെ സ്വാതന്ത്ര്യ ദിനത്തിൽ തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ടി.എസ്.ആർ.ടി.സി) സംഘടിപ്പിച്ച ബസ് പരേഡിലെ പ്രധാന ആകർഷണമായിരുന്നു ആൽബിയോൺ ബസ്. കഴിഞ്ഞ വർഷം, ഉപ്പളിലെ ടി.എസ്.ആർ.ടി.സി സോണൽ വർക്ക്ഷോപ്പിൽ എത്തിച്ച് ബസിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു.
1932ൽ നൈസാം സ്റ്റേറ്റ് റെയിൽ ആൻഡ് റോഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് (എഫ്എസ്ആർആർടിഡി) അവതരിപ്പിച്ച 27 ബസുകളുടെ കൂട്ടത്തിലാണ് ഈ ബസും ഇന്ത്യയിലെത്തിയത്. നന്ദേഡ് റൂട്ടിലാണ് ബസ് ഓടിയിരുന്നത്. ഹൈദരാബാദിന്‍റെ സമ്പന്നമായ ഗതാഗത ചരിത്രത്തെ പ്രതിനിധീകരിക്കുന്ന ഒന്നാണ് ബസ്. പഴയ ഹൈദരാബാദ് സംസ്ഥാനത്തിന്റെ കാലത്ത്, റെയിൽവേയുടെ കീഴിലാണ് റോഡ് ഗതാഗത വിഭാഗവും പ്രവർത്തിച്ചിരുന്നത്. 166 പേർ ഇവിടെ ജോലി ചെയ്തിരുന്നു.
ബസിനുപുറമേ തെലങ്കാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ വർഷങ്ങളായി ഉപയോഗിക്കുന്ന നിരവധി യന്ത്രങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.