കരീന കപൂറിെൻറ പോർഷെ മുതൽ ക്രിസ്ലറും ഡി.സിയും വരെ; മോൻസെൻറ ഗ്യാരേജ് വ്യാജ വാഹനങ്ങളാൽ സമ്പന്നം
text_fieldsവ്യാജ പുരാവസ്തുക്കൾ കാണിച്ച് ആളെ പറ്റിച്ചിരുന്ന മോൺസൺ മാവുങ്കലിെൻറ ഗ്യാരേജിലുള്ളത് 30ഒാളം ആഡംബര കാറുകൾ. ഇതിൽ പലതും മോൺസെൻറ പുരാവസ്തുക്കൾ പോലെതന്നെ വ്യാജ വാഹനങ്ങളാണ്. കരീന കപൂറിെൻറ പോർഷെ മുതൽ ക്രിസ്ലറും ഡി.സിയും ബെൻസും റേഞ്ച് റോവറുമെല്ലാം മോൺസൺ വാങ്ങിക്കൂട്ടിയിരുന്നു. കാറുകളിൽ ഭൂരിഭാഗവും മഹാരാഷ്ട്ര, ഡൽഹി, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തവയാണ്. ഇവയിൽ മിക്കതിനും കൃത്യമായ രേഖകൾ ഉണ്ടായിരുന്നില്ല. രസകരമായ കാര്യം മോൺസെൻറ വാഹനങ്ങളിൽ അധികവും ഒാടാത്തവയാണ് എന്നതാണ്. തെൻറ വീട്ടിൽ വരുന്നവരെ അമ്പരപ്പിക്കാനുള്ള ഒരു തന്ത്രമായിരുന്നു മോൺസണിന് കാറുകൾ.
ആഡംബര സെഡാനുകൾ, സ്പോർട്സ് കാറുകൾ, എസ്.യു.വികൾ എന്നിവയെല്ലാം ആലപ്പുഴയിലെ ചേർത്തല, കൊച്ചിയിലെ കലൂർ എന്നിവിടങ്ങളിലെ വീട്ടിൽ മോൻസൺ സൂക്ഷിച്ചിരുന്നു. ഒന്നുരണ്ട് കാരവനുകളും ഇതോടൊപ്പം ഉണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ മോൺസണിെൻറ ഡ്രൈവറായി ജോലി ചെയ്തിരുന്ന അജിത് പറയുന്നത് ഈ കാറുകളിലധികവും വാങ്ങിയത് ബംഗളൂരുവിലെ ത്യാഗരാജൻ എന്ന സെക്കൻഡ്ഹാൻഡ് ആഡംബര കാർ ഡീലറിൽ നിന്നാണെന്നാണ്.
'വർഷങ്ങൾ നീണ്ട ഉപയോഗത്തിനും വലിയ പരാതികൾക്കും ശേഷം കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന ഇറക്കുമതി ചെയ്ത വാഹനങ്ങളാണിവ. ബംഗളൂരുവിൽ നിന്ന് മോൺസൺ 12 കാറുകൾ വാങ്ങിയിരുന്നു. പൊതുജനങ്ങൾക്ക് മുന്നിൽ കാറുകൾ കാണിക്കുകയും പണക്കാരനാണെന്ന പ്രതീതി സൃഷ്ടിക്കുകയുമായിരുന്നു അയാൾ ചെയ്തിരുന്നത്. കാറുകൾ വാങ്ങിയതിന് മോൺസൺ ഇപ്പോഴും ത്യാഗരാജന് പണം കൊടുക്കാനുണ്ട്'-അജിത് പറഞ്ഞു.
മോൺസൺ കൂടുതലും യാത്ര ചെയ്തിരുന്നത് ഇറക്കുമതി ചെയ്ത 2000മോഡൽ എം.യു.വിയായ ഡോഡ്ജ് ഗ്രാൻഡ് കാരവനിലാണ്. അത് കുറച്ച് ലക്ഷം രൂപയ്ക്കാണ് വാങ്ങിയതെന്നും ഡ്രൈവർ പറയുന്നു. അജിത് പറയുന്നതനുസരിച്ച്, ഈ കാറും കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും കഴിഞ്ഞ കുറെ വർഷങ്ങളായി ഇത് കൊച്ചിയിലാണ് ഉപയോഗിക്കുന്നത്. കാറിെൻറ രജിസ്ട്രേഷൻ കാലാവധി 2020 ൽ അവസാനിച്ചു.
അതുപോലെ, ക്രിസ്ലർ 300ന് ഇപ്പോഴും താൽക്കാലിക രജിസ്ട്രേഷൻ ഉണ്ടെങ്കിലും അത് വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചാണ് ഒാടിക്കുന്നത്. ലെക്സസ്, റേഞ്ച് റോവർ, ഇന്ത്യൻ സ്പോർട്സ് കാർ ഡിസി അവന്തി, മെഴ്‌സിഡസ് ബെൻസ് എസ് ക്ലാസ്, മിത്സുബിഷി എസ്‌യുവി എന്നിവയും മോൺസെൻറ പക്കലുണ്ട്. ഇടക്ക് പുതിയൊരു ഫോക്സ്വാഗൺ ഫേറ്റോൺ എന്ന മോഡലും വാങ്ങിയിരുന്നു. അതുപോലെ, 1990-കളിൽ നിർമിച്ച് ഇറക്കുമതി ചെയ്ത ജിഎംസി കാരവനും മോൺസൺ വീട്ടിൽ സൂക്ഷിച്ചിരുന്നു.
പണം തട്ടിയെടുത്തവർക്ക് കാർ നൽകുന്ന ശീലവും മോൺസണ് ഉണ്ടായിരുന്നു. അഞ്ച് കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ രണ്ടുപേർക്ക് മോൺസൺ ബിഎംഡബ്ല്യുവും പോർഷെയും സമ്മാനിച്ചിട്ടുണ്ട്. അതുപോലെ, ഒരു ബിസിനസ് ഗ്രൂപ്പിന് ഉടമയിൽ നിന്ന് ആറ് കോടി രൂപ വാങ്ങിയ ശേഷം ആറ് ആഡംബര കാറുകൾ നൽകിയിരുന്നു.
നടി കരീന കപൂറിെൻറ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന പോർഷെ കയെൻ എസ്‌യുവിയും ഇത്തരത്തിൽ ഇവർക്ക് നൽകി. പിന്നീട് ഇവർതമ്മിലുള്ള തർക്കം രൂക്ഷമാവുകയും ചേർത്തല പോലീസ് 20 ആഡംബര കാറുകൾ പിടിച്ചെടുക്കുകയും ചെയ്തു. കാറുകൾ സിനിമാ അഭിനേതാക്കൾക്ക് വാടകയ്ക്ക് കൊടുത്ത് വരുമാനം ഉണ്ടാക്കാമെന്ന് പറഞ്ഞാണ് മോൺസൻ ബിസിനസ് ഗ്രൂപ്പിന് നൽകിയത്. മോൺസണിെൻറ വാഹനങ്ങളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്ന അവസ്ഥയിലല്ലെന്നാണ് എം.വി.ഡി പറയുന്നത്. മോൺസെൻറ ഇതര സംസ്ഥാന കാറുകൾ കൊച്ചിയിൽ ഉപയോഗിക്കുന്നതായി കാണുന്നില്ലെന്നും ചേർത്തല പ്രദേശത്ത് ചിലത് ഉപയോഗിക്കുന്നതായി ഞങ്ങൾ അറിഞ്ഞതായും മതിയായ തെളിവുണ്ടെങ്കിലോ പരാതി ലഭിച്ചാലോ കേസ് രജിസ്റ്റർ ചെയ്യുമെന്നും എം.വി.ഡി ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.