ഓടിക്കാൻ ലൈസൻസ് വേണ്ട, 50 കിലോമീറ്റർ റേഞ്ച്; അമ്പരപ്പിക്കുന്ന വിലക്കുറവിൽ ഒരു ഇ-ബൈക്ക്
text_fieldsഐ.ഐ.ടി-മദ്രാസിൽ നിന്നുള്ള സ്റ്റാർട്ടപ്പായ പൈ ബീം വില കുറഞ്ഞ വൈദ്യുത ബൈസൈക്കിളുമായി വിപണിയിൽ. പൈമോ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്‍റെ വില 30,000 രൂപ മാത്രമാണ്. സ്മാർട്ട്‌ഫോണുകളേക്കാളും വേഗത്തിൽ ചാർജ് ചെയ്യപ്പെടുന്ന യൂട്ടിലിറ്റി ഇ-ബൈക്കാണ് പൈമോ എന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ 50 കിലോമീറ്റർ ദൂരം പിന്നിടാൻ കഴിയുന്ന വാഹനംകൂടിയാണിത്.
വാഹനത്തിന് രജിസ്ട്രേഷനോ ഓടിക്കാൻ ലൈസൻസോ ആവശ്യമില്ല എന്നതും പ്രത്യേകതയാണ്. 90 ശതമാനം ഘടകങ്ങളും ഇന്ത്യയിൽ നിർമ്മിച്ചതിനാലാണ് വില ഇത്രയും കുറക്കാനായത്. 2021-2022 സാമ്പത്തിക വർഷത്തിൽ പൈമോയുടെ പതിനായിരത്തോളം വാഹനങ്ങൾ വിൽക്കാൻ ലക്ഷ്യമിടുന്നതായി പൈ ബീം പറയുന്നു. 'മൈക്രോ മൊബിലിറ്റി പരിഹാരങ്ങളാണ് പൈ ബീം ഇലക്ട്രിക് ലക്ഷ്യമിടുന്നതെ'ന്ന് കമ്പനി സി.ഇ.ഒ വിശാഖ് ശശികുമാർ പറഞ്ഞു.
25 കിലോമീറ്റർ വേഗതയിൽ പൈമോയിൽ സഞ്ചരിക്കാനാകും. ഇളക്കി മാറ്റാവുന്ന ബാറ്ററിയാണ് മറ്റൊരു പ്രത്യേകത. രണ്ട് ബാറ്ററികൾ ഉണ്ടെങ്കിൽ തുടർച്ചയായ സഞ്ചാരം സാധ്യമാകും. ചാർജിങ് പോയിന്‍റുകൾ ക്രമീകരിച്ച് ബാറ്ററികൾ മാറ്റിവയ്ക്കാനും സാധിക്കും. എല്ലാ പ്രായത്തിലുമുള്ള ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പൈമോ പരമ്പരാഗത പെഡൽ സൈക്കിളുകളിൽ നിന്നുള്ള അപ്‌ഗ്രേഡായാണ് കണക്കാക്കപ്പെടുന്നത്.
ഹ്രസ്വ-ദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ വാഹനമാണിത്. വലുതും സൗകര്യപ്രദവുമായ ഇരിപ്പിടവും സ്വിംഗ് ആം മെക്കാനിസവും ഡ്യുവൽ ഷോക്ക് അബ്സോർബറുകളും പൈമോയിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇ-ട്രൈക്ക്, ഇ-കാർട്ട്, ഇ-ഓട്ടോ എന്നിവയും പൈ ബീം നിർമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.