രാത്രി യാത്ര സുരക്ഷിതമാക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
text_fieldsറോഡുകളിലെ രാത്രികാല അപകടങ്ങളുടെ പ്രധാന കാരണം വാഹനങ്ങളിലെ ലൈറ്റുകളുടെ നിയമവിരുദ്ധമായ ഉപയോഗമാണ്. എതിരെ വരുന്ന വാഹനങ്ങൾക്ക് ഹെഡ് ലൈറ്റ് ഡിപ് ചെയ്ത് കൊടുക്കാതിരിക്കുക, ഹെഡ് ലൈറ്റുകളിൽ തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ബൾബുകൾ സ്ഥാപിക്കുക, വാഹനങ്ങളിൽ അനാവശ്യമായ വിവിധ വർണങ്ങളിലുള്ള തീവ്രപ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിക്കുക, ലേസർ ലൈറ്റുകൾ വാഹനത്തിന് പുറത്തേക്കും മറ്റു വാഹനങ്ങളിലേക്കും പ്രകാശിപ്പിക്കുക തുടങ്ങിയ പ്രവൃത്തികൾ എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ആശയക്കുഴപ്പവും കാഴ്ചയ്ക്ക് മങ്ങലുണ്ടാക്കുകയും അപകട കാരണമാകുകയും ചെയ്യുന്നു.
കൂടാതെ അടുത്തകാലത്തായി വിനോദയാത്ര പോകുന്ന വാഹനങ്ങളിലും മറ്റും കാണുന്ന അലങ്കാര ലൈറ്റുകളും ചില വാഹനങ്ങളിലെ പ്രവർത്തനക്ഷമമല്ലാത്ത ഹെഡ് ലൈറ്റുകൾ, ബ്രേക്ക്, ഇൻഡിക്കേറ്റർ, പാർക്ക് ലൈറ്റുകൾ എന്നിവയും റോഡ് സുരക്ഷയ്ക്ക് കനത്ത ഭീഷണിയാണ്.
ഇതിന് പുറമെയാണ് ഹെവി, കോൺട്രാക്റ്റ് കാര്യേജ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കത്തിനശിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേരളത്തിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് ഗോവയിൽ വെച്ച് കത്തിനശിച്ച സംഭവം ഇതിൽ അവസാനത്തേതാണ്.
പരമാവധി അലങ്കാര ലൈറ്റുകളും ഓഡിയോ, വിഡിയോ ഉപകരണങ്ങളും ഉൾപ്പെടുത്താൻ വേണ്ടി വയറിങ് ഫാർണസുകളിലും ബാറ്ററികളിലും വരുത്തുന്ന അനധികൃത മാറ്റങ്ങളാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണം.
ഒരാളുടെയോ സംഘത്തിന്റെയോ താൽക്കാലിക ആഹ്ലാദ പ്രകടനങ്ങൾക്കും ലഹരിക്കും ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ റോഡുകളിൽ പ്രസ്തുത വേണ്ടി വാഹനങ്ങളുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന നിശബ്ദ കൊലയാളികളാണ്.
ഇത്തരം നിയമലംഘനങ്ങൾ തടയാൻ ലക്ഷ്യമിട്ടുകൊണ്ട് മോട്ടോർ വാഹന വകുപ്പ് ഏപ്രിൽ നാല് മുതൽ 13 വരെ സ്‍പെഷൽ ഡ്രൈവ് നടത്തുന്നുണ്ട്. പിടികൂടിയാൽ വലിയ പിഴ നൽകേണ്ടി വരും.
ഇവ ശ്രദ്ധിക്കാം
പകൽസമയത്ത് വളരെ ദൂരെയുള്ള കാര്യങ്ങൾ വരെ ഡ്രൈവർക്ക് നന്നായി കാണാൻ സാധിക്കും. എന്നാൽ, രാത്രി ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ അത്രയും ദൂരം കാണാൻ കഴിയില്ല. ചിലപ്പോൾ കടകളിലെയും മറ്റും ലൈറ്റുകൾ ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യും. വാഹനത്തിന്റെ ഡിം ലൈറ്റ് വെളിച്ചത്തിൽ എത്ര ദൂരം റോഡ് വ്യക്തമായി കാണാൻ കഴിയുമോ, ആ ദൂരത്തിനുള്ളിൽ നിർത്തുവാൻ കഴിയുന്ന വേഗതയിലെ വാഹനം ഓടിക്കാവൂ.
രാത്രി വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ താഴെപ്പറയുന്ന സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ കഴിവതും ഹെഡ്‍ലാമ്പ് ലോ ബീം ഉപയോഗിച്ച് ഡ്രൈവ് ചെയ്യാൻ ശീലിക്കുക.
വിൻഡ് സ്ക്രീൻ ഗ്ലാസും കണ്ണാടികളും വൃത്തിയാക്കിയിരിക്കണം.
എല്ലാ ലൈറ്റുകളും വൃത്തിയായും പ്രവർത്തനക്ഷമമായും സൂക്ഷിക്കുക.
കണ്ണഞ്ചിപ്പിക്കുന്ന അധിക ലൈറ്റുകൾ വാഹനത്തിൽ സ്ഥാപിക്കാതിരിക്കുക.
വിവിധ വർണ്ണങ്ങളിലുള്ള ലൈറ്റുകൾ വാഹനങ്ങളിൽ സ്ഥാപിക്കുന്നത് പലപ്പോഴും റോഡുപയോക്താക്കളിൽ ആശയക്കുഴപ്പത്തിന് ഇടവരുത്തും. കാരണം റോഡിലെ ഓരോ നിറങ്ങളും റോഡുപയോക്താക്കളോട് സംസാരിക്കുന്നുണ്ട്. വാഹനത്തിന്റെ മുന്നിലും പിന്നിലും വശങ്ങളിലും ഉപയോഗിക്കേണ്ട ലൈറ്റുകളുടെ നിറങ്ങളെ കുറിച്ച് നിയമം വ്യക്തമായി പറയുന്നുണ്ട്.
വാഹനത്തിന്റെ ലോഡ് അനുസരിച്ച് ഹെഡ്‌ലാമ്പ് ലെവലർ അഡ്ജസ്റ്റ് ചെയ്യുക.
ടിന്റഡല്ലാത്ത കണ്ണടയേ ഡ്രൈവർ ഉപയോഗിക്കാവൂ.
കാൽനടക്കാരെ പ്രത്യേകം ശ്രദ്ധിക്കണം.
മറ്റു ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഹെഡ് ലൈറ്റ് നേരത്തേതന്നെ ഡിപ് ചെയ്യുക. എതിരേ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റിൽ നോക്കരുത്. (ഹെഡ് ലൈറ്റിലേക്ക് നോക്കിയാൽ പ്രകാശത്തിന്റെ തീവ്രതമൂലം കുറച്ചു സമയത്തേക്ക് ഡ്രൈവർ അന്ധനായതുപോലെയാകും ). രണ്ട് സെക്കൻഡ് സമയത്തെ അന്ധത പോലും അപകടകരമാണ്. 80 കി.മീ വേഗതയിൽ പോകുന്ന ഒരു വാഹനം ഈ സമയം കൊണ്ട് 45 മീറ്റർ മുന്നോട്ടുപോയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.