റിവർ ക്രൂസിന് ഗംഗാ വിലാസ് റെഡി; ആഡംബര ബോട്ട് യാത്രയ്ക്ക് ഒരു ദിവസത്തെ ചിലവ് 25,000 രൂപ
text_fieldsലോകത്തിലെ ഏറ്റവും നീളംകൂടിയ ക്രൂസ് ബോട്ട് എന്ന വിശേഷണവുമായി എം.വി ഗംഗാ വിലാസ് യാത്ര ആരംഭിച്ചു. സഞ്ചാരികൾക്ക് ആഡംബര ബോട്ട് യാത്രാ അനുഭവം നൽകുകയാണ് ബോട്ടിലൂടെ ലക്ഷ്യമിടുന്നത്. വാരണാസിയില്‍ നിന്നാരംഭിച്ച് ബംഗ്ലാദേശിലൂടെ അസമിലെ ദിബ്രുഗഡില്‍ പൂര്‍ത്തിയാകുന്ന യാത്രയെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീജല യാത്രയെന്നാണ് അറിയപ്പെടുന്നത്.
ആഡംബരത്തിന്റെ അവസാന വാക്ക്
ആഡംബരത്തിന്റെ അവസാന വാക്ക് എന്നാണ് എം.വി ഗംഗാ വിലാസിനെ വിശേഷിപ്പിക്കേണ്ടത്. 27 നദികളിലൂടെ 51 ദിവസം നീളുന്ന റിവര്‍ ക്രൂസ് ടൂറിസമാണ് എംവി ഗംഗാ വിലാസിലൂടെ പൂർത്തിയാവുന്നത്. ഒരു ദിവസം യാത്ര ചെയ്യാൻ 25,000 രൂപയും 51 ദിവസത്തെ ക്രൂസിന് ഒരു യാത്രക്കാരന് 20 ലക്ഷം രൂപയുമാണ് ചിലവ് വരുന്നത്. കപ്പൽ അതിന്റെ 51 ദിവസത്തെ യാത്രയിൽ 3,200 കിലോമീറ്റർ ദൂരം പിന്നിടും. വിദേശ വിനോദസഞ്ചാരികൾക്ക് രാജ്യം കാണാനും വൈവിധ്യം അനുഭവിക്കാനും എംവി ഗംഗാ വിലാസ് ആഡംബര കപ്പൽ അവസരമൊരുക്കുമെന്നാണ് പ്രതീക്ഷ.
ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ പാർക്കുകൾ എന്നിവയുൾപ്പെടെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങളും ബോട്ട് യാത്രയിൽ സന്ദർശിക്കാം. 62 മീറ്റർ നീളവും 12 വീതിയുമുള്ളഗംഗാ വിലാസിൽ 3 ഡെക്കുകളും 18 സ്വീറ്റുകളുമാണുള്ളത്. 36 വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങളാണ് ക്രൂസ് കപ്പലിൽ ഒരുക്കിയിരിക്കുന്നത്. ആദ്യയാത്രയിൽ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള 32 സഞ്ചാരികളാണുള്ളത്.
കാത്തിരിക്കുന്നത് ഫൈവ് സ്റ്റാർ സൗകര്യങ്ങൾ
ഇരുപതാം നൂറ്റാണ്ടിലെ ജര്‍മ്മന്‍ ചിത്രകാരന്‍ ജോസഫ് ആല്‍ബേഴ്‌സിന്റെ സൃഷ്ടികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണ് കപ്പലിന്റെ അകത്തളം. യാത്രയിൽ, വെജിറ്റേറിയൻ ഇന്ത്യൻ വിഭവങ്ങളും മദ്യം ഇല്ലാത്ത പാനീയങ്ങളും മാത്രമേ യാത്രക്കാർക്ക് നൽകൂ. അതിഥികൾക്ക് പ്രാദേശിക ഭക്ഷണവും സീസണൽ പച്ചക്കറികളും നൽകും. കപ്പലിൽ നോൺ-വെജിറ്റേറിയൻ ഭക്ഷണമോ മദ്യമോ ഉണ്ടാകില്ല.
സ്പാ, സലൂണ്‍, ജിം തുടങ്ങിയ സൗകര്യങ്ങള്‍ ക്രൂസില്‍ സജ്ജീകരിച്ചിട്ടുണ്ട്. മലിനീകരണ രഹിത സംവിധാനവും ശബ്ദനിയന്ത്രണ സാങ്കേതികവിദ്യയും ഫില്‍ട്ടറേഷന്‍ പ്ലാന്റും കപ്പലിലുണ്ട്. ഗംഗയിലേക്ക് മലിനജലം ഒഴുക്കാതിരിക്കാന്‍ മലിനജല ശുദ്ധീകരണ പ്ലാന്റും, കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും ഗംഗാജലം ശുദ്ധീകരിക്കുന്ന ഫില്‍ട്ടറേഷന്‍ പ്ലാന്റും കപ്പലില്‍ ഉണ്ട്.
ഗംഗ, ഭാഗീരഥി, ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാല്‍ തുടങ്ങി 27 നദികളിലൂടെയാണ് കപ്പലിന്റെ സഞ്ചാരം. വാരണാസിലെ ഗംഗാ ആരതി, ഏറ്റവും വലിയ നദി ദ്വീപായ അസമിലെ മജുലി, ബിഹാര്‍ സ്‌കൂള്‍ ഓഫ് യോഗ, വിക്രംശില യൂനിവേഴ്‌സിറ്റി, സുന്ദര്‍ ഡെല്‍റ്റ, കാസിരംഗ ദേശീയ ഉദ്യാനം, ബിഹാറിലെ പട്‌ന, ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച്, ബംഗാളിലെ കൊല്‍ക്കത്ത, ബംഗ്ലദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങി പ്രധാന നഗരങ്ങളിലൂടെയുള്ള ഈ യാത്രയിലൂടെ ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും കല, സംസ്‌കാരം, ചരിത്രം എന്നിവ അനുഭവിക്കാനും കപ്പൽ അവസരമൊരുക്കുന്നുണ്ട്.
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ക്രൂസ് കപ്പൽ
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ക്രൂസ് കപ്പലാണ് ഗംഗാ വിലാസ്. 62 മീറ്റർ നീളമുള്ള നൗക പൂർണമായും ഇന്ത്യയിലാണ് നിർമ്മിച്ചത്. 68 കോടിയാണ് നിർമ്മാണ ചിലവ്. വര്‍ഷത്തില്‍ ആറ് തവണയാണ് ഗംഗാ വിലാസ് യാത്രകള്‍ നടത്തുക. ടിക്കറ്റുകള്‍ അന്താരാഷ്ട്ര ലക്ഷ്വറി റിവര്‍ ക്രൂസിന്റെ വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യാം. രണ്ട് വര്‍ഷത്തേക്കുള്ള എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞതായാണ് ക്രൂസ് ബോട്ട് ഉടമകൾ പറയുന്നത്.
ഒരു വർഷത്തേക്കുള്ള ബോട്ടിലെ ബുക്കിങുകൾ പൂർത്തിയായിട്ടുണ്ട്. 2024 ഏപ്രിലിനു ശേഷമാവും പുതിയ ബുക്കിങ് സാധ്യമാകുമെന്ന് ഗംഗാ വിലാസ് പ്രവർത്തിപ്പിക്കുന്ന ലക്ഷ്വറി റിവർ ക്രൂസിന്റെ സ്ഥാപകനും സിഇഒയുമായ രാജ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.