ട്രെയിനിൽ മോശം ഭക്ഷണം വിളമ്പി; യാത്രക്കാരന്‍റെ പരാതിയിൽ കേറ്ററിങ് ഏജൻസിക്ക് പിഴ
text_fieldsയാത്രക്കാരന്‍റെ പരാതിയിൽ കേറ്ററിങ് കമ്പനിക്ക് പിഴശിക്ഷ വിധിച്ച് റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). അനൂജ് കുമാർ ഗുപ്ത (35) നൽകിയ പരാതിയിലാണ് നടപടി. 5000 രൂപയാണ് പിഴയായി ചുമത്തിയത്.
കുടുംബാംഗങ്ങൾക്കൊപ്പം പുരിയിൽ നിന്ന് മുംബൈയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് യുവാവിന് ദുരനുഭവം ഉണ്ടായത്. അച്ഛൻ ദീപക് ഗുപ്ത, അമ്മ രമാ ഗുപ്ത, സഹോദരൻ അനേഷ് ഗുപ്ത എന്നിവർക്കൊപ്പമാണ് കോപാർ ഖൈരാനെ നിവാസിയായ അനൂജ് കുമാർ ഗുപ്ത യാത്ര ചെയ്തത്. നാലംഗ കുടുംബം ട്രെയിനിൽവച്ച് വാങ്ങിയ വെജിറ്റേറിയൻ ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നായിരുന്നു പരാതി. കൂടാതെ ഭക്ഷണത്തിനൊപ്പം നൽകുന്ന തൈര് നൽകിയില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. കാണാതായ തൈര് 30 രൂപയ്ക്ക് കച്ചവടക്കാർ പ്രത്യേകം വിൽക്കുകയാണെന്നും ഗുപ്ത ആരോപിച്ചിരുന്നു.
‘പുരിയിൽ നിന്ന് ലോകമാന്യ തിലക് ടെർമിനസിലേക്ക് (LTT) സെപ്തംബർ 27നാണ് ഞങ്ങൾ യാത്ര ചെയ്തത്. ഐആർസിടിസി വെബ്‌സൈറ്റ് പ്രകാരം ഭക്ഷണത്തിന്‍റെ നിരക്ക് 80 രൂപയായിരുന്നു. എന്നാൽ ട്രെയിനിൽ ഇതേ ഭക്ഷണം 150 രൂപയ്ക്കാണ് വിറ്റിരുന്നത്. തുടർന്ന് പാൻട്രി കാർ മാനേജർ സന്തോഷ് റാത്തോഡിനെ സമീപിക്കുകയും അദ്ദേഹം ഭക്ഷണം 80 രൂപയ്ക്ക് നൽകുകയും യയ്തു. ഞങ്ങൾ നാല് പൊതികളാണ് വാങ്ങിയത്’-അനൂജ് കുമാർ ഗുപ്ത പറയുന്നു.
‘ഭക്ഷണം മോശം നിലവാരമുള്ളതായിരുന്നു. ഐആർസിടിസി മെനുവിൽ ഓരോ പൊതിയിലും നാല് ചപ്പാത്തി എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഞങ്ങളുടെ താലിയിൽ രണ്ട് ചപ്പാത്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മെനുവിൽ കട്ടിയുള്ള പരിപ്പിന് പകരം വെള്ളമുള്ള പരിപ്പാണ് ലഭിച്ചത്. തൈര് ഉണ്ടായിരുന്നില്ല. ഈ ട്രെയിനിൽ രണ്ട് ചപ്പാത്തി മാത്രമാണ് നൽകിയതെന്നും തൈര് സ്റ്റോക്ക് തീർന്നെന്നും കച്ചവടക്കാരൻ ഞങ്ങളോട് പറഞ്ഞു. പയറ് ആവശ്യത്തിന് ലഭിക്കാത്തതിനാൽ പരിപ്പ് വെള്ളമാണെന്നും പറയുകയായിരുന്നു. വിൽപ്പനക്കാരൻ തന്റെ പേര് വെളിപ്പെടുത്താൻ വിസമ്മതിക്കുകയും ചെയ്തു’-ഗുപ്ത പറഞ്ഞു. കാണാതായ തൈര് 30 രൂപയ്ക്ക് ഒറ്റ ഇനമായി വിൽക്കുന്ന കച്ചവടക്കാരെ പിന്നീട് കണ്ടതായും ഗുപ്ത പറയുന്നു.
ഗുണനിലവാരമില്ലാത്ത ഭക്ഷണത്തിനും തൈര് നൽകാത്തതിനും കരാറുകാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുപ്ത ഐആർസിടിസി വെബ്‌സൈറ്റിൽ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.