യഷിന് പിന്നാലെ സൂപ്പർ എസ്.യു.വി സ്വന്തമാക്കി മഹേഷ്ബാബുവും; താര അധിനിവേശവുമായി റേഞ്ച് റോവർ
text_fieldsആഴ്ച്ചകൾക്ക് മുമ്പാണ് കന്നഡ സൂപ്പർ താരം യഷ് റേഞ്ച് റോവറിന്‍റെ പുത്തൻ എസ്.യു.വി സ്വന്തമാക്കിയത്. പുതുതായി വാങ്ങിയ ബ്ലാക്ക് കളര്‍ റേഞ്ച് റോവറില്‍ യാഷ് ഭാര്യ രാധികക്കൊപ്പം വീട്ടിലേക്ക് വരുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനും മുമ്പ് നടൻ മോഹൻലാലും പുതിയ റേഞ്ച്റോവർ വാങ്ങിയിരുന്നു. ഇപ്പോഴിതാ തെലുഗു സൂപ്പർ താരം മഹേഷ് ബാബുവും റേഞ്ച് റോവർ സ്വന്തമാക്കിയിരിക്കുകയാണ്. 5.4 കോടി രൂപയാണ് റേഞ്ച് റോവറിന്റെ വില.
സൺസെറ്റ് ഗോൾഡ് നിറത്തിലുള്ളതാണ് മഹേഷ് ബാബുവിന്റെ റേഞ്ച് റോവര്‍. ഹൈദരാബാദില്‍ സ്വര്‍ണ നിറത്തിലുള്ള റേഞ്ച് റോവറുള്ള ഏക വ്യക്തിയും മഹേഷ് ബാബുവാണ്. റേഞ്ച്റോവർ കൂടാതെ നിരവധി ആഡംബര കാറുകൾ മഹേഷ് ബാബുവിന് സ്വന്തമായുണ്ട്. റോള്‍സ് റോയ്‌സ് ഗോസ്റ്റ്, റേഞ്ച് റോവര്‍ വോഗ്, ഔഡി എ7, ബിഎംഡബ്ല്യു 7 സീരീസ്, മെഴ്‌സിഡീസ് ബെന്‍സ് എസ് ക്ലാസ് തുടങ്ങിയവയാണ് നടന്‍റെ പക്കലുളള വാഹനങ്ങൾ.
റേഞ്ച് റോവര്‍ വാഹനങ്ങള്‍ ആകര്‍ഷകമായ നിറങ്ങള്‍ക്കും സുഖ സൗകര്യങ്ങള്‍ക്കും പേരുകേട്ടതാണ്. പുതിയ എം.എൽ.എ-ഫ്ലെക്സ് പ്ലാറ്റ്ഫോമിലാണ് റേഞ്ച് റോവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 23 ഇഞ്ച് അലോയ് വീലുകളാണ് ഈ മോഡലിനുള്ളത്. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വാഗ്ദാനം ചെയ്യുന്നത്. 3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ്, 3.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍, 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനുകളാണിത്.
3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് 394 bhp പവറും 550 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ 346 bhp കരുത്തും 700 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ട്വിന്‍ ടര്‍ബോ V8 എഞ്ചിന്‍ 523 bhp പവറും 750 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഈ കൂറ്റൻ എസ്.യു.വി 5.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഓള്‍-വീല്‍ ഡ്രൈവും ആക്റ്റീവ്-ലോക്കിങ് റിയര്‍ ഡിഫറന്‍ഷ്യലും സ്റ്റാന്‍ഡേര്‍ഡ് ആണ് വാഹനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.