ദീപാവലി ബോണസ് പ്രതീക്ഷിച്ച് എത്തി; ജീവനക്കാരെ ഞെട്ടിച്ച് സമ്മാനപ്പെരുമഴയൊരുക്കി ജുവല്ലറി ഉടമ
text_fieldsചെറിയതുക ദീപാവലി ബോണസ് പ്രതീക്ഷിച്ചെത്തിയ ജീവനക്കാരെ സമ്മാനപ്പെരുമഴ ഒരുക്കി ഞെട്ടിച്ച് ജുവല്ലറി ഉടമ. ചെന്നൈ ടി നഗറിലെ ചല്ലാനി ജൂവലറി ഉടമ ജയന്തിലാല്‍ ചല്ലാനിയാണ് 'സര്‍പ്രൈസ്' ഒരുക്കിയത്. എട്ട് കാര്‍, 18 ബൈക്ക് എന്നിവയാണ് ജൂവലറിയുടെ ദീപാവലി ആഘോഷപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജീവനക്കാർക്ക് നൽകിയത്. ഒന്നരക്കോടിയോളം രൂപയുടെ സമ്മാനങ്ങൾ ഇത്തരത്തിൽ നൽകിയിട്ടുണ്ട്.
ഒമ്പത് വര്‍ഷം മുമ്പാണ് ചല്ലാനി ജൂവലറി ചെന്നൈ ടി നഗറില്‍ പ്രവര്‍ത്തനം തുടങ്ങിയത്. അന്നുമുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ജീവനക്കാര്‍ക്കാണ് മാരുതി സ്വിഫ്റ്റ് കാര്‍ നല്‍കിയത്. മറ്റുള്ളവരില്‍ ഒമ്പതുപേര്‍ക്ക് വീതം ഹോണ്ട ഷൈന്‍ ബൈക്കും ഹോണ്ടാ ആക്ടിവ സ്‌കൂട്ടറും നല്‍കി. തന്റെ സ്ഥാപനത്തിന്റെ വിജയത്തിന് പ്രധാനകാരണം അര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരാണെന്നും അവരെ സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് കരുതുന്നതെന്നും ജയന്തിലാല്‍ പറഞ്ഞു.
'ഇത് അവരുടെ ജോലിയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ജീവിതത്തിൽ എന്തെങ്കിലും പ്രത്യേകതകൾ കൂട്ടിച്ചേർക്കുന്നതിനുമാണ്. എന്റെ ബിസിനസ്സിലെ എല്ലാ ഉയർച്ച താഴ്ചകളിലും അവർ എന്നോടൊപ്പം പ്രവർത്തിക്കുകയും ലാഭം നേടാൻ എന്നെ സഹായിക്കുകയും ചെയ്‍തു'- ജയന്തിലാല്‍ പറഞ്ഞു.
'അവർ വെറും ജോലിക്കാരല്ല, എന്റെ കുടുംബമാണ്. അതിനാൽ, അവർക്ക് അത്തരം സർപ്രൈസുകൾ നൽകി അവരെ എന്റെ കുടുംബാംഗങ്ങളെപ്പോലെ പരിഗണിക്കാൻ ഞാൻ ആഗ്രഹിച്ചു. ഇതിന് ശേഷം ഞാൻ നിറഞ്ഞ ഹൃദയത്തോടെ സന്തോഷിക്കുന്നു. ഓരോ ഉടമയും അവരുടെ ജീവനക്കാരെയും സഹപ്രവർത്തകരെയും സമ്മാനങ്ങൾ നൽകി ബഹുമാനിക്കണം' ജയന്തി ലാല്‍ വ്യക്തമാക്കുന്നു.
ജൂവലറിയുടെ തുടക്കക്കാലത്ത് ഏറെപ്രതിസന്ധികള്‍ നേരിട്ടു. പിന്നീട് പടിപടിയായി വ്യാപാരം മെച്ചപ്പെട്ടുകയായിരുന്നു. കോവിഡ് കാലത്തെ പ്രതിസന്ധിഘട്ടത്തിലും ജീവനക്കാര്‍ സ്ഥാപനത്തിന് ഒപ്പം നിന്നുവെന്നും അതിനാലാണ് ഇത്തരം ഒരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചതെന്നും ജയന്തിലാല്‍ പറയുന്നു. കാറും ബൈക്കും സ്‌കൂട്ടറും നേരത്തേ തന്നെ വാങ്ങിവെച്ചിരുന്നുവെങ്കിലും ജീവനക്കാരെ ആരെയും ഇക്കാര്യം അറിയിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.