‘ഞാൻ ഇലക്ട്രിക് കാറുകളാൽ വഞ്ചിക്കപ്പെട്ടിരിക്കുന്നു’; ഇ.വികൾ പരിസ്ഥിതി സൗഹൃദപരമല്ലെന്ന് മിസ്റ്റർ ബീൻ നടൻ റോവാൻ ആറ്റ്കിൻസൺ
text_fieldsമിസ്റ്റർ ബീൻ എന്ന കഥാപാത്രത്തിലൂടെ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച് ഹോളിവുഡ് നടനാണ് റോവാൻ ആറ്റ്കിൻസൺ. അറിയെപ്പടുന്ന വാഹനപ്രേമികൂടിയായ ഇദ്ദേഹം ഇലക്ട്രിക്കൽ എഞ്ചിനീയർകൂടിയാണ്. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ എന്ന് പറഞ്ഞ് അവതരിപ്പിക്കുന്ന ഇ.വികൾ അങ്ങിനെയല്ലെന്നാണ് റോവാൻ ആറ്റ്കിൻസൺ തന്റെ ‘ദ ഗാർഡിയൻ’ പത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നത്. പെട്രോൾ വാഹനങ്ങൾ ഉപയോഗിക്കുന്നത് തുടരാൻ ആളുകളെ പ്രേരിപ്പിക്കുന്ന ലേഖനത്തിൽ തന്റെ ഇ.വികളുമായുള്ള ‘ഹണിമൂൺ’ അവസാനിച്ചതായും അദ്ദേഹം കുറിച്ചു.
‘ഓടുമ്പോൾ ഇലക്ട്രിക് കാറുകൾ പുറന്തള്ളുന്നത് പൂജ്യം കാർബൺ ആണെങ്കിലും, ഉൽപാദനത്തിലും നിർമ്മാണത്തിലും ഹരിതഗൃഹ വാതക ഉദ്‌വമനം പെട്രോൾ വാഹനങ്ങളേക്കാൾ 70 ശതമാനം കൂടുതലാണ്’-മിസ്റ്റർ ബീൻ നടൻ കുറിച്ചു. ‘അമിത ഭാരമുള്ള ലിഥിയം-അയൺ ബാറ്ററികൾ നിർമിക്കാൻ അപൂർവ ലോഹങ്ങളും വൻതോതിലുള്ള ഊർജ്ജവും ആവശ്യമാണ്. ഈ ബാറ്ററികളുടെ ആയുസ്സ് 10 വർഷം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
‘2030 മുതൽ പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധിക്കാൻ വിവിധ സർക്കാരുകൾ നിർദ്ദേശിച്ചിട്ടുണ്ട്. 2021-ൽ ഗ്ലാസ്‌ഗോയിൽ നടന്ന ‘കോപ് 26’ കാലാവസ്ഥാ സമ്മേളനത്തിന് മുന്നോടിയായി, ഒരു പെട്രോൾ കാർ നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന ഹരിതഗൃഹ വാതക ഉദ്‌വമനത്തേക്കാൾ 70 ശതമാനം കൂടുതലാണ് ഇ.വികൾ നിർമിക്കുമ്പോഴെന്ന് വോൾവോ കമ്പനി കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. എന്തുകൊണ്ട് അങ്ങനെ? നിലവിൽ എല്ലാ ഇലക്ട്രിക് വാഹനങ്ങളിലും ഘടിപ്പിച്ചിരിക്കുന്ന ലിഥിയം-അയൺ ബാറ്ററികളാണ് പ്രശ്‌നം. അവ വളരെയധികം ഭാരമുള്ളവയാണ്. അവ നിർമ്മിക്കാൻ അപൂർവമായ അനേകം ലോഹങ്ങളും വലിയ അളവിലുള്ള ഊർജവും ആവശ്യമാണ്. 10 വർഷത്തോളം മാത്രമാണ് അവയുടെ ആയുസ്സ്. കാലാവസ്ഥാ പ്രതിസന്ധിയ്‌ക്കെതിരായ വാഹനത്തിന്റെ പോരാട്ടത്തെ നയിക്കാനുള്ള ഹാർഡ്‌വെയറിന്റെ വികലമായ തിരഞ്ഞെടുപ്പാണിത്’-റോവാൻ ആറ്റ്കിൻസൺ തന്റെ ലേഖനത്തിൽ കുറിച്ചു.
‘18 വർഷം മുമ്പ് ഞാൻ ഇലക്ട്രിക് ഹൈബ്രിഡിലേക്കും ഒമ്പത് വർഷം മുമ്പ് പ്യുവർ ഇലക്ട്രിക്കിലേക്കും ഞാൻ മാറി.തുടക്കകാലമൊക്കെ ഞാനും ആസ്വദിച്ചിരുന്നു. എന്നാലിന്ന് എന്റെ ഇ.വികളുമായുള്ള ഹണിമൂൺ അവസാനിച്ചിരിക്കുന്നു’-അദ്ദേഹം കുറിച്ചു.
എന്നാൽ വഷളായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധിയുടെ വെളിച്ചത്തിൽ പുതിയ ഇന്ധന മാതൃകകൾ പരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഉപയോഗംപരിമിതപ്പെടുത്തണം. ഹെവി-മെറ്റൽ ബാറ്ററികൾ സോളിഡ്-സ്റ്റേറ്റ് ബാറ്ററികളോ ഹൈഡ്രജൻ ഇന്ധന സെല്ലോ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുമ്പോൾ മാത്രമേ അതിന്റെ ഗുണങ്ങൾ പരിസ്ഥിതിക്ക് യഥാർഥത്തിൽ പ്രയോജനകരമാകൂ’-അദ്ദേഹം കുറിച്ചു.
ഹൈഡ്രജൻ സെല്ലുകളാണ് ഇ.വികളേക്കാൾ പ്രയോജനകരമായ ഇന്ധനമാതൃകകളെന്നും അദ്ദേഹം എഴുതുന്നു. ‘ജെസിബി, ഹൈഡ്രജൻ എഞ്ചിനുകൾ ഉപയോഗിച്ച് വൻ മുന്നേറ്റം നടത്തി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അവ ഉൽപാദനത്തിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ട്രക്കുകൾക്ക് കരുത്ത് പകരാനുള്ള മത്സരത്തിൽ ഹൈഡ്രജൻ വിജയിക്കുകയാണെങ്കിൽ അത് വിപ്ലവകരമായിരിക്കും’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.