ഒന്നിൽ കൂടുതൽ വർഷത്തേക്ക് വാഹന ഇൻഷുറൻസ്; സാധ്യതതേടി റെഗുലേറ്ററി അതോറിറ്റി
text_fieldsഒന്നിൽ കൂടുതൽ വർഷത്തേക്കുള്ള വാഹന ഇന്‍ഷുറന്‍സ് പദ്ധതിക്ക് അനുമതിനല്‍കുന്നതില്‍ അഭിപ്രായം തേടി ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റിയായ ഐ.ആര്‍.ഡി.എ.ഐ. കാറുകള്‍ക്ക് മൂന്നുവര്‍ഷത്തെയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെയും കാലാവധിയുള്ള ഇൻഷുറൻസ് ആണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. ഇക്കാര്യങ്ങളില്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായമറിയിക്കാന്‍ ഡിസംബര്‍ 22 വരെയാണ് സമയമനുവദിച്ചിട്ടുള്ളത്.
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ പോളിസി തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ പദ്ധതി സംബന്ധിച്ച കരട് രേഖ ഐ.ആര്‍.ഡി.എ.ഐ. പുറത്തിറക്കി. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, ഓണ്‍ ഡാമേജ് ഇന്‍ഷുറന്‍സ് എന്നീ രണ്ടുസ്‌കീമുകളിലും ദീര്‍ഘകാല വാഹന ഇന്‍ഷുറന്‍സ് അവതരിപ്പിക്കാനാണ് നീക്കം. രണ്ട് പദ്ധതികളിലും കാലാവധിയനുസരിച്ച് പ്രീമിയം ചേരുന്ന സമയത്ത് തീരുമാനിക്കും. അപകടസാധ്യതകളുടെയും മുന്‍കാല ക്ലെയിമുകളുടെയും കണക്കുകള്‍ അടിസ്ഥാനമാക്കി, ദീര്‍ഘകാലപദ്ധതിയെന്നനിലയില്‍ ഇളവുകള്‍ നല്‍കിക്കൊണ്ട് മികച്ച രീതിയില്‍ പ്രീമിയം നിശ്ചയിക്കപ്പെടണമെന്നാണ് കരടില്‍ നിര്‍ദേശിക്കുന്നത്.
നിലവില്‍ ഒരുവര്‍ഷക്കാലയളവിലുള്ള പോളിസികളിലുള്ള ക്ലെയിം ചെയ്യാത്തതിനുള്ള ബോണസ് ദീര്‍ഘകാല പോളിസികള്‍ക്കും ബാധകമാകും. പോളിസി കാലാവധി തീരുമ്പോഴാണ് ബോണസ് കണക്കാക്കാറ്. ദീര്‍ഘകാലപോളിസിയിലും ഇതേ രീതിയാണ് പരിഗണിക്കുക.
കാലാവധിയൊന്നാകെയുള്ള പ്രീമിയം തുടക്കത്തില്‍ ഈടാക്കും. എന്നാല്‍, അതതുവര്‍ഷത്തെ പ്രീമിയം തുകയാണ് വരുമാനമായി കമ്പനിക്ക് കാണാനാവുക. ബാക്കിത്തുക പ്രീമിയം നിക്ഷേപം അല്ലെങ്കില്‍ മുന്‍കൂറായുള്ള പ്രീമിയം എന്ന രീതിയിലായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.