ബുക് ചെയ്ത് മാസങ്ങളുടെ കാത്തിരിപ്പ്; വാഹനങ്ങൾ കൊടുത്തുതീർക്കാനാകാതെ കമ്പനികൾ -കാരണം ഇതാണ്
text_fieldsസമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് ലോകത്തെ പ്രമുഖ വാഹന കമ്പനികൾ. ആവശ്യക്കാർ ധാരാളം ഉള്ളപ്പോഴും ബുക്കിങ്ങുകൾ കുമിഞ്ഞുകൂടുമ്പോഴും വാഹനങ്ങൾ യഥാസമയം വിതരണം ചെയ്യാനാകാതെ വിഷമിക്കുകയാണിവർ.
ആഗോളതലത്തിലെ ചിപ്പ് ക്ഷാമം പരിഹരിക്കാനാവതെ തുടരുന്നതാണ് വാഹന നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയാകുന്നത്. ഒരു വർഷത്തിലധികമായി പ്രതിസന്ധി രൂക്ഷമാണ്. രാജ്യത്തെ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ 1.35 ലക്ഷം ബുക്കിങ്ങുകളാണ് കെട്ടിക്കിടക്കുന്നത്.
ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലായ ക്രെറ്റയുടെ 50,000 യൂനിറ്റുകളാണ് കൊടുത്തുതീര്‍ക്കാനുള്ളത്. കോംപാക്റ്റ് എസ്യുവിയായ വെന്യുവിന്റെ 27,000 ബുക്കിങ്ങുകളും ഹാച്ച്ബാക്ക് ഗ്രാന്‍ഡ് ഐ10 നിയോസിന്റെ 18,000 ബുക്കിങ്ങുകളും ബാക്കിയാണ്. ക്രെറ്റയ്ക്ക് ഏഴ് മാസമാണ് കാത്തിരിപ്പ് കാലാവധി. വെന്യുവിന് അഞ്ച് മാസവും ഗ്രാന്‍ഡ് ഐ10 നിയോസിന് മൂന്ന് മാസവും വെയ്റ്റിങ് പീരീഡുണ്ട്.
2019ല്‍ 510,260 യൂനിറ്റുകളാണ് ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ഇന്ത്യാ ഘടകം രാജ്യത്ത് വിറ്റഴിച്ചത്. കോവിഡ് കാരണം 2020ല്‍ വില്‍പ്പന 423,642 യൂനിറ്റുകളായി കുറഞ്ഞപ്പോള്‍ 2021ല്‍ 505,033 യൂനിറ്റായി ഉയര്‍ന്നു. ഈ വര്‍ഷം മെയ് വരെ 218,966 യൂനിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ഈ വര്‍ഷാവസാനത്തോടെ കോവിഡിന് മുമ്പത്തേക്കാള്‍ വില്‍പ്പന നേട്ടം കൈവരിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
അർധചാലക മേഖലയെ പിന്തുണയ്ക്കാൻ സർക്കാരുകളുടെ ഫണ്ടിങും പ്രോത്സാഹനവും ഉണ്ടായിരുന്നിട്ടും, നിലവിലുള്ള ചിപ്പ് പ്രതിസന്ധി ഉടൻ നീങ്ങില്ലെന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തൽ. ദശാബ്ദത്തിന്റെ അവസാനത്തോടെ ആഗോള ചിപ്പ് വ്യവസായത്തിന്റെ മൂല്യം 1 ട്രില്യൺ ഡോളറായിരിക്കുമെന്ന് മക്കിൻസി അടുത്തിടെ പ്രവചിച്ചിരുന്നു. എന്നാൽ മേഖലയിൽ നിർമാതാക്കളുടെ കുറവുണ്ട്. നിരവധി വാഹന കമ്പനികൾ സ്വന്തമായി ചിപ്പ് നിർമിക്കാനുള്ള ഒരുക്കത്തിലുമാണ്. എങ്കിലും ഈ വർഷവും അടുത്ത വർഷവും ചിപ്പ് ക്ഷാമം നിലനിൽക്കുമെന്നാണ് മേഖലയിലുള്ളവർ പറയുന്നത്.
അതേസമയം ആഭ്യന്തര, അന്താരാഷ്ട്ര വിപണിയിലെ മൊത്തവില്‍പ്പനയില്‍ 101 ശതമാനം വളര്‍ച്ച ടാറ്റാ മോട്ടോഴ്‌സ് നേടി. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ വില്‍ക്കാനായത് 2,31,248 വാഹനങ്ങളാണ്. ഇത് 2022 ന്റെ ആദ്യ പാദത്തില്‍ 1,14,784 യൂനിറ്റായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.