കെ.എസ്.ആര്‍.ടി.സി ജനങ്ങളുടേത്; നഷ്ടം നികത്താന്‍ യാത്ര ചെയ്ത് സഹകരിക്കണമെന്ന് മന്ത്രി ആന്റണി രാജു
text_fieldsകെ.എസ്.ആര്‍.ടി.സി ജനങ്ങളുടേതാണെന്നും ബസുകളില്‍ യാത്ര ചെയ്ത് സ്ഥാപനത്തിന്റെ നഷ്ടം നികത്താന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി ആന്റണി രാജു. പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനല്‍ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആര്‍.ടി.സി വാങ്ങുന്ന പുതിയ സൂപ്പര്‍ക്‌ളാസ് ബസുകള്‍ എത്തിയാല്‍ ഇവ ഓടിക്കാന്‍ പാലക്കാടിനെയും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പാലക്കാട് ജില്ലയിലും കെ.എസ്.ആര്‍.ടി.സി.യുടെ ഗ്രാമവണ്ടികള്‍ ആരംഭിക്കും. എം.എല്‍.എ. ഫണ്ടില്‍നിന്ന് മുഴുവന്‍ തുകയും ഈ പദ്ധതിക്ക് നീക്കിവെക്കാന്‍ തയ്യാറായ ഷാഫി പറന്പില്‍ എം.എല്‍.എ.യെ മന്ത്രി അഭിനന്ദിച്ചു.
പാലക്കാടിന്റെ വിസ്മയമാണ് പുതിയ ബസ് ടെര്‍മിനലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പാലക്കാട് ഡിപ്പോയില്‍ പാലക്കാട്ടുകാരായ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനായാല്‍ കൂടുതല്‍ വികസനം സാധ്യമാകുമെന്ന് വി.കെ. ശ്രീകണ്ഠന്‍ എം.പി. പറഞ്ഞു. ജില്ലയില്‍ കൂടുതല്‍ വിനോദസഞ്ചാര സര്‍വീസ് ആരംഭിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.
ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, വാര്‍ഡ് കൗണ്‍സിലര്‍ ഇ. ഫയ്‌റോജ, കെ.എസ്.ആര്‍.ടി.സി. ഓപ്പറേഷന്‍ എക്‌സി. ഡയറക്ടര്‍ ജി.പി. പ്രദീപ് കുമാര്‍, നോര്‍ത്ത് സോണ്‍ എക്‌സി. ഡയറക്ടര്‍ പി.എം. ഷറഫ് മുഹമ്മദ്, കെ.എസ്.ആര്‍.ടി.ഇ.എ. (സി.ഐ.ടി.യു.) സംസ്ഥാനസെക്രട്ടറി പി.എസ്. മഹേഷ്, കെ.എസ്.ടി. വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) സംസ്ഥാനസെക്രട്ടറി എം. ഷൗക്കത്തലി, കെ.എസ്.ടി.ഇ.എസ്. (ബി.എം.എസ്.) സംസ്ഥാനസെക്രട്ടറി കെ. രാജേഷ്, കെ.എസ്.ആര്‍.ടി.സി. ക്‌ളസ്റ്റര്‍ ഓഫീസര്‍ ടി.എ. ഉബൈദ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.