‘മാരുതിയുടെ നടപടി നിരുത്തരവാദപരം’; ജിംനിയുടെ പരസ്യ ചിത്രീകരണത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി എംപി
text_fieldsമാരുതിയുടെ ഏറ്റവും പുതിയ ലൈഫ്‌സ്റ്റൈല്‍ എസ്.യു.വിയായ ജിംനിയുടെ പരസ്യ ചിത്രീകരണത്തെച്ചൊല്ലി വിവാദം. 'ദുര്‍ബലമായ ആവാസവ്യവസ്ഥ'യില്‍ പരസ്യം ചിത്രീകരിച്ചെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ലഡാക്കിനെ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്ന ബി.ജെ.പി അംഗം ജംയാങ് സെറിംഗ് നംഗ്യാല്‍ ആണ് ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ജിംനിയുടെ പരസ്യ ചിത്രീകരണത്തിന്റെ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ലഡാക്കിലെ പ്രശസ്തമായ പാംഗോങ് തടാകത്തിലൂടെ ജിംനി ഓടിക്കുന്നതായിരുന്നു വിഡിയോയിലുള്ളത്. ഇന്ത്യയിലും ചൈനയിലുമായി കിടക്കുന്ന തടാകമാണ് പാന്‍ഗോങ് തടാകം.
തടാകത്തിന്റെ 45 കിലോമീറ്റര്‍ ഇന്ത്യയിലും 90 കിലോമീറ്റര്‍ ചൈനയിലുമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളുടെ പരസ്യ ചിത്രീകരണത്തെ നിരുത്തരവാദപരമെന്നാണ് ലഡാക്ക് എം.പി വിശേഷിപ്പിച്ചത്. 'മാരുതിയുടെ നിരുത്തരവാദപരമായ പരസ്യ ചിത്രകരണ നടപടിയെ ഞാന്‍ അപലപിക്കുന്നു. വാണിജ്യ ലാഭത്തിനുവേണ്ടി ദുര്‍ബലമായ ആവാസവ്യവസ്ഥയെ നശിപ്പിക്കരുത്. ഷൂട്ടിങ് നിര്‍ത്തിവയ്ക്കാനും ആവശ്യമായ നിയമനടപടി സ്വീകരിക്കാനും ഞാന്‍ ഭരണകൂടത്തോട് അഭ്യര്‍ഥിക്കുന്നു. ഭാവി തലമുറക്കായി ലഡാക്കിന്റെ അതുല്യമായ സൗന്ദര്യം സംരക്ഷിക്കാം’ നംഗ്യാല്‍ ട്വിറ്ററില്‍ കുറിച്ചു.
പരസ്യ വിഡിയോ ഇന്റര്‍നെറ്റില്‍ വൈറലായെങ്കിലും നെറ്റിസണ്‍സില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. വെല്ലുവിളികള്‍ നിറഞ്ഞ പ്രതലങ്ങളില്‍ മാരുതി ജിംനിയുടെ പെര്‍ഫോമന്‍സ് കാണിക്കാനാണ് പരസ്യ ചിത്രത്തിലൂടെ ഉദ്ദേശിച്ചത്. ചിലര്‍ പരസ്യചിത്രത്തില്‍ തെറ്റുകള്‍ ഒന്നുമില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ചിലര്‍ അനുചിതം എന്നാണ് വിശേഷിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇതുപോലെ ലഡാക്കിലെ പാംഗോങ് തടാകത്തിലൂടെ ഒരു കൂട്ടം വിനോദസഞ്ചാരികള്‍ എസ്‌യുവി ഓടിക്കുന്ന വീഡിയോ വൈറലായിരുന്നു. സണ്‍റൂഫിന് വെളിയില്‍ രണ്ടുപേര്‍ നില്‍ക്കുന്നതും ഒരാള്‍ വിക്ടറി ചിഹ്നം കാണിച്ച് തടാകത്തിലൂടെ കാര്‍ ഓടിക്കുന്നതുമാണ് വിഡിയോയില്‍ ഉണ്ടായിരുന്നത്. വെള്ളത്തില്‍ ഒരു ചെറിയ മേശയില്‍ ഭക്ഷണവും മദ്യവും ഒരുക്കി വെച്ചിരിക്കുന്നതും കാണാമായിരുന്നു.
ഈ വര്‍ഷം ജനുവരിയില്‍ നടന്ന 2023 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് മാരുതി സുസുക്കി ജിംനി 5 ഡോര്‍ അവതരിപ്പിച്ചത്. ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവിക്ക് ഒപ്പമായിരുന്നു ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ അവതരണം. ജിംനിയുടെ അവതരിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ തന്നെ ബുക്കിംഗും ഔപചാരികമായി ആരംഭിച്ചിരുന്നു. ഓണ്‍ലൈനായോ മാരുതിയുടെ നെക്‌സ ഡീലര്‍ഷിപ്പ് വഴിയോ 25000 രൂപ ടോക്കണ്‍ തുക നല്‍കി ജിംനി ഇപ്പോള്‍ ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.