ആ താരകം മണ്ണിലിറങ്ങിയിട്ട് 100 വർഷങ്ങൾ; ബെൻസ് എന്ന മോഹമഞ്ഞ
text_fieldsചിലർക്കത് വിജയിച്ച മനുഷ്യരുടെ ലക്ഷണമാണ്. ചിലർക്കാകട്ടെ സ്വപ്ന സാഫല്യവും. ചിലർക്കിത് ആഡംബരങ്ങളുടെ താവളമാണ്. മറ്റുചിലർക്ക് സുരക്ഷയുടെ തൊട്ടിലിടവും. പറഞ്ഞുവരുന്നത് മെഴ്‌സിഡസ് ബെൻസ് എന്ന വാഹനത്തെകുറിച്ചാണ്. ശരാശരി മനുഷ്യന്‍റെ സ്വപ്ന സഞ്ചാരങ്ങൾക്ക് എന്നും ബെൻസായിരുന്നു സഹചാരി. ബെൻസ് എന്നുപറഞ്ഞാൽ മനസിൽ മിന്നിമായുന്നത് ഒരു നക്ഷത്രമാണ്. മൂന്ന് കാലുകളുള്ള ആ നക്ഷത്രം കമ്പനിയുടെ ഭാഗമായിട്ട് 100 വർഷങ്ങൾ പിന്നിടുകയാണ്.
1921 നവംബർ അഞ്ചിനാണ് ഡെയിംലർ ബെൻസ് എന്ന ഇതിഹാസ മാനങ്ങളുള്ള വാഹന നിർമാതാവ് തങ്ങളുടെ ലോഗോ രജിസ്റ്റർ ചെയ്തത്. വർഷങ്ങൾക്കുശേഷം നാല് കാലുകളുള്ള മറ്റൊരു നക്ഷത്രവും ബെൻസ് രജിസ്റ്റർ ചെയ്തിരുന്നു. 1989ൽ ആരഭിച്ച ഡെയ്‌ംലർ-ബെൻസ് എയ്‌റോസ്‌പേസ് എന്ന ഉപവിഭാഗം ഉപയോഗിക്കുന്നത് ആ സ്റ്റാറാണ്. നൂറ്റാണ്ടിന്‍റെ പ്രയാണത്തിൽ ബെൻസ് ലോഗോക്ക് നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും പ്രധാന ഘടകമായ മൂന്ന് കാലുള്ള നക്ഷത്രവും ചുറ്റുമുള്ള വളയവും ഇപ്പോഴും അവിടെയുണ്ട്.
ചരിത്രം
എഞ്ചിനീയറിംഗിലും മെക്കാനിക്സിലും അഭിനിവേശമുള്ള രണ്ട് ദീർഘദർശികളാണ് മെഴ്‌സിഡസ്-ബെൻസ് സൃഷ്ടിച്ചത്. കാൾ ബെൻസും ഗോത്ലീബ് ഡെയിംലറുമാണ് ആ മനുഷ്യർ. ഇരുവരും ആദ്യം സ്വന്തം നിലയിലാണ് വാഹനങ്ങൾ നിർമിച്ചിരുന്നത്. 1886ൽ കാൾ ബെൻസ് തന്റെ ആദ്യത്തെ യന്ത്രവത്കൃത മുച്ചക്ര വാഹനം നിർമ്മിച്ചു. ഈ സമയംതന്നെ ഗോത്ലീബ് ഡെയിംലർ കുതിരയില്ലാത്ത ഒരു വണ്ടിയും നിരത്തിലിറക്കി. ഇവിടെ രണ്ട് പേരുകൾകൂടി നാം ഓർക്കേണ്ടതുണ്ട്. വിൽഹോം മേബാക്കിേന്റതും എമിൽ ജെല്ലനിക്കിേന്റതുമാണത്. ഡെയിംലറോടൊപ്പം പ്രവർത്തിച്ചിരുന്ന എഞ്ചിനീയറായിരുന്നു മേബാക്ക്. ജെല്ലനിക് ആകട്ടെ ഒരു ബിസിനസുകാരനും.
ബെൻസിനോടൊപ്പം നാം ചേർത്തുവായിക്കുന്ന മെഴ്‌സിഡസ് സാക്ഷാൽ ജെല്ലനികിന്‍റെ മകളാണ്. ഈ നാലുപേരും തമ്മിലുള്ള ബന്ധം തികച്ചും കച്ചവടപരമാണ്. ബെൻസും ഡെയിംലറും ഉണ്ടാക്കുന്ന കാറുകൾ വിറ്റിരുന്നത് ജെല്ലനിക് ആണ്. മികച്ച കച്ചവടക്കാരനായിരുന്നു അന്നേ ജെല്ലനിക്. റോത്സ് ചൈൽഡ് പോലുള്ള അതിസമ്പന്ന കുടുംബങ്ങൾക്കും അമേരിക്കൻ ലക്ഷപ്രഭുക്കളുമൊക്കെയായിരുന്നു ജെല്ലനിക്കിൽ നിന്ന് കാറുകൾ വാങ്ങിയിരുന്നത്.
1921 നവംബർ അഞ്ചിന് മൂന്ന് സ്റ്റാർ ലോഗോ രജിസ്റ്റർ ചെയ്യുന്നത് ഡെയിംലറാണ്. തുടർന്നാണ് ജർമനി യുദ്ധങ്ങളുടെ കെടുതിയിലേക്ക് വഴുതിവീഴുന്നത്. പിന്നീട് 1926ൽ ഡെയിംലറും ബെൻസും ലയിക്കുകയും മെഴ്‌സിഡസ് എന്ന ബ്രാൻഡ് നെയിം ഉടലെടുക്കുകയും ചെയ്തു. 1927-ൽ ഏകദേശം 7,000 മെഴ്‌സിഡസ്-ബെൻസ് കാറുകൾ നിർമ്മിക്കപ്പെട്ടു. അതിവേഗംതന്നെ വിപണിയിലെ ഏറ്റവും മികച്ച വാഹനമെന്ന പേര് കമ്പനി നേടിയെടുത്തു.
ലോഗോ പറയുന്നത്
കര, കടൽ, വായു എന്നിവയെയാണ് മൂന്ന് പോയിന്‍റുള്ള സ്റ്റാർ സൂചിപ്പിക്കുന്നത്. മുന്നിലൂടെയും ഓടുന്ന മോട്ടോർ വാഹനങ്ങൾ നിർമിക്കുക എന്നതാണ് ബെൻസിന്‍റെ സ്വപ്നം. സ്വർണ്ണ നിറത്തിലാണ് ലോഗോ ആദ്യം രൂപകൽപ്പന ചെയ്തിരുന്നത്. ഫാമിലി പോസ്റ്റ് കാർഡുകൾ അടയാളപ്പെടുത്താൻ ഉപയോഗിച്ച ഒരു ചിഹ്നമാണ് ഈ ഡിസൈന് പ്രചോദനമായത്. പിന്നീട് നിരവധി പരിണാമങ്ങളിലുെയാണ് ഇന്നീ കാണുന്ന രീതിയിലേക്ക് ലോഗോ മാറിയത്. ഇന്ന്, മധ്യഭാഗത്ത് മൂന്ന് കാലുകളുള്ള ഒരു വെള്ളി വൃത്തമാണ് ബെൻസ് ലോഗോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.