'സ്ഥാപനം വളർത്തുന്നതിൽ നിസ്തുല പങ്കുവഹിച്ചു'; ജീവനക്കാർക്ക് എസ്.യു.വി സമ്മാനിച്ച് മലയാളിയുടെ ഐ.ടി കമ്പനി
text_fieldsപത്താം വാര്‍ഷികത്തിൽ ജീവനക്കാര്‍ക്ക് എസ്.യു.വികൾ സമ്മാനിച്ച് ഐ.ടി. കമ്പനി. ചാലക്കുടിയിലെ 'ജോബിന്‍ ആന്‍ഡ് ജിസ്മി ഐ.ടി സര്‍വീസസ്' എന്ന കമ്പനിയാണ് 1.20 കോടി വിലവരുന്ന ആറ് കിയ സെൽറ്റോസ് കാറുകള്‍ മുതിര്‍ന്ന ജീവനക്കാര്‍ക്ക് സമ്മാനിച്ചത്.
കമ്പനിയുടെ തുടക്കകാലം മുതല്‍ ജോലി ചെയ്തുവരുന്നവർക്കാണ് സമ്മാനം നൽകിയത്. 15നും 20 ലക്ഷത്തിനും ഇടയിൽ വിലവരുന്ന വാഹനമാണ് നല്‍കിയത്. രണ്ട് ജീവനക്കാരുമായി തുടങ്ങി 10 വര്‍ഷത്തിനുള്ളില്‍ 200 പേരുള്ള കമ്പനിയായി 'ജോബിന്‍ ആന്‍ഡ് ജിസ്മി'യെ വളര്‍ത്തിയതില്‍ ആറു പേരുടെയും പങ്ക് വളരെ വലുതാണെന്ന് കമ്പനി സഹസ്ഥാപകയും ചീഫ് ടെക്‌നോളജി ഓഫീസറുമായ എ.ഐ ജിസ്മി പറഞ്ഞു.
ഈ വര്‍ഷത്തെ മികച്ച ജീവനക്കാരന് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും സമ്മാനിച്ചു. ഇതിനുമുമ്പും നിരവധി കച്ചവട സ്ഥാപനങ്ങൾ ജീവനക്കാർക്ക് കാറുകൾ സമ്മാനമായി നൽകിയിട്ടുണ്ട്. ചെന്നൈയിലെ 'കിസ് ഫ്‌ളോ' എന്ന ഐ.ടി. കമ്പനി, സൂറത്തിലെ വജ്രവ്യാപാര സ്ഥാപനമായ ഹരികൃഷ്ണ ഗ്രൂപ്പ് എന്നിവ ജീവനക്കാര്‍ക്ക് സമ്മാനമായി കാറുകള്‍ നല്‍കിയത് വാര്‍ത്തയായിരുന്നു. ഡിജിറ്റല്‍ ഉത്പന്നങ്ങളുടെ വിപണന ശൃംഖലയായ 'മൈജി', റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന 'ഹൈലൈറ്റ്' എന്നീ കേരള കമ്പനികള്‍ ഈയിടെ ജീവനക്കാര്‍ക്ക് കാര്‍ സമ്മാനിച്ചിരുന്നു.
ക്ലൗഡ് അധിഷ്ഠിത ഇ.ആര്‍.പി ആയ 'ഒറാക്കിള്‍ നെറ്റ് സ്യൂട്ടി'ന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സേവനദാതാക്കളിലൊന്നാണ് 'ജോബിന്‍ ആന്‍ഡ് ജിസ്മി ഐ.ടി സര്‍വീസസ്'. ജീവനക്കാരുടെ എണ്ണം നാലു വര്‍ഷത്തിനുള്ളില്‍ 200ൽ നിന്ന് 1,000 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് സഹ സ്ഥാപകനും സി.ഇ.ഒ.യുമായ ജോബിന്‍ ജോസ് പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് അധിഷ്ഠിതമായ സോഫ്റ്റ്‌വെയര്‍ ഉത്പന്നങ്ങളുടെ പണിപ്പുരയിലാണ് ഇപ്പോൾ കമ്പനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.