ഹ്യൂണ്ടായ്ക്ക് 'പണികൊടുത്ത' ജീവനക്കാരന് 178 കോടിയുടെ പ്രതിഫലം; ഒരു വിസിൽ ബ്ലോവറുടെ അസാധാരണ കഥ
text_fields26 വർഷമായി ഹ്യൂണ്ടായ് മോേട്ടാഴ്സിൽ ജോലി ചെയ്യുന്നയാളാണ് കിം ഗ്വാങ് ഹോ. കമ്പനിയുടെ ഗുണമേന്മാ നിയന്ത്രണ വിഭാഗത്തിലായിരുന്നു കിം ജോലി ചെയ്തിരുന്നത്. വാഹന സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് കിം മേൽനോട്ടം വഹിച്ചിരുന്നത്. അത്തമൊരാൾക്ക് 24 മില്യൻ ഡോളർ അഥവാ 1,78,60,38,000 രൂപ പ്രതിഫലമായി നൽകിയിരിക്കുകയാണ് ഒരു അമേരിക്കൻ ഏജൻസി. എന്തിനാണ് കിമ്മിന് ഇത്രയും വലിയ തുക സമ്മാനമായി നൽകിയത്. അതിന് ഒരു കാരണമുണ്ട്.
കിം എന്ന വിസിൽ ബ്ലോവർ
ഒരു സംവിധാനത്തിനുള്ളിൽ നിന്നുകൊണ്ട് അതിെൻറ പാളിച്ചകൾ വിളിച്ചുപറയുകയും കൂടുതൽ മികച്ചത് നൽകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ആളുകളെയാണ് വിസിൽ ബ്ലോവർ എന്ന് വിളിക്കുന്നത്. അമേരിക്കൻ കോർപ്പറേറ്റ് ലോകത്ത് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികളുമുണ്ട്. അങ്ങിനെനോക്കിയാൽ കിം ഒരു വിസിൽ ബ്ലാവറാണ്. യുഎസിലെ നിരവധി ഹ്യുണ്ടായ് മോട്ടോർ വാഹനങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങൾ വെളിച്ചത്തുകൊണ്ടുവന്നത് കിമ്മാണ്. ഇതിന് പ്രതിഫലമായാണ് യുഎസ് നാഷണൽ ഹൈവേ ട്രാഫിക് അഡ്മിനിസ്ട്രേഷൻ (NHTSA)24 മില്യൻ ഡോളർ കിമ്മിന് നൽകിയത്.
കിമ്മിെൻറ വെളിപ്പെടുത്തലുകൾ ഹ്യൂണ്ടായ്ക്ക് വലിയ തലവേദന ഉണ്ടാക്കിയിരുന്നു. ഹ്യൂണ്ടായുടേയും കിയയുടേയും ചില മോഡലുകൾ തിരിച്ചുവിളിക്കുന്നതിനും കിം കാരണമായി. കിമ്മിെൻറ വെളിപ്പെടുത്തലുകൾ പ്രകാരമാണ് ഇക്കാര്യങ്ങളിൽ യുഎസ് അധികാരികൾ അന്വേഷണം നടത്തിയത്. തുടർന്ന് ഹ്യൂണ്ടായ്ക്കും കിയക്കും നൂറുകണക്കിന് മില്യൻ ഡോളർ പിഴ ചുമത്തുകയും ചെയ്തു.
മൊത്തം 140 മില്യൺ ഡോളർ സിവിൽ പെനാൽറ്റി ഹ്യുണ്ടായ് നൽകിയപ്പോൾ കിയയുടെ സിവിൽ പെനാൽറ്റി 70 മില്യൺ ഡോളറായിരുന്നു. രണ്ട് വാഹന നിർമ്മാതാക്കളുംകൂടി നൽകിയ പിഴയുടെ ഒരു ഭാഗമാണ് കിമ്മിന് യുഎസ് നാഷണൽ ഹൈവേ ട്രാഫിക് അഡ്മിനിസ്ട്രേഷൻ നൽകിയത്.
ഫൗണ്ടേഷൻ സ്ഥാപിക്കും
പണം ലഭിച്ചതോടെ തെൻറ ഭാവി പരിപാടികൾ പ്രഖ്യാപിച്ചിരിക്കുകയാണ് കിം. ഉത്തരവാദിത്തമുള്ള കോർപ്പറേറ്റ് സംസ്കാരം വളർത്തിയെടുക്കാൻ മറ്റുള്ളവരെ പ്രാപ്തമാക്കാനാണ് ദക്ഷിണ കൊറിയൻ എഞ്ചിനീയർ പദ്ധതിയിടുന്നത്. ഇതിനായി ഫൗണ്ടേഷൻ സ്ഥാപിക്കാനും യൂട്യൂബ് ചാനൽ തുറക്കാനും പരിപാടിയുണ്ടെന്നും അതിൽ തൊഴിലുടമയുടെ മോശം പെരുമാറ്റങ്ങൾ എങ്ങനെ വെളിപ്പെടുത്താമെന്ന് വിശദീകരിക്കുമെന്നും 59 കാരൻ റോയിട്ടേഴ്സിനോട് പറഞ്ഞു.
'യുനൈറ്റഡ് സ്റ്റേറ്റ്സിലെ വിസിൽബ്ലോവർ പ്രോഗ്രാമിൽ നിന്ന് ഞാൻ പ്രതീക്ഷിച്ച നഷ്ടപരിഹാരമാണ് എനിക്ക് ലഭിച്ചത്. ഇൗ തുക അവിശ്വസനീയമോ അധികമോ ആണെന്ന് കരുതുന്നില്ല. ഇൗ മേഖലയിൽ കടന്നുവരാൻ താൽപ്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതുതുടരും'-കിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.