ആഡംബര സെഡാന് പിന്നാലെ കരുത്തൻ എസ്.യു.വിയും; ‘ഫഫ’ ഗരാജിലേക്ക് ഡിഫൻഡർ
text_fieldsമമ്മൂട്ടി, ജോജു ജോര്‍ജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇപ്പോഴിതാ ഫഹദ് ഫാസിൽ-മോളിവുഡിലേക്ക് വീണ്ടും ഡിഫൻഡർ എത്തുകയാണ്. ഒമ്പതാം വിവാഹ വാർഷികത്തിലാണ് കരുത്തൻ എസ്.യു.വിയെ ഫഹദ്-നസ്രിയ ദമ്പതികൾ സ്വന്തമാക്കിയിരിക്കുന്നത്. ബി.എം.ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740i ദിവസങ്ങൾക്ക് മുമ്പാണ് ഫഹദ് വാങ്ങിയത്. അതിന് പിന്നാലെയാണ് ഗരാജിലേക്ക് പുതുപുത്തൻ ഡിഫൻഡർ എസ്‌യുവി കൂടിയെത്തുന്നത്. താരം വാഹനത്തിന്റെ ഡെലിവറി ഏടുക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കേരളത്തിലെ ആദ്യ ലാൻഡ് റോവർ ഡിഫൻഡർ D90 പതിപ്പാണ് ഫഹദ് വാങ്ങിയത്. 2.18 കോടി എക്സ്ഷോറൂം വില വരുന്ന ലക്ഷ്വറി എസ്‌യുവിയുടെ ഓൺറോഡ് വില 2.70 കോടി രൂപയാണ്. നികുതി മാത്രമായി 46 ലക്ഷം രൂപയോളം അടക്കണം. ഡിഫൻഡറിന് പുറമേ ലംബോര്‍ഗിനി ഉറുസ്, പോര്‍ഷ 911 കരേര, ടൊയോട്ട വെല്‍ഫയര്‍, റേഞ്ച് റോവര്‍, ബിഎംഡബ്ല്യു 7 സീരീസ്, മിനി കണ്‍ട്രിമാന്‍ തുടങ്ങിയ ലക്ഷ്വറി വാഹനങ്ങളും ഫഹദിന്‍റെ പക്കലുണ്ട്.
5-ഡോര്‍ 3-ഡോര്‍ ബോഡി സ്‌റ്റൈലില്‍ ഇറങ്ങുന്ന ഡിഫന്‍ഡറിന്റെ 3-ഡോര്‍ വേരിയന്റാണ് ഫഹദ് സ്വന്തമാക്കിയിരിക്കുന്നത്. ലാന്റൗ ബ്രോൺസ് കളർ ഓപ്ഷൻ ഡിഫൻഡറാണിത്. 5.0 ലിറ്റര്‍ V8 പെട്രോൾ എഞ്ചിനാണ് ഡിഫൻഡർ D90 എസ്‌യുവിക്ക് കരുത്തേകുന്നത്. 518 bhp പവറിൽ പരമാവധി 625 Nm ടോർക്ക് വരെ എഞ്ചിൻ പുറത്തെടുക്കും. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലാണ് പ്രവർത്തിക്കുന്നത്. വെറും എട്ടു സെക്കന്‍ഡിൽ 0-100 വേഗത കൈവരിക്കാൻ എസ്‌യുവിക്ക് കഴിയും. പരമാവധി വേഗം 240 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.
900 എം.എം വാട്ടര്‍ വേഡിങ് കപ്പാസിറ്റിയും ഈ വാഹനത്തിന്റെ സവിശേഷതകളിലൊന്നാണ്. ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലായ ഡിഫന്‍ഡർ ഓഫ് റോഡ് യാത്രയ്ക്ക് അനുയോജ്യമായ വാഹനമാണ്. പതിറ്റാണ്ടുകളുടെ പരമ്പര്യമുള്ള ഈ വാഹനം ഒരിടവേളയ്ക്ക് ശേഷം 2019-ലാണ് രാജ്യാന്തര വിപണിയില്‍ തിരിച്ചെത്തിയത്. തൊട്ടുപിന്നാലെ തന്നെ ഈ വാഹനം ഇന്ത്യയിലും എത്തുകയായിരുന്നു. മൂന്ന് ഡോര്‍ പതിപ്പായ ഡിഫന്‍ഡര്‍ 90, അഞ്ച് ഡോര്‍ പതിപ്പായ ഡിഫന്‍ഡര്‍ 110 എന്നീ രണ്ട് മോഡലുകളാണ് ഇപ്പോള്‍ ലാന്‍ഡ് റോവര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.