മൂന്ന് വർഷം, 15000 ഉറുസുകൾ,പരിചയപ്പെടാം ലാംബോയുടെ സൂപ്പർ എസ്.യു.വിയെ
text_fields15000 ഉറൂസുകളെ നിരത്തിലെത്തിച്ച് ലംബോർഗിനി. പുറത്തിറങ്ങി മൂന്ന് വർഷംകൊണ്ടാണ് ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളെ ഇൗ നേട്ടം തേടിയെത്തുന്നത്. 15,000ാമത്തെ ഉറുസ് ബ്രിട്ടീഷ് വിപണിക്കുവേണ്ടിയാണ് നിർമിച്ചിരിക്കുന്നത്. ഗ്രാഫൈറ്റ് കാപ്സ്യൂൾ വകഭേദമായ ഇവക്ക് പ്രത്യേക നിറങ്ങളും ഫിനിഷുകളും നൽകിയിട്ടുണ്ട്. എവരിഡേ ലാംബോ എന്നറിയെപ്പടുന്ന ഉറുസിന്‍റെ നൂറിലധികം യൂനിറ്റുകൾ ഇന്ത്യയിലും വിറ്റഴിച്ചിട്ടുണ്ട്.
ആഴ്ചയിൽ ഒരു ഉറുസ് എന്ന നിരക്കിൽ ഇന്ത്യയിൽ വാഹനം വിൽക്കുന്നുണ്ട്. ഉറുസ് വാങ്ങുന്നവരിലധികവും ആദ്യമായാണ് ഒരു ലംബോർഗി ഉപയോഗിക്കുന്നത് എന്നതും ഇന്ത്യയിലെ ഭൂരിഭാഗം ഉറുസ് ഉടമകളും തിരെഞ്ഞടുക്കുന്നത് സ്‌പോർട്ടി നിറങ്ങളാണെന്നതും എടുത്തുപറയേണ്ടതാണ്. വെള്ള, ചാരനിറത്തിലുള്ള ഷേഡുകൾ രാജ്യത്ത് അത്ര പ്രിയങ്കരമല്ലെന്നർഥം. മഞ്ഞയാണ് ഉറുസുകളിൽ ഏറ്റവും ജനപ്രിയമായ നിറം. ഇരട്ട നിറങ്ങളിലും ഉറുസുകൾ ലഭ്യമാകും.
തുടക്കംമുതൽതന്നെ ഹുറാകാൻ, അവന്ത്ഡോർ തുടങ്ങിയ സൂപ്പർകാറുകളെ പിന്നിലാക്കി ഉറുസ്, ലംബോർഗിനിക്കായി കുതിപ്പ് ആരംഭിച്ചിരുന്നു. 2021 ആദ്യ പകുതിയിൽ ലോകമെമ്പാടുമുള്ള 2,796 പേരാണ് ഉറുസുകൾ വാങ്ങിയത്. കോവിഡ് കാലയളവിൽ ലംബോർഗിനിയുടെ വൻ വിൽപ്പന വർധനവിന് ഇത് കാരണമായിരുന്നു. 2020 െൻറ ആദ്യ പകുതിയെ അപേക്ഷിച്ച് 37 ശതമാനം വിൽപ്പനയാണ് 2021 ൽ ഉണ്ടായത്.
650 എച്ച്പി കരുത്തും 850 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി 8 പെട്രോൾ എഞ്ചിനാണ് ഉറുസിന് കരുത്തുപകരുന്നത്. നാല് ചക്രങ്ങളിലേക്കും കരുത്ത് കൈമാറുന്നത് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ്. 2.2 ടൺ ഭാരമുള്ള ഈ സൂപ്പർ എസ്‌യുവിക്ക് 305 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിവുണ്ട്. 3.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത ആർജിക്കാനും ഉറൂസിനാകും.
സൗന്ദര്യവർദ്ധക വസ്‌തുക്കൾ, സവിശേഷതകൾ, പ്രകടന അപ്‌ഗ്രേഡുകൾ എന്നിവയ്‌ക്കായി ലംബോർഗിനി ഒന്നിലധികം പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വാങ്ങുന്നവരുടെ അഭിരുചിക്കനുസരിച്ച് വാഹനം ക്രമീകരിക്കാനുമാകും. സ്റ്റാൻഡേർഡ് ഉറുസിന്‍റെ വില 3.15 കോടി രൂപയാണ് (എക്സ്-ഷോറൂം, ഇന്ത്യ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.