പാലസ് ഗാർഡിൽ നിന്ന് മൗണ്ടഡ് പൊലീസിലേക്ക്; കേരള പൊലീസിന്‍റെ ഏറ്റവും പഴക്കം ചെന്ന 'വാഹനം' ഇവരാണ്
text_fieldsകേരള പൊലീസിന്‍റെ ഏറ്റവും പഴക്കം ചെന്ന 'വാഹനം' ഏതാണെന്ന ചോദ്യത്തിന് കുതിരകളെന്ന് സാമാന്യമായി പറയാം. തിരുവനന്തപുരം നഗരത്തിൽ പോലീസ് സേനയുടെ പ്രൗഢി വിളിച്ചോതുന്ന കുതിരക്കുളമ്പടിയൊച്ചക്ക് വർഷം അറുപത് പിന്നിടുകയാണ്. ഗതകാലസ്മരണകളിൽ അനന്തപുരിയുടെ രാജവീഥികളെ പ്രകമ്പനം കൊള്ളിച്ചിരുന്ന കുതിരപ്പട്ടാളം ഇന്ന് കേരള പോലീസിന് രാജകീയ പ്രൗഢി ചാർത്തുന്ന സേനാഘടകമാണ്. ആകർഷകത്വവും ഗാംഭീര്യവും കൊണ്ട് ജനശ്രദ്ധ നേടിയതാണ് അശ്വാരൂഢസേനയെന്ന കുതിരപ്പൊലീസ്. വിശിഷ്ട ചടങ്ങുകൾക്ക് പ്രൗഢിയേകുന്നതിന് കുതിരപ്പോലീസ് ഇന്നും ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്.
1880 ൽ തിരുവിതാംകൂർ രാജാവിന്‍റെ കാലത്ത് രാജപ്രമുഖന്മാരുടെ അംഗരക്ഷകരെന്ന പേരിലാണ് അശ്വാരൂഢസേനയ്ക്ക് തുടക്കമിടുന്നത്. പിന്നീടത് 'പാലസ് ഗാർഡ്' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. 1961ലാണ് സേനയുടെ കരുത്ത് കൂട്ടി മൗണ്ടഡ് പൊലീസ് എന്ന പേരിൽ ഇവർ കേരള പൊലീസിന്റെ ഭാഗമായത്. ബ്രിഗേഡിയർ ഡബ്ല്യു.ഡി.കേച്ചൻ അന്നത്തെ കുതിരപ്പൊലീസിന് വേണ്ടി തിരുവനന്തപുരത്ത് പാളയം കന്റോൺമെന്റ് പോലീസ് ക്യാമ്പ് സ്ഥാപിച്ചത് ആ കാലഘട്ടത്തിലാണ്. 1961ലാണ് 'മൗണ്ടഡ് പോലീസ്' എന്ന പേരിൽ ഇന്നു കാണുന്ന അശ്വാരൂഢസേനയുടെ രൂപമാറ്റമുണ്ടായത് .
രാജഭരണകാലത്ത് തുർക്കിയിൽ നിന്നും മറ്റുമാണ് കുതിരകളെ എത്തിച്ചിരുന്നത്. ഇന്ന് ജയ്‌പൂർ, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നും എത്തിക്കുന്നു. കുതിരകളുടെ ആരോഗ്യപരിരക്ഷണത്തിനു മൃഗഡോക്ടറും പരിപാലിക്കുന്നത്തിന് ആധുനിക സൗകര്യങ്ങളോടുകൂടിയ ലായങ്ങളും കുതിരകൾക്കാവശ്യമായ ലാടങ്ങൾ നിർമ്മിക്കാൻ പ്രത്യേക ആലയും അതിനു വേണ്ട ജീവനക്കാരും ഇവിടെയുണ്ട്.
രാജഭരണ കാലഘട്ടത്തിൽ പാളയം ബോഡിഗാർഡ് സ്‌ക്വയറിലായിരുന്നു പ്രവർത്തനമെങ്കിൽ ഇന്നത് തിരുവനന്തപുരം കണ്ണേറ്റുമുക്കിലെ 1.14 ഏക്കറിലാണ്. രാജപ്രമുഖരുടെ ബോഡിഗാർഡുമാരായി തുടങ്ങിയവർ ഇന്ന് അകമ്പടി സേവകരായും സുരക്ഷാഭടന്മാരായും രാജവീഥികളിൽ ദിനവും റോന്തുചുറ്റുന്നുണ്ട്. മുമ്പ് രാജാക്കന്മാരായിരുന്നു സേനയെ നിയന്ത്രിച്ചിരുന്നതെങ്കിൽ ഇന്നത് സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവാദിത്വമാണ്. 25 കുതിരകളാണ് നിലവിൽ അശ്വാരൂഢസേനയിൽ ഉള്ളത്. രണ്ടു വർഷം മുമ്പ് സേനയിലേക്ക് വാങ്ങിയ 9 കുതിരകൾക്ക് 3-4 വയസാണ് പ്രായം. 10 പേർ 10 നും 13 നും ഇടയിൽ പ്രായമുള്ളവരാണ്. ബാക്കിയുള്ളവർക്ക് 20 വയസുണ്ട്. 20-മുതൽ 25വർഷം വരെയാണ് കുതിരകളുടെ ആയുസ്. ഇവയുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരു അസിസ്റ്റന്റ് ഡയറക്ടറും (വെറ്ററിനറി) ഒരു ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറുമുണ്ട്. ഇവർക്കൊപ്പം 60 ഉദ്യോഗസ്ഥരും സേനയുടെ ഭാഗമാണ്.
റിപ്പബ്ലിക് ദിനപരേഡ്, സ്വാതന്ത്ര്യദിന പരേഡ്, സർക്കാരിന്റെ ഘോഷയാത്രകൾ, രാവിലെയും വൈകിട്ടും രാത്രിയിലുമുളള പട്രോൾ ഡ്യൂട്ടികൾ എന്നിവ പ്രധാന ജോലികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.