സൈന്യത്തിനായി കവചിത വാഹനങ്ങൾ നിർമിക്കാനൊരുങ്ങി മഹീന്ദ്ര; ഓർഡർ ലഭിച്ചത് 1300 എണ്ണത്തിന്
text_fieldsമഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കവചിത വാഹന നിർമാണ വിഭാഗമായ മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ് ലിമിറ്റഡ് (എം.ഡി.എസ്) സൈന്യത്തിനായി വാഹനങ്ങൾ നിർമിക്കും. 1300 ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനങ്ങൾ (എൽ.എസ്.വി) നിർമിക്കാൻ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് കരാർ നേടിയതായി മഹീന്ദ്ര അറിയിച്ചു. 1,056 കോടി രൂപയുടെ കരാറാണ് കമ്പനിക്ക് ലഭിച്ചത്. 2021 ൽ ആരംഭിച്ച് നാല് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി വാഹനങ്ങൾ സൈന്യത്തിന് കൈമാറാനാണ് മഹീന്ദ്ര പദ്ധതിയിടുന്നത്.
'ഈ കരാർ ആത്മനിർഭർ ഭാരത് സംരംഭത്തിന്‍റെ വിജയത്തെ സൂചിപ്പിക്കുന്നു. സ്വകാര്യമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത കവചിതവാഹനങ്ങൾക്കുള്ള ആദ്യത്തെ പ്രധാന കരാറാണിത്. രാജ്യത്തിനകത്ത് ബൗദ്ധിക സ്വത്തവകാശമുള്ള ഇന്ത്യയിലെ മേഖല. കഴിവുള്ള ഇന്ത്യൻ പ്ലാറ്റ്‌ഫോമുകൾ വലിയ തോതിൽ ആത്മവിശ്വാസം നൽകാൻ ഈ കരാർ വഴിയൊരുക്കുന്നു'-കമ്പനിയുടെ ഔദ്യോഗിക പ്രസ്താവനയിൽ മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ് ലിമിറ്റഡ് ചെയർമാൻ എസ്പി ശുക്ല പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന്‍റെ മാനദണ്ഡങ്ങൾക്കനുസൃതമായി എംഡിഎസ് തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തതാണ് പുതിയ വാഹനങ്ങൾ.
ഉയർന്ന പ്രദേശങ്ങൾ, മരുഭൂമികൾ, സമതലങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഭൂപ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ കർശനവും വിപുലവുമായ പരീക്ഷണത്തിന് എൽഎസ്‌വി വിധേയമായിട്ടുണ്ടെന്ന് മഹീന്ദ്ര പറയുന്നു. എല്ലാ ഫീൽഡ്, ബാലിസ്റ്റിക്സ്, സാങ്കേതിക പരീക്ഷണങ്ങളും കടന്നുപോയ വാഹനമാണ് എംഡിഎസ് എൽഎസ്‌വി. മഹീന്ദ്രയുടെ ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനത്തിന്‍റെ ഒരു പതിപ്പ് ഇതിനകം തന്നെ ആഫ്രിക്കയിലെ യുഎൻ സമാധാന പരിപാലന ദൗത്യത്തിനായി വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ ബറ്റാലിയനൊപ്പം സേവനത്തിലാണ്. വാഹനത്തിന്‍റെ കയറ്റുമതി സാധ്യത പരിശോധിക്കുമെന്നും മഹീന്ദ്ര അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.