ഇനിമുതൽ ട്രെയിൻ ടിക്കറ്റ് കാൻസൽ ചെയ്യാതെ ‘എഡിറ്റ് ചെയ്യാം’; പുതിയ മാറ്റവുമായി ഇന്ത്യൻ റെയിൽവേ
text_fieldsയാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന മാറ്റവുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് റദ്ദാക്കാതെ തന്നെ ഒരു വ്യക്തിക്ക് ഇനി യാത്ര തീയതിയിൽ മാറ്റം വരുത്താമെന്നാണ് ഐ.ആർ.സി.ടി.സി തീരുമാനിച്ചിരിക്കുന്നത്. ഇങ്ങനെ തീയതിയിൽ മാറ്റം വരുത്തുന്നതിന് അധിക പണം നൽകേണ്ടതില്ല എന്നും റെയിൽവേ അധികൃതർ പറയുന്നു.
ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്താലും പലപ്പോഴും യാത്ര തീയതികളിൽ മാറ്റം വന്നേക്കാം. ഈ സാഹചര്യങ്ങളിൽ സാധാരണയായി ടിക്കറ്റ് റദ്ദാക്കിയ ശേഷം പുതിയ ടിക്കറ്റ് എടുക്കുകയായിരുന്നു ഇതുവരെ ചെയ്യേണ്ടിയിരുന്നത്. അങ്ങനെ വരുമ്പോൾ ടിക്കറ്റ് റദ്ദാക്കിയ ചാർജ് നൽകേണ്ടി വരും. ഇതിൽ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുകയാണ് ഇന്ത്യൻ റയിൽവേ.
ഇനിമുതൽ ടിക്കറ്റ് കാൻസൽ ചെയ്യാതെ തന്നെ ഒരാൾക്ക് യാത്രാ സമയം പരിഷ്കരിക്കാം. ഇതിനായി ട്രെയിൻ പുറപ്പെടുന്നതിന് ഏകദേശം 48 മണിക്കൂർ മുമ്പ് റിസർവേഷൻ കൗണ്ടറിൽ സ്ഥിരീകരിച്ച ടിക്കറ്റ് സറണ്ടർ ചെയ്താൽ മതിയാകും.
ടിക്കറ്റ് സമർപ്പിച്ചുകഴിഞ്ഞാൽ പുതിയ യാത്രാ തിയതിയ്ക്കായി അപേക്ഷിക്കാം. കൂടാതെ, യാത്രക്കാരൻ ആഗ്രഹിക്കുന്നുവെങ്കിൽ, ടിക്കറ്റ് ഉയർന്ന ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള അവസരവുമുണ്ട്. അപേക്ഷ ലഭിച്ചാൽ, റെയിൽവേ യാത്രാ തീയതിയിലും ക്ലാസിലും ആവശ്യമായ മാറ്റങ്ങൾ വരുത്തും.
തീയതി മാറ്റുന്നതിന് അധിക നിരക്ക് ഈടാക്കില്ല. എന്നാൽ ക്ലാസ് മാറ്റാൻ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അതിന് എത്ര നിരക്ക് വരുന്നുവോ അത് ഈടാക്കും. അതായത് ഉയർന്ന ക്ലാസ് തിരഞ്ഞെടുക്കുമ്പോൾ നിരക്കും ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.