കൂടുതൽ സ്റ്റൈലോടെ സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷൻ; പ്രത്യേകതകൾ ഇതൊക്കെ
text_fields14 വർഷത്തിനിടെ മാരുതി സുസുക്കി രാജ്യത്ത് വിറ്റഴിച്ചത് 23 ലക്ഷത്തിലധികം സ്വിഫ്റ്റുകൾ. പുതിയ നാഴികക്കല്ല് ആഘോഷിക്കുന്നതിന് മാരുതി ലിമിറ്റഡ് എഡിഷൻ സ്വിഫ്റ്റ് അവതരിപ്പിച്ചു. LXi, VXi, ZXi, ZXi + എന്നിങ്ങനെ എല്ലാ വകഭേദങ്ങളിലും വാഹനം ലഭ്യമാണ്. അകത്തും പുറത്തും നിരവധി സൗന്ദര്യവർധക മാറ്റങ്ങളുമായാണ് ലിമിറ്റഡ് എഡിഷൻ വരുന്നത്. നിലവിലെ വിലയേക്കാൾ 24,990 രൂപ അധികം നൽകിയാൽ ലിമിറ്റഡ് എഡിഷൻ വാഹനം സ്വന്തമാക്കാം.
പ്രത്യേകതകൾ
ഗ്ലോസ് ബാക്ക് ബോഡി കിറ്റ്, എയറോഡൈനാമിക് സ്‌പോയിലർ, ബോഡി സൈഡ് മോൾഡിംഗ്, ഡോർ വൈസർ, ഗ്രില്ലിൽ കറുത്ത ഇൻസേർട്ടുകൾ, പുത്തൻ ടെയിൽലൈറ്റുകൾ, ഫോഗ് ലാമ്പ് എന്നിവയാണ് സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷെൻറ പുറത്തെ പ്രത്യേകതകൾ. ഉള്ളിൽ പുതിയ കറുത്ത സീറ്റ് കവറുകളും കറുത്ത സ്റ്റിയറിംഗ് കവറും ലഭിക്കും. ഉത്സവ സീസണിന് മുന്നോടിയായാണ് വാഹനം വിൽപ്പനക്ക് എത്തിച്ചിരിക്കുന്നത്. കാറിൽ മെക്കാനിക്കൽ അപ്‌ഡേറ്റുകളൊന്നും വരുത്തിയിട്ടില്ല. പഴയ 1.2 ലിറ്റർ, നാല് സിലിണ്ടർ ബിഎസ് 6 പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. 6000 ആർപിഎമ്മിൽ 82 ബിഎച്ച്പി കരുത്തും 4200 ആർപിഎമ്മിൽ 113 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സ് ലഭ്യമാണ്.
എതിരാളികളും ഭാവിയും
ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10 നിയോസ് (5.13-7.81 ലക്ഷം), ഫോർഡ് ഫിഗോ (5.49-7.05 ലക്ഷം) എന്നിങ്ങനെ കരുത്തരായ എതിരാളികളാണ് സ്വിഫ്റ്റിനുള്ളത്. ഡീസൽ പതിപ്പ് ഇല്ലാത്തതും പോരായ്മയാണ്. എങ്കിലും വിൽപ്പനയുടെ കാര്യത്തിൽ സ്വിഫ്റ്റ് ഇപ്പോഴും ഇൗ വിഭാഗത്തിൽ മുന്നിലാണ്. 2020 ഓഗസ്റ്റിൽ 14,869 യൂണിറ്റുകൾ വിറ്റു. സമീപഭാവിയിൽ വാഹനം മുഖംമിനുക്കുമെന്നാണ് സൂചന. ചില വിപണികളിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തിയ 2020 സ്വിഫ്റ്റിന് സമാനമായ മാറ്റങ്ങൾ ഇന്ത്യയിലും ഉണ്ടാകും. നിലവിലെ 83 എച്ച്പി, 1.2 ലിറ്റർ കെ 12 ബി പെട്രോൾ എഞ്ചിന് പകരം 1.2 ലിറ്റർ കെ 12 സി ഡ്യുവൽ ജെറ്റ് എഞ്ചിൻ വരുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.