പുത്തൻ ഹാർലി ഡേവിഡ്സന്റെ ചൈനീസ് കണക്ഷനുകൾ; ഹരം പകരാൻ ഹാർലിയെത്തുമ്പോൾ, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
text_fieldsനാടുവിട്ടുപോയ ഹാർലി ഡേവിഡ്സൺ പുതിയ രൂപത്തിലും ഭാവത്തിലും ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. ഹീറോയുടെ ചിറകിലേറിയാണ് ഹാർലിയുടെ രണ്ടാംവരവ്. പുത്തൻ ഹാർലിയെത്തുമ്പോൾ വാഹനപ്രേമികൾക്കുണ്ടാകുന്ന ഏറ്റവുംവലിയ സംശയം ഇതിന്റെ ഡി.എൻ.എ പരമ്പരാഗത അമേരിക്കൻ ക്രൂസറുകൾക്ക് സമാനമാകുമോ എന്നാണ്. കാരണം ചൈനീസ് മാർക്കറ്റിൽ നിന്നാണ് ഹാർലിയുടെ രണ്ടാംവരവ് എന്നത് ചില സംശയങ്ങൾ ഉണ്ടാക്കുന്നുണ്ട്. പരിശോധിക്കാം ഹാർലി ഡേവിഡ്സൺ എക്സ് 440 യുടെ കൂടുതൽ വിശേഷങ്ങൾ.
ബൈക്ക് പ്രേമികളായ യുവാക്കളുടെ സ്വപ്നങ്ങളില്‍ ഒന്നായിരിക്കും ഒരു ഹാർലി ഡേവിഡ്സൺ സ്വന്തമാക്കുകയെന്നത്. ഇപ്പോഴതിനുള്ള അവസരം ഒരുങ്ങുകയാണ്. കാരണം ചരിത്രത്തിലെ ഏറ്റവും വിലകുറഞ്ഞ ഹാർലിയാണ് ഇന്ത്യയിൽ വരാൻപോകുന്നത്. ഹാര്‍ലി ഡേവിഡ്‌സണ്‍ എക്സ് 440 എന്ന് പേരിട്ടിരിക്കുന്ന ഈ സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിള്‍ അടുത്ത മാസം മൂന്നാം തീയതി അരങ്ങേറ്റം കുറിക്കും.
നിർമാണം
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ പിന്തുണയോടെയാണ് ഹാര്‍ലി വീണ്ടും കളത്തിലിറങ്ങുന്നത്. ഹീറോയുമായി കൈകോര്‍ത്ത് നിര്‍മിച്ച ബൈക്ക് ഹാര്‍ലിയുടെ ഡി.എൻ.എ പേറുന്നതാണ്. XR1200 സ്‌പോര്‍ട്‌സ്റ്റര്‍ മോട്ടോര്‍സൈക്കിളിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പുതിയ ഹാര്‍ലി ഡേവിഡ്‌സണ്‍ X 440 മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പന.
സമീപകാലത്ത് പുറത്തുവന്ന ചിത്രങ്ങള്‍ ബൈക്കിന്റെ പ്രീമിയം നിര്‍മാണ നിലവാരത്തെയാണ് കാണിക്കുന്നത്. പ്രീമിയം ലുക്കിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റുകളും ടെയില്‍ലൈറ്റുകളും ഉള്‍പ്പെടെ ഡിസൈന്‍ മികവുപുലർത്തുന്ന വാഹനമാണിത്. സിംഗിള്‍-പോഡ് എൽ.സി.ഡി യൂനിറ്റായിരിക്കും എക്സ് 440-ന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. ഇത് എതിരാളികളില്‍ നിന്ന് പുതിയ ഹാര്‍ലി ബൈക്കിനെ വ്യത്യസ്തനാക്കുന്നു.
എഞ്ചിൻ
440 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന് കരുത്തുപകരുന്നത്. ഇതൊരു ഓയില്‍ കൂള്‍ഡ് എഞ്ചിനായിരിക്കും. സാധാരണയായി 350 മുതല്‍ 400 സിസി എഞ്ചിന്‍ ശേഷിയുള്ള ബൈക്കുകള്‍ 20 മുതല്‍ 28 bhp പവറാണ് സൃഷ്ടിക്കുക. 25 മുതല്‍ 27 Nm വരെയായാണ് ടോര്‍ക്ക് കണക്കുകള്‍ വരാറുള്ളത്. എന്നാല്‍ പുതിയ ഹാര്‍ലിക്ക് കുറച്ച് കൂടി വലിയ എഞ്ചിന്‍ ആയതിനാല്‍ എതിരാളികളേക്കാള്‍ മികച്ച പവര്‍ ഔട്ട്പുട്ട് നല്‍കാന്‍ സാധ്യതയുണ്ട്.
സിംഗിള്‍-ഡൗണ്‍ട്യൂബ് ട്യൂബുലാര്‍ ഫ്രെയിം ഷാസിയിലാണ് ഹാര്‍ലി എക്സ് 440 നിര്‍മിച്ചിരിക്കുന്നത്. മുന്‍വശത്ത് അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോര്‍ക്കുകളും പിന്‍വശത്ത് ട്വിന്‍-ഷോക്ക്അബ്സോര്‍ബറുകളും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കും. ബ്രെംബോയുടെ വിലകുറഞ്ഞ ബ്രാൻഡായ ബൈ ബ്രേ ആണ് അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോര്‍ക്കുകൾ സെപ്ലെ ചെയ്യുന്നത്.
സുരക്ഷ
ഡ്യുവല്‍ ചാനല്‍ എബിഎസുകളോട് കൂടിയ ബൈബ്രെ ബ്രേക്കുകള്‍ സ്‌റ്റോപ്പിംഗ് ഡ്യൂട്ടികള്‍ ചെയ്യും. മറ്റ് ബൈക്കുകളെ അപേക്ഷിച്ച് USD ഫോര്‍ക്കുകള്‍ ഒരു പ്രീമിയം സവിശേഷതയായി എണ്ണാം. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിനും ഹോണ്ട ഹൈനസിനും ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍ മാത്രമാണ് ലഭിക്കുന്നത്. 2.5 ലക്ഷം മുതൽ 3 ലക്ഷംവരെയാണ് വില പ്രതീക്ഷിക്കുന്നത്.
ചൈനീസ് കണക്ഷൻ
അടുത്തിടെയാണ് ഹാർലി ചൈനയിൽ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ ബൈക്ക് അവതരിപ്പിച്ചത്. ക്യു ജെ മോട്ടോർസുമായി ചേർന്ന് എക്സ് 350, എക്സ് 500 എന്നീ മോഡലുകളാണ് ചൈനയിൽ പുറത്തിറങ്ങിയത്. ഈ ബൈക്കുകൾ ഏഷ്യൻ മാർക്കറ്റിലേക്ക് വ്യാപിപ്പിക്കുമെന്ന് അന്നേ ഹാർലി പറഞ്ഞിരുന്നു. ഇതേ എക്സ് സീരീസ് ബൈക്കുകളുടെ 450 സിസി വകഭേദമാണ് ഇപ്പോൾ ഇന്ത്യയിലും അവതരിപ്പിക്കാൻ പോകുന്നത്. ഹാർലിയുടെ പരമ്പരാഗത വി ട്വിൻ എഞ്ചിൻ ബൈക്കിൽ ലഭിക്കില്ല എന്നതും നിരാശയുണർത്തുന്ന കാര്യമാണ്. എന്നാൽ ചൈനയിൽ വിൽക്കുന്ന ഹാർലിയിലെ പാരലൽ ട്വിൻ എഞ്ചിനും ഇന്ത്യയിലേക്ക് വരുന്നില്ല. അതിലും കുറഞ്ഞ സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹാർലിയും ഹീറോയും ഇന്ത്യക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതൊക്കെ ഹാർലി വാങ്ങാൻ കാത്തിരിക്കുന്നവരെ നിരാശപ്പെടുത്താൻ പോന്ന കാര്യങ്ങളാണ്.
ചുരുക്കത്തിൽ ഇന്ത്യക്കായി മാറ്റംവരുത്തിയ ചൈനീസ് ബൈക്കായിരിക്കും ഹാർലി എന്ന പേരിൽ നമ്മുടെ നാട്ടിൽ എത്തുക. ഇതിന്റെ ഗുണം വാഹനത്തിന് വില കുറവായിരിക്കും എന്നതാണ്. റോയൽ എൻഫീൽഡൊക്കെ സിംഗിൾ സിലിണ്ടർ എഞ്ചിനിൽ ബെസ്റ്റ് സെല്ലറുകളായി വിലസുന്ന നാട്ടിൽ അതിലും വലിയ ആലോചനയൊന്നും ഹാർലി-ഹീറോ കൂട്ടുകെട്ടിന് സാധ്യമാവുകയില്ലല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.