ധോണിയുടെ പുതിയ വാഹനം 52 വർഷം പഴക്കമുള്ള ലാൻഡ് റോവർ; സ്വന്തമാക്കിയത് ലേലത്തിൽ
text_fields52 വർഷം പഴക്കമുള്ള ലാൻഡ് റോവർ സ്വന്തമാക്കി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ മഹേന്ദ്ര സിങ് ധോണി.കഴിഞ്ഞ ദിവസം ബിഗ് ബോയ് ടോയ്‌സിൽ നടന്ന ലേലത്തിലാണ് ധോണി വിന്റേജ് ലാൻഡ് റോവർ സീരീസ് III വാങ്ങിയത്.മൂന്നുവർഷം മുമ്പ് ക്ലാസിക് ഗ്യാരേജിന് ലഭിച്ച വാഹനമാണ് ലാൻഡ് റോവർ സീരീസ് III. 52 വർഷം പഴക്കമുള്ള എസ്‌യുവി പരിഷ്കരിച്ചാണ് ഇന്നുകാണുന്ന രൂപത്തിലാക്കിയത്.
1974 ലെ ലാൻഡ് റോവർ മോഡലാണിത്. വാഹനത്തിെൻറ പുനർനിർമാണത്തിന് രണ്ട് വർഷമെടുത്തു. ഷാസി അഴിച്ചുമാറ്റി, ബോഡി പാനലുകളിൽ തുരുമ്പുള്ള പാനലുകൾ മാറ്റി മെക്കാനിക്കലുകളും പുനർനിർമിച്ചാണ് വാഹനം ഇന്നുകാണുന്ന നിലയിലാക്കിയത്. 1971 മുതൽ 1985 വരെ സീരീസ് 3 യുെട ഏകദേശം 4,40,000 യൂനിറ്റുകൾ ലാൻഡ് റോവർ നിർമിച്ചിട്ടുണ്ട്. 2.25 ലിറ്റർ, നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ധോണി സ്വന്തമാക്കിയത് സീരീസ് 3യുടെ സ്റ്റേഷൻ വാഗൺ പതിപ്പാണ്. ഇത് വളരെ അപൂർവമായ വാഹനമാണ്.
ഏതൊരു പഴയ എസ്‌യുവിയും പോലെ, സീരീസ് 3യും ബോക്‌സി ആകൃതിയുള്ള വാഹനമാണിത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, റണ്ണിങ് ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയുമുണ്ട്. ചതുരാകൃതിയിലുള്ളതാണ് ഗ്രിൽ. സ്റ്റീൽ ബമ്പറും ബോണറ്റിൽ സ്പെയർ ടയറും സ്ഥാപിച്ചിട്ടുണ്ട്.
പഴയ വാഹനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടായതിനാൽ പുതിയ ബോഡി പാനലുകൾ സ്വയം നിർമിച്ചാണ് ക്ലാസിക് ഗ്യാരേജ് വാഹനം പൂർത്തിയാക്കിയത്.ഇതോടൊപ്പം എം.എസ്. ധോണിക്ക് മറ്റ് നിരവധി വിന്റേജ് വാഹനങ്ങളും ഉണ്ട്. പോണ്ടിയാക് ഫയർബേർഡ് ട്രാൻസ്ആം, 1969 ഫോർഡ് മസ്താങ്ങ്, നിസ്സാൻ 1 ടൺ പിക്കപ്പ് ട്രക്ക് എന്നിവയും ധോണി നേരത്തേ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഒരു റോൾസ് റോയ്‌സ് സിൽവർ റൈത്തും ധോണി വാങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.