ഓട്ടോയിൽ ഇടിച്ച ലംബോർഗിനി ഉറുസ് ‘പപ്പടമായോ’; വൈറൽ ചിത്രങ്ങൾക്ക് പിന്നിലെ യാഥാർഥ്യം ഇതാണ്
text_fieldsനമ്മുടെ യാത്രകളുടെ രണ്ട് എക്സ്ട്രീം ലെവലുകളാണ് ഓട്ടോറിക്ഷയും ലംബോർഗിന് ഉറുസും. ഒന്ന് സാധാരണക്കാരുടെ വാഹനമാണെങ്കിൽ മറ്റൊന്ന് ലോകത്തിലെ ഏറ്റവും വിലകൂടിയ സൂപ്പർ എസ്.യു.വിയാണ്. ഒന്നിന് ആയിരക്കണക്കിന് രൂപ മാത്രമാണ് വിലയെങ്കിൽ രണ്ടാമത്തേതിന് കോടികൾ വിലവരും. ഇത്തരം രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാൽ എന്തുസംഭവിക്കും എന്ന് അറിയുന്നത് കൗതുകകരമാണ്.
അത്തരം ഒരു അപകടമാണ് സംഭവിച്ചിരിക്കുന്നത് ഡൽഹിയിലാണ്. ലംബോർഗിനി ഉറൂസും ഓട്ടോറിക്ഷയുമായി റോഡിൽവച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഡൽഹിയിലെ ചിരാഗ് ഡില്ലി ഏരിയയിലാണ് അപകടം നടന്നത്. രാജ്ബീർ സർദാന എന്ന യുവാവ് ഉറുസിൽ സുഹൃത്തിനൊപ്പം പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു. ചിരാഗ് ഡില്ലി മേൽപ്പാലത്തിൽ വാഹനം നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ചു. അപകടത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഉറുസിലെ യാത്രക്കാർക്ക് പരിക്കൊന്നും ഏറ്റിട്ടില്ല.
ഓട്ടോറിക്ഷയിലെ യാത്രക്കാരൻ ഒരു എയർലൈൻ കമ്പനിയിലെ എഞ്ചിനീയറായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അദ്ദേഹം ജോലിക്കായി ഐജിഐ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. ഡ്രൈവറെയും യാത്രക്കാരനെയും അപ്പോൾ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലംബോർഗിനി ഉറൂസിന്റെ ഇടതുവശം ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിച്ചിട്ടുണ്ട്. മഴയുള്ള സമയത്തായിരുന്നു അപകടം. ഓട്ടോറിക്ഷയുടെ പിൻഭാഗത്തിനും ക്യാബിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ രസകരമായ കാര്യം ഉറുസിന്‍റെ അവസ്ഥയാണ്. അപകടത്തിൽ ഉറുസിന്റെ ഇടത് ഫെൻഡറും ബമ്പറും ഹെഡ്‌ലാമ്പും തകർന്നു. എസ്‌യുവിയുടെ അലോയ് വീലുകൾക്കും ടയറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കുറഞ്ഞത് 10 ലക്ഷം രൂപയുടെ നഷ്ടം ഉറുസിന് ആകുമെന്നാണ് കണക്കുകൾ.
പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഉറുസ് ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതാണോയെന്ന് അന്വേഷിക്കുമെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവറെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽ പിന്നീട് വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.