ചാറ്റ് ജി.പി.ടിയെ വാഹനങ്ങളിൽ ഉൾപ്പെടുത്തി ബെൻസ്; വോയ്സ് അസിസ്റ്റ് ഇനിമുതൽ കൂടുതൽ കൃത്യമാകും
text_fieldsഎ.ഐ അധിഷ്ഠിത ചാറ്റ്ബോട്ടായ ജി.പി.ടിയെ വാഹനങ്ങളിൽ ഉൾപ്പെടുത്തി മെർസിഡീസ് ബെൻസ്. ഇൻ-കാർ വോയ്‌സ് കൺട്രോൾ അനുഭവം മെച്ചപ്പെടുത്താനായാണ് ബെൻസ് ചാറ്റ് ജി.പി.ടിയെ വാഹനങ്ങളിലേക്ക് ഇന്റഗ്രേറ്റ് ചെയ്യുന്നത്. ബെൻസിന്റെ എം.ബി.യു.എക്സ് ഇൻഫോടൈൻമെന്റ് യൂനിറ്റുകളിൽ ചാറ്റ് ജി.പി.ടി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച്ച മുതൽ ബീറ്റ പ്രോഗ്രാമായാണ് എം.ബി.യു.എക്സ് ഇൻഫോടൈൻമെന്റ് യൂനിറ്റുകളിൽ ചാറ്റ് ജി.പി.ടി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ജർമൻ വാഹനഭീമന്റെ 9,00,000 വാഹനങ്ങളിലാണ് ചാറ്റ് ജി.പി.ടിയുടെ സേവനം ലഭിക്കുക. ആദ്യ ഘട്ടത്തിൽ യു.എസിൽ മാത്രമാണ് ഓപ്പൺ എ.ഐയുടെ ഈ നിർമിത ബുദ്ധി ലഭ്യമാവുക. സംഭവം വിജയകരമായാൽ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.
ബെൻസ് ഉടമകൾക്ക് വിവരങ്ങൾ ചോദിച്ചറിയാനാകും എ.ഐയെ ഉപയോഗപ്പെടുത്തുക. ഇനിമുതൽ ‘ഹേയ് മെർസിഡീസ്’ വോയ്‌സ് കമാൻഡ് ഉപയോഗിച്ച് ഡ്രൈവർമാർക്ക് തങ്ങളുടെ വാഹനങ്ങളുമായി കൂടുതൽ കൃത്യമായും സ്വാഭാവികവുമായും സംവദിക്കാനാകും.
ചാറ്റ് ജി.പി.ടി നൽകുന്ന വോയ്‌സ് അസിസ്റ്റന്റ് ഡ്രൈവറും കാറും തമ്മിൽ തടസമില്ലാത്ത ആശയവിനിമയം സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം കമാൻഡ് പോർട്ട്‌ഫോളിയോയുടെ വിപുലീകരണവും നടക്കും. സ്‌പോർട്‌സും കാലാവസ്ഥാ അപ്‌ഡേറ്റുകൾ പോലുള്ള സവിശേഷതകൾ വാഹനത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്. കൂടാതെ വിവിധ സ്മാർട്ട് ഫംഗ്‌ഷനുകളുടെ നിയന്ത്രണവും ചാറ്റ് ബോട്ടിനെ ഏൽപ്പിക്കാനാണ് മെർസിഡീസിന്റെ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.