സർവ്വീസിനെത്തിച്ച കാറിന്റെ ബോണറ്റ് തുറന്നവർ ഞെട്ടി; ഉള്ളിൽ വിശ്രമിക്കുന്നത് കൂറ്റൻ പെരുമ്പാമ്പ്
text_fieldsസര്‍വീസ് ചെയ്യാനായി നല്‍കിയ കാറിന്റെ ബോണറ്റ് തുറന്ന ജീവനക്കാർ കണ്ടത് കൂറ്റൻ പെരുമ്പാമ്പിനെ. ഗോവയിലാണ് സംഭവം. സർവ്വീസ് സെന്റിൽ എത്തിച്ച ഫോക്സ് വാഗണ്‍ പോളോയുടെ എഞ്ചിന്‍ ബേയ്ക്കുള്ളിലാണ് കൂറ്റന്‍ പെരുമ്പാമ്പ് വിശ്രമിച്ചിരുന്നത്. ഉടമ കാര്‍ സര്‍വീസിനായി നല്‍കി രണ്ട് ദിവസത്തിനുശേഷം വാഹനത്തിന്റെ എഞ്ചിന്‍ ബോണറ്റ് തുറന്നപ്പോഴാണ് പെരുമ്പാമ്പ് അവിടെ ചുരുണ്ടുകൂടി വിശ്രമിക്കുന്ന കാഴ്ച മെക്കാനിക്ക് കണ്ടത്.
പെരുമ്പാമ്പിനെക്കുറിച്ചുള്ള വാര്‍ത്ത പരന്നതോടെ കാഴ്ച കാണാന്‍ വന്‍ ജനക്കൂട്ടം സ്ഥലത്തെത്തി. പാമ്പിനെ എഞ്ചിന്‍ ബേയില്‍ നിന്ന് പുറത്തെത്തിക്കാന്‍ ഗാരേജ് ജീവനക്കാര്‍ ശ്രമിച്ചെങ്കിലും വിഫലമായി. പെരുമ്പാമ്പിനെ പുറത്ത് ചാടിപ്പിക്കാനായി അവര്‍ വടി ഉപയോഗിച്ച് അടിച്ചെങ്കിലും അത് അനങ്ങിയില്ല. പിന്നാലെ പാമ്പ് പിടുത്തക്കാരനെ വിളിച്ചുവരുത്തിയാണ് പാമ്പിനെ പിടികൂടിയത്. ശേഷം പെരുമ്പാമ്പിനെ വനംവകുപ്പിന് കൈമാറി.
ഇന്ത്യന്‍ റോക്ക് പൈത്തണ്‍ എന്നറിയപ്പെടുന്ന വിഷമില്ലാത്ത പെരുമ്പാമ്പാണ് കാറിനുള്ളില്‍ കയറിക്കൂടിയത്. ഇരയെ വരിഞ്ഞ് മുറുക്കി കൊല്ലുന്ന ഇവ ചില സന്ദർഭങ്ങളിൽ അപകടകാരികളാണ്. ഇന്ത്യയില്‍ ഇതാദ്യമായല്ല കാറുകള്‍ക്കുള്ളില്‍ പാമ്പ് കയറുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാറില്‍ പാമ്പ് കയറിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശരീരത്തിന് ചൂട് നിലനിര്‍ത്താനായിട്ടാണ് ചൂടുള്ള അന്തരീക്ഷം പാമ്പുകള്‍ തേടുന്നത്. ലോഹം കൊണ്ട് നിര്‍മ്മിച്ച വാഹനങ്ങള്‍ ഇഴജന്തുകള്‍ നല്ല ഓപ്ഷനാക്കി മാറ്റും.
ശൈത്യകാലത്ത് ഇക്കാര്യത്തിൽ നല്ല ശ്രദ്ധ വേണമെന്ന് വിദഗ്ധർ പറയുന്നു. വാഹനത്തില്‍ കയറുന്നതിന് മുമ്പ് സൂക്ഷ്മമായ നിരീക്ഷണം ആവശ്യമാണ്. പാമ്പുകള്‍ക്ക് ചെറിയ വിള്ളലുകളിലൂടെ വാഹനത്തിനുള്ളില്‍ പ്രവേശിക്കാന്‍ പറ്റും. അതിനാല്‍ വണ്ടി എടുക്കുന്നതിന് മുമ്പ് ബൂട്ട് തുറന്ന് ചെറിയ പരിശോധന നടത്തുന്നത് നല്ലതാണ്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഉപയോഗിക്കുന്ന വാഹനമാണെങ്കിൽ ഇത് നിര്‍ബന്ധമായും ചെയ്യണം.പുല്ലുകള്‍ നിറഞ്ഞ പ്രദേശത്ത് കാര്‍ പാര്‍ക്ക് ചെയ്യുന്നത് കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.