റൂട്ട് തെറ്റിച്ച് ദുൽഖർ?, പിന്നിലേക്കെടുപ്പിച്ച് ട്രാഫിക് പൊലീസ്; വൈറലായി വീഡിയോ
text_fieldsഅബദ്ധത്തിൽ റൂട്ട് തെറ്റിച്ച് വാഹനമോടിച്ചുവന്ന ദുൽഖർ സൽമാനെ ട്രാഫിക് പൊലീസ് തിരിച്ചയക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. നടൻ അടുത്തിടെ വാങ്ങിയ നീല നിറത്തിലുള്ള പോർഷെ പനമേര ടർബോ സ്േപാർട്സ് കാറാണ് കഥയിലെ നായകൻ. നാല് വരി പാതയിൽ ഡിവൈഡറിന് സമീപത്തുകൂടി റൂട്ട് തെറ്റിച്ചുവരുന്ന പോർഷെയാണ് വീഡിയോയിലുള്ളത്.
മമ്മൂട്ടിയെന്ന പേരിനോടൊപ്പം ഇഴുകിച്ചേർന്ന 369 എന്ന നമ്പരിൽ നിന്നാണ് വാഹനയാത്രികർ കാർ തിരിച്ചറിഞ്ഞത്. റൂട്ട് തെറ്റിച്ച് ഏറെദൂരം മുന്നിലേക്കുവന്ന വാഹനം ട്രാഫിക് പൊലീസ് തടയുന്നതും വീഡിയോയിൽ കാണാം. തുടർന്ന് വാഹനം റിവേഴ്സിൽ തിരികെ പോകുന്നു. കൃത്യമായ റൂട്ടിൽ മുന്നോട്ട് കുതിക്കുന്ന പനമേരയെ ബൈക്കിൽ യുവാക്കൾ പിന്തുടരുന്നുമുണ്ട്. ഇവർ വാഹനം ഓവർടേക്ക് ചെയ്ത് എടുത്ത വീഡിയോയിൽ ഡ്രൈവിങ് സീറ്റിൽ ദുൽഖറെ കാണാനാകും. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
2018 ലാണ് ദുൽഖർ പനമേര വാങ്ങുന്നത്. നാലുപേർക്ക് സഞ്ചരിക്കാവുന്ന അപൂർവ്വം സ്പോർട്സ് കാറുകളിലൊന്നാണ് പോർഷെ പനമേര. വാങ്ങിയ സമയത്ത് വാഹനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇന്‍റർനെറ്റിൽ വൈറലായിരുന്നു. പോർഷെ പനമേര ടർബോ വളരെ ശക്തമായ കാറാണ്. ഇന്ത്യയിൽ, 2018 പതിപ്പ് ഇ-ഹൈബ്രിഡ്, ടർബോ വേരിയന്റുകളിൽ ലഭ്യമാണ്. 4.0 ലിറ്റർ വി 8 എഞ്ചിനാണ് ടർബോ വേരിയന്‍റിന് കരുത്ത് പകരുന്നത്.
543 ബിഎച്ച്പികരുത്തും 770 എൻഎം ടോർക്കും വാഹനം ഉത്പാദിപ്പിക്കും. ഫ്രണ്ട് എഞ്ചിൻ റിയർ വീൽ ഡ്രൈവ് കാറായ ഇത് വെറും 3.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. 8 സ്പീഡ് പിഡികെ ട്രാൻസ്മിഷനാണ്. ഇരട്ട-ക്ലച്ച് ട്രാൻസ്മിഷനായതിനാൽ ലൈറ്റ്നിങ് സ്മൂത്ത് ഗിയർഷിഫ്റ്റാണ് വാഹനത്തിന്‍റെ പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.