മരാസോയും കെ.യു.വിയും പിൻവലിക്കുമെന്ന് അഭ്യൂഹങ്ങൾ?; ഇതാണ് മഹീന്ദ്രയുടെ മറുപടി
text_fieldsമഹീന്ദ്രയുടെ എം.പി.വിയായ മരാസോയും കെ.യു.വി 100ഉം പിൻവലിക്കാൻ പോകുന്നെന്ന അഭ്യൂഹങ്ങൾ കുറച്ചുദിവസമായി സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ സജീവമാണ്. ഇന്നോവയുടെ എതിരാളിയായെത്തി അകാലത്തിൽ വിടപറയുന്ന മരാസോക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ട്രോളുകളും പ്രചരിക്കുന്നുണ്ട്. ഇത്തരം അഭ്യൂഹങ്ങൾക്കും കിംവദന്തികൾക്കും കൃത്യമായ മറുപടിയുമായി മഹീന്ദ്രയും രംഗത്ത് എത്തിയിട്ടുണ്ട്. തൽക്കാലം ഇരു വാഹനങ്ങളും പിൻവലിക്കാനോ നിർമാണം അവസാനിപ്പിക്കാനോ ഒരു ഉദ്ദേശ്യവുമില്ലെന്ന് മഹീന്ദ്ര അർഥശങ്കക്ക് ഇടയില്ലാത്തവിധം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് മോഡലുകളും കമ്പനിയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും വരും മാസങ്ങളിൽ വാഹനങ്ങളുടെ കൂടുതൽ അപ്‌ഗ്രേഡുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും മഹീന്ദ്ര വൃത്തങ്ങൾ പറയുന്നു.
നിലവിൽ മരാസോയുടെ എഎംടി പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നാണ് കമ്പനി സൂചിപ്പിക്കുന്നത്. 'മരാസോയും കെയുവി 100 ഉം ഞങ്ങളുടെ ഉൽപ്പന്ന നിരയുടെ അവിഭാജ്യ ഘടകമാണ്. മരാസോയുടെയും കെയുവി 100 െൻറയും ബിഎസ് 6 പതിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. കുടുതൽ പരിഷ്കരിച്ച പതിപ്പുകൾ ഇറക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. എ.എം.ടി ട്രാൻസ്മിഷനുമായി മരാസോ ഉടൻ പുറത്തിറക്കും' -മഹീന്ദ്ര വക്താവ് പറഞ്ഞു. 2021 ഏപ്രിലിൽ മഹീന്ദ്ര കെയുവി 100 െൻറ 597 യൂനിറ്റുകൾ നിർമിച്ചിരുന്നു. അതിൽ അഞ്ച് യൂനിറ്റുകൾ ഇന്ത്യയിൽ വിറ്റു. 312 യൂനിറ്റുകൾ മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്തു. അതേമാസം മരാസോയുടെ 145 യൂനിറ്റുകൾ മഹീന്ദ്ര നിർമിച്ചു. അവയെല്ലാം ഇന്ത്യയിലാണ് വിറ്റഴിച്ചത്. കെയുവി 100 െൻറ ഇലക്ട്രിക് പതിപ്പും മഹീന്ദ്ര ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. അതും ഉടൻ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും.
ബിഎസ് ആറ്, 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് മഹീന്ദ്ര മരാസോ വാഗ്ദാനം ചെയ്യുന്നത്. 3500 ആർപിഎമ്മിൽ 121 ബിഎച്ച്പിയും 1750-2500 ആർപിഎമ്മിൽ 300 എൻഎം ടോർക്കും വാഹനം ഉത്പാദിപ്പിക്കും. സ്റ്റാൻഡേർഡ് ആയി 6 സ്പീഡ് മാനുവൽ ഗിയർബോക്സാണ്. 1.2 ലിറ്റർ ബിഎസ് 6 പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് കെയുവി 100 പ്രവർത്തിക്കുന്നത്. 5500 ആർപിഎമ്മിൽ 82 ബിഎച്ച്പി കരുത്തും 3500-3600 ആർപിഎമ്മിൽ 115 എൻഎം പീക് ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. കയറ്റുമതി വിപണികൾക്കായി കമ്പനി ഇപ്പോഴും ഒരു ഡീസൽ പതിപ്പ് നിർമ്മിക്കുന്നു. ഇത് പഴയ ബിഎസ് 4, 1.2 ലിറ്റർ എം ഫാൽക്കൺ ഡി 75 ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് നൽകുന്നത്. 77 ബിഎച്ച്പി കരുത്തും 190 എൻഎം ടോർക്കും ഇൗ എഞ്ചിൻ ഉത്പാദിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.