എ.ഐ കാമറയുടെ ‘തോന്നിവാസങ്ങൾ’; പരാതികൾ ഓൺലൈനാക്കി എം.വി.ഡി
text_fieldsഎ.ഐ കാമറ കാരണം കുരിക്കിലകപ്പെട്ടവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. ചെയ്യാത്ത നിയമലംഘനത്തിന് നോട്ടീസ് വന്നവരും നിരവധിയാണ്. ഇത്തരക്കാർക്ക് ആശ്വാസമാകുന്ന ഒരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് എം.വി.ഡി. എ.ഐ കാമറ സംബന്ധിച്ച പരാതികൾ ഇനിമുതൽ ഓൺലൈനായും സമർപ്പിക്കാം. ഈ സംവിധാനം സെപ്റ്റംബര്‍ ആദ്യവാരം മുതൽ നിലവില്‍വരുമെന്നാണ് കേരള മോട്ടോർ വെഹിക്കിൽ ഡിപ്പാർട്ട്മെന്റ് അറിയിച്ചിരിക്കുന്നത്.
ഓൺലൈന് പരാതികൾ സ്വീകരിക്കാനുളള സോഫ്റ്റുവെയറിൻ്റെ പരീക്ഷണം പൂർത്തിയായിട്ടുണ്ട്. മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ പരാതി സമര്‍പ്പിക്കാനുള്ള ലിങ്ക് ഉടൻ വരുമെന്നാണ് സൂചന. ഓണ്‍ലൈന്‍ പരാതികള്‍ അതത് ആര്‍.ടി.ഒ.മാര്‍ക്ക് കൈമാറുംവിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വ്യാജപരാതികള്‍ ഒഴിവാക്കാന്‍ എസ്.എം.എസ് രജിസ്ട്രേഷനും സംവിധാനമുണ്ടാകും.
ഇ-ചെലാന്‍ നമ്പര്‍ സഹിതമാണ് പരാതി രജിസ്റ്റര്‍ചെയ്യേണ്ടത്. രജിസ്ട്രേഷന്‍ രേഖകളില്‍ നല്‍കിയ വാഹനയുടമയുടെ മൊബൈല്‍ നമ്പറിലേക്ക് ഒറ്റത്തവണ രജിസ്ട്രേഷന് എസ്.എം.എസ്. ലഭിക്കും. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച് പരാതിസമര്‍പ്പിക്കാം.
നിശ്ചിത ദിവസത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കും. പിഴ ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ അതുസംബന്ധിച്ച സന്ദേശം വാഹനയുടമയ്ക്ക് ലഭിക്കും. കരിമ്പട്ടിക നീക്കം ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഈ ഓണ്‍ലൈന്‍ പരാതിപരിഹാര സംവിധാനം ഭാവിയില്‍ ഉപയോഗിക്കാനാണ് തീരുമാനം. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ. കാമറ സംവിധാനം നിലവില്‍വന്നതോടെയാണ് തെറ്റായി പിഴചുമത്തുന്നതു സംബന്ധിച്ച് പരാതി ഉയര്‍ന്നത്.
675 എ.ഐ കാമറകൾ, 25 പാർക്കിങ് വയലേഷൻ ഡിറ്റക്ഷൻ കാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ കാമറകൾ, 4 സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ കാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ കാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്. സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് കാമറ പ്രവർത്തിക്കുന്നത്. ആറ് നിയമലംഘനങ്ങളാണ് പ്രധാനമായും എ.ഐ കാമറകള്‍ വഴി പിടികൂടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.