ഇന്നോവ ഹൈക്രോസിന് മാരുതി വകഭേദവും? വിൽപ്പന നെക്സ വഴി; നിരസിക്കാതെ ഇന്ത്യൻ വാഹന ഭീമൻ
text_fieldsഅടുത്തിടെ ടൊയോട്ട അവതരിപ്പിച്ച ഇന്നോവ ഹൈക്രോസിന് മാരുതിയുടെ വകഭേദവും ലഭിക്കുമെന്ന് സൂചന. ഓട്ടോമൊബൈൽ പോർട്ടലായ ഗാഡിവാഡിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മാരുതിയുടെ ഏറ്റവും വിലകൂടിയ വാഹനമായിരിക്കും ഇതെന്നും വിൽപ്പന നെക്സ വഴി ആയിരിക്കുമെന്നും സൂചനയുണ്ട്. 2023 പകുതിയോടെ പുതിയ വാഹനം നിരത്തിലെത്താനാണ് സാധ്യത.
വാഹന മോഡലുകൾ പരസ്പരം കൈമാറുന്ന കരാർ ടൊയോട്ട, സുസുകി എന്നീ വാഹനഭീമന്മാർ തമ്മിലുണ്ട്. അത് പ്രകാരം നിരവധി കാറുകൾ ഇരുകമ്പനികളും ബാഡ്ജിങും പേരും മാറ്റി ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരമാകും ഹൈക്രോസും മാരുതി സുസുകിയുടെ കുപ്പായമണിഞ്ഞ് എത്തുക.
പുതിയ എം.പി.വി ഉപഭോക്താക്കൾക്ക് മാരുതിയിൽ നിന്നുള്ള പ്രീമിയം പാക്കേജ് ആയിരിക്കും. പ്ലാറ്റ്ഫോമും ടെക്കും മറ്റ് മെക്കാനിക്കൽ ഭാഗങ്ങളും ടൊയോട്ട ഇന്നോവ ഹൈക്രോസുമായി പങ്കിടും. ഇന്നോവ ഹൈക്രോസിൽ നിന്ന് വ്യത്യസ്തമാക്കുന്നതിന് പുതിയ എം.പി.വി യ്ക്ക് അതിന്റെ പുറംഭാഗങ്ങളിൽ നിരവധി മാറ്റങ്ങൾ മാരുതി വരുത്തും. എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും, മെഷീൻ കട്ട് അലോയി വീലുകൾ, ക്രോം ആക്സന്റുകൾ എന്നിങ്ങനെ നിരവധി പുതിയ ഘടകങ്ങൾ കൂട്ടിച്ചേർക്കാൻ സാധ്യതയുണ്ട്.
ഫീച്ചറുകൾ ഹൈക്രോസിന് സമാനമായിരിക്കും. ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ആറ് എയർബാഗുകൾ, റിവേഴ്‌സിംഗ് ക്യാമറ, ISOFIX സീറ്റ് മൗണ്ടുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, 10.1 -ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, പവർഡ് ഫ്രണ്ട് സീറ്റ്, ആംബിയന്റ് ലൈറ്റിങ് എന്നിവ പുതിയ മാരുതി എം.പിവി വാഗ്ദാനം ചെയ്യും.
സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകൾക്ക് പുറമേ, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ലെയിൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ഓട്ടോമാറ്റിക് ഹൈ ബീം തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്ന എഡാസ് സുരക്ഷാ സാങ്കേതികവിദ്യയും പുതിയ മാരുതി എംപിവിയിൽ ലഭ്യമാക്കാൻ സാധ്യതയുണ്ട്. ടൊയോട്ട ഇന്നോവ ഹൈക്രോസിനെപ്പോലെ, ഈ പുതിയ മാരുതി എംപിവിക്കും 2.0 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ 2.0 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും.
ഇതിൽ ആദ്യത്തേത്, പുതിയ 2.0 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ പരമാവധി 174 PS പവർ ഔട്ട്പുട്ടും പരമാവധി 205 Nm torque ഔട്ട്പുട്ടും നൽകുന്നു. മറുവശത്ത് 2.0 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് യഥാക്രമം 186 PS പവറും 206 Nm പരമാവധി torque ഉം നൽകുന്നു. ഈ രണ്ട് എഞ്ചിനുകളും ഫ്രണ്ട് വീലുകളിലേക്ക് പവർ ചാനൽ ചെയ്യുകയും സി.വി.ടി ഗിയർബോക്സുമായി കണക്ട് ചെയ്യുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.