അത്ര സുരക്ഷിതമല്ല ഈ കാറുകൾ; ക്രാഷ് ടെസ്റ്റിലെ ഡി പ്ലസുകാർ ഇവർ
text_fieldsവാഹനങ്ങളിലെ സുരക്ഷ ഇന്ത്യക്കാരെ സംബന്ധിച്ച് അടുത്തകാലംവരെ ഒരു പ്രാധാന്യവും ഇല്ലാത്ത കാര്യമായിരുന്നു. നാല് വീലും എഞ്ചിനും സീറ്റും പെട്രോളടിക്കാൻ കാശുമെന്നതായിരുന്നു ശരാശരി ഭാരതീയന്‍റെ വാഹന സങ്കൽപ്പം. എന്നാലിപ്പോൾ അതല്ല സ്ഥിതി. വാഹനം വാങ്ങാൻ പോകുന്ന വലിയൊരു വിഭാഗം സേഫ്റ്റി സ്റ്റാർ റേറ്റിങ് എത്ര എന്നൊക്കെ ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതും കൂടാതെ രാജ്യത്തിന്‍റെ സ്വന്തം ക്രാഷ് ടെസ്റ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ ഇപ്പോൾ.
ഇതുവരെ ഗ്ലോബല്‍ എൻ.സി.എ.പിയിലെ സ്‌കോര്‍ നോക്കി കാര്‍ വാങ്ങിയിരുന്ന ഇന്ത്യക്കാർക്ക് സ്വന്തമായി ഒന്ന് വരാന്‍ പോകുകയാണ്. ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമിന് (ഭാരത് എൻ.സി.എ.പി) തുടക്കം കുറിച്ചത് കഴിഞ്ഞ ദിവസമാണ്. ഭാരത് എൻ.സി.എ.പിലൂടെ രാജ്യം റോഡ് സുരക്ഷയില്‍ സമൂലമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുകയാണെന്നാണ് സർക്കാർ പറയുന്നത്. 3.5 ടണ്‍ വരെ ഭാരമുള്ള മോട്ടോര്‍ വാഹനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാനും അതുവഴി ഇന്ത്യന്‍ റോഡുകള്‍ സുരക്ഷിതമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംരംഭം.
വാഹന സുരക്ഷയിൽ വലിയ വിപ്ലവങ്ങൾ നടക്കുമ്പോഴും നമ്മുടെ നാട്ടിലെ ജനപ്രിയ കാറുകൾ ക്രാഷ് ടെസ്റ്റുകളിൽ അത്ര മികച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ട് വാഹന നിർമ്മാതാക്കളാണ് ഏറ്റവും സുരക്ഷ കുറഞ്ഞ വാഹനങ്ങൾ നിർമിക്കുന്നതെന്നതാണ് രസകരം. മാരുതി സുസുകിയും ഹ്യുണ്ടായിയും ആണ് ആ നിർമാതാക്കൾ. നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന നികുതിക്കൊള്ള കാരണം വില കുറക്കുക എന്നത് നിർമാതാക്കൾക്ക് ദുഷ്കരമായ കാര്യമാണ്. ഇതിന് പകരം നിർമാണ നിലവാരം കുറക്കുകയാണ് ഇവർ ചെയ്യുക. അതാണ് സുരക്ഷ കുറയാനുള്ള പ്രധാന കാരണം. ഇന്ത്യയിലെ മോശം ക്രാഷ് ടെസ്റ്റ് റിസൾട്ടുള്ള വാഹനങ്ങൾ ഏതൊക്കെയാണെന്ന് നോക്കം.
വാഗൺ ആർ
രാജ്യത്തെ ഏറ്റവും സുരക്ഷ കുറഞ്ഞ കാറുകളിലൊന്നാണ് മാരുതി സുസുകി വാഗൺ ആർ.താങ്ങാനാവുന്ന വില, സിഗ്നേച്ചർ ടാൾബോയ് ഡിസൈൻ എന്നിവ കാരണം ഏറെ ജനപ്രിയമായ കാറാണ് വാഗൺ ആർ. എന്നാൽ സുരക്ഷയുടെ കാര്യത്തിൽ ഇവനൽപ്പം പിന്നിലാണ്. ഈ ഹാച്ച്ബാക്ക് ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ ഒരു സ്റ്റാർ മാത്രമാണ് നേടിയത്. മുതിർന്നവരുടെ സംരക്ഷണത്തിന് ഒരു സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ പൂജ്യം സ്റ്റാറുമാണ് വാഗൺ ആറിനുള്ളത്.
ആൾട്ടോ കെ10
ആദ്യ മാരുതി സുസുകി കാറായ 800 ന്റെ പാരമ്പര്യം വഹിക്കുന്ന ആൾട്ടോ കെ10, നിലവിൽ ഇന്ത്യയിൽ ലഭിക്കുന്ന വിലകുറഞ്ഞ കാറുകളിൽ ഒന്നാണ്. ഈ എൻട്രി ലെവൽ ഹാച്ച്ബാക്ക് വാഹന നിർമ്മാതാക്കളുടെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ്. എന്നാലീ വാഹനം സുരക്ഷയിൽ അൽപ്പം പിന്നിലാണ്. അഡൽറ്റ് ഒക്യുപ്പൻസി പ്രൊട്ടക്ഷൻ സെഗ്‌മെന്റിനുള്ള ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ രണ്ട് സ്റ്റാർ മാത്രമാണ് ആൾട്ടോ ചെയ്തത്. കുട്ടികളുടെ സുരക്ഷയിൽ പൂജ്യം സ്റ്റാറാണ് വാഹനത്തിനുള്ളത്.
ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ്
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ ബ്രാൻഡാണ് ഹ്യുണ്ടായ്. കൂടാതെ രാജ്യത്ത് ഏറ്റവും കൂടുതൽ ജനപ്രിയമായ മോഡലുകൾ വിൽക്കുന്ന നിർമാതാക്കളും ഇവർതന്നെ. ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ യഥാക്രമം 7.05, 15 പോയിന്റുകളോടെ രണ്ട് സ്റ്റാർ മാത്രമാണ് ഈ ഹാച്ച്ബാക്കിന് നേടാനായത്. കൂടാതെ, ഗ്രാൻഡ് i10 നിയോസിന്‍റെ ബോഡിഷെൽ അസ്ഥിരം എന്നാണ് ടെസ്റ്റിൽ കണ്ടെത്തിയത്.
സ്വിഫ്റ്റ്
മാരുതി സുസുകിയുടെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ് സ്വിഫ്റ്റ്. കൂടാതെ, രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്കുകളിൽ ഒന്നുകൂടിയാണിത്. സ്വിഫ്റ്റ് 2021ൽ കമ്പനി അപ്‌ഡേറ്റുചെയ്‌തിരുന്നു. ഹാർട്ട്‌ടെക് പ്ലാറ്റ്‌ഫോമുമായാണ് വാഹനം വരുന്നത്. വിവിധ സുരക്ഷാ ഫീച്ചറുകളും സ്വിഫ്റ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ ക്രാഷ് ടെസ്റ്റിൽ അത്ര മികച്ച പ്രകടനമല്ല വാഹനത്തിന്‍റേത്. മുതിർന്നവരുടേയും കുട്ടികളുടേയും സംരക്ഷണത്തിൽ കാർ യഥാക്രമം 7.08, 16.23 പോയിന്റുകൾ നേടി രണ്ട് സ്റ്റാറാണ് കരസ്ഥമാക്കിയത്.
റെനോ ക്വിഡ്
ചെറുതും എന്നാൽ ജനപ്രിയവുമായ ഹാച്ച്ബാക്കാണ് ഫ്രഞ്ച് വാഹന നിർമ്മാതാവായ റെനോയുടെ ക്വിഡ്. റെനോയുടെ ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും വിജയകരമായ കാറുകളിൽ ഒന്നാണ് റെനോ ക്വിഡ്. ഈ വാഹനവും സുരക്ഷയിൽ ഏറെ പിന്നിലാണ്.
മുതിർന്നവരുടേയും കുട്ടികളുടേയും സംരക്ഷണത്തിൽ ഹാച്ച്ബാക്കിന് ഒരു സ്റ്റാർ റേറ്റിങ് മാത്രമാണ് ക്രാഷ്ടെസ്റ്റിൽ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.