ഓഫ് റോഡ് മത്സരത്തിനിടെ ജീപ്പ് മലക്കം മറിഞ്ഞത് നാലുതവണ; ഇവിടെയുണ്ട് വൈറലായ സാഹസിക ഡ്രൈവർ - വിഡിയോ
text_fieldsവണ്ടൂർ (മലപ്പുറം): ഓഫ് റോഡ് മത്സരത്തിനിടെ നാലുതവണ മലക്കം മറിഞ്ഞ് വീണ്ടും മലകയറുന്നൊരു ജീപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇടുക്കി വാഗമണിൽ നിന്നുള്ളതായിരുന്നു ദൃശ്യങ്ങൾ. വാഗമണിൽ നടൻ ജോജു പങ്കെടുത്ത അതേ മത്സരത്തിലാണ് ഈ 'പ്രകടന'വും നടന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങളിലെ ജീപ്പോടിച്ചത് വണ്ടൂർ പോരൂർ സ്വദേശിയായിരുന്നു.
ചെറുകോട് കറുത്തേടത്ത് പരേതനായ പോക്കർ-ഹഫ്സത്ത് ദമ്പതികളുടെ ആറ് മക്കളിൽ ഇളയവനായ സാബിർ സാദ് എന്ന 24 വയസ്സുകാരനായിരുന്നു ആ ഡ്രൈവർ. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് സാബിർ ഓഫ് റോഡിൽ സജീവമാകുന്നത്. ഇതിനകം നാൽപതോളം ഓഫ് റോഡ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. പങ്കെടുക്കുക മാത്രമല്ല മിക്കതിലും ഒന്നും രണ്ടും സ്ഥാനങ്ങളും നേടാറുണ്ട്.
വാഹന കച്ചവടക്കാരായ മാതാവിന്‍റെ സഹോദരങ്ങൾക്കൊപ്പമായിരുന്നു സാബിർ വളർന്നത്. കെ എൽ 10 ഓഫ് റോഡ് ക്ലബിൽ അംഗമായ സാബിർ ജില്ലയിലെയും ജില്ലക്ക് പുറത്തുമുള്ള മിക്ക മലകളും കീഴടക്കിയിട്ടുണ്ട്. പെട്രോൾ മാരുതി ജിപ്സിയും 1969 മോഡൽ ഡീസൽ വില്ലീസും സാബിറിന് സ്വന്തമായുണ്ട്.
ഇതിനകം നാൽപതോളം ഇവന്‍റുകളിൽ പങ്കെടുത്ത് പല തവണ മറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ചെറിയ മുറിവ് പോലും പറ്റിട്ടിയില്ലെന്ന് സാബിർ പറയുന്നു. ഓഫ് റോഡിനുപുറമേ റാലിയിലും സാബിർ പങ്കെടുത്തിട്ടുണ്ട്. ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ഓഫ് റോഡ് മത്സരത്തിൽ പങ്കെടുക്കാനുള്ള തീരുമാനത്തിലാണ് ഈ 24 കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.