പാൽവിതരണത്തിന് ഹാർലി ഡേവിഡ്സൺ; ഇന്ത്യ തിളങ്ങുന്നില്ലെന്ന് ആരാ പറഞ്ഞത് -വിഡിയോ
text_fieldsപണ്ടൊക്കെ വീടുകളിൽ പാൽക്കാരൻ വന്നിരുന്നത് നടന്നും സൈക്കിളിലുമൊെക്കയാണ്. ഇപ്പോഴത് മോപ്പഡുകളിലേക്കും ചിലയിടത്തെങ്കിലും ബെക്കുകളിലേക്കും മാറിയിട്ടുണ്ട്. നല്ല മൈലേജുള്ള ബൈക്കുകളാണ് ഇത്തരക്കാർ ഉപയോഗിക്കുക. എന്നാല്‍ ഒരു പാല്‍ക്കാരന്‍ നാട്ടിലൂടെ 'ഹാര്‍ലി ഡേവിഡ്സണില്‍' പാല്‍ വിതരണം ചെയ്താൽ എങ്ങിനെയുണ്ടാകും. അപ്രതീക്ഷിതമാണതെങ്കിലും അത്തരമൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഹാര്‍ലി ഡേവിഡ്സണിന്റെ ആഡംബര ബൈക്കില്‍ പാൽ കണ്ടെയ്നറുകള്‍ വെച്ചുകെട്ടി യുവാവ് ഓടിച്ചുപോകുന്നതായാണ് വിഡിയോയിലുള്ളത്. കറുത്ത നിറത്തിലുള്ള ബൈക്കില്‍ സീറ്റിന് മുകളിലൂടെ രണ്ട് സൈഡിലേക്കും കണ്ടെയ്നറുകൾ തൂക്കിയിട്ട നിലയിലാണ്. ബൈക്കിന്റെ നമ്പർപ്ലേറ്റിൽ ‘ഗുജ്ജർ’ എന്ന് എഴുതിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെക്കപ്പെട്ടത്. വിഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ലൈക്കും ആയിരക്കണക്കിന് കമന്റും വിഡിയോയിൽ കാണാം.
നിലവിൽ ഇന്ത്യയിൽ പ്രവർത്തിക്കാത്ത കമ്പനിയാണ് ഹാർലി ഡേവിഡ്സൺ. ഇറക്കുമതിയിലൂടെ മാത്രമാണ് ഈ അമേരിക്കൻ കമ്പനിയുടെ ബൈക്കുകൾ രാജ്യത്ത് വിൽക്കുന്നത്. ഹിറോയാണ് ഹാർലിയുടെ ഡീലർഷിപ്പുകൾ നടത്തുന്നത്. എങ്കിലും സെക്കൻഡ്ഹാൻഡ് വിപണിയിൽ ഹാർലികൾ ലഭ്യമാണ്. 11.99 ലക്ഷം രൂപയില്‍ നിന്നാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ വില ആരംഭിക്കുന്നത്. ഹാര്‍ലി-ഡേവിഡ്സണ്‍ അയണ്‍ 883-ന്റെ വിലയാണിത്.
ഹാര്‍ലിയുടെ റോഡ് ഗ്ലൈഡ് സ്പെഷ്യലിന് 36.99 ലക്ഷം രൂപ വരെ വിലവരും. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന പതിനൊന്ന് ബൈക്കുകളാണ് ഹാര്‍ലി ഡേവിഡ്സണ്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രൂയിസര്‍ ബൈക്കുകളിലൊന്നാണ് ഹാര്‍ലി-ഡേവിഡ്സണ്‍ അയണ്‍ 883. ഇന്ത്യയില്‍ ഹാര്‍ലി മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കുന്നതിനും സര്‍വീസ് നടത്തുന്നതിനുമായി ഹാര്‍ലി ഡേവിഡ്സണും ഹീറോ മോട്ടോകോര്‍പ്പും പങ്കാളിത്ത കരാറിൽ ഏര്‍പ്പെട്ടിട്ടുണ്ട്.
ഹാര്‍ലി ഡേവിഡ്സണ്‍ ബ്രാന്‍ഡിന് കീഴില്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകൾ ഹീറോ വികസിപ്പിക്കുകയും വില്‍ക്കുകയും ചെയ്യും. ഹീറോ-ഹാര്‍ലി മോട്ടോര്‍സൈക്കിള്‍ കൂട്ടുകെട്ടില്‍ പിറക്കാന്‍ പോകുന്ന മിഡില്‍ വെയ്റ്റ് മോട്ടോര്‍ സൈക്കിള്‍ 2024 അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനാണ് പദ്ധതികള്‍. ആഗോളതലത്തില്‍ ഹാര്‍ലി ഡേവിഡ്‌സണിന്റെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള മോട്ടോര്‍സൈക്കിള്‍ ആയിട്ടായിരിക്കും ഇവയുടെ അവതരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.