നിരത്തുകളിലെ അപകട കേന്ദ്രങ്ങളുടെ ഓണ്‍ലൈന്‍ മാപ്പുമായി എം.വി.ഡി; സംസ്ഥാനത്ത് 3,117 ആക്സിഡന്റ് സ്പോട്ടുകൾ
text_fieldsസംസ്ഥാനത്തെ പ്രധാനപാതകളിലെ സ്ഥിരം അപകടകേന്ദ്രങ്ങള്‍ എവിടെയെല്ലാമെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ മാപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. ഗൂഗിള്‍ മാപ്പ് മുഖാന്തരമാണ് സംസ്ഥാനത്തെ 3,117 അപകടകേന്ദ്രങ്ങളെ തിരിച്ചറിയാനാവുക. അപകടകേന്ദ്രങ്ങളെക്കുറിച്ച് വകുപ്പ് നടത്തിയ പഠനത്തിന്റെ ഭാഗമായാണ് മാപ്പും ഒരുക്കുന്നത്.
1.01 ലക്ഷം അപകടങ്ങളിൽനിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് മാപ്പ് നിർമിച്ചിരിക്കുന്നത്. ഈ അപകടങ്ങളിൽ പതിനായിരത്തിലധികംപേർ മരിച്ചിരുന്നു. എം.വി.ഡി ആപ്പിൽ അപകട മേഖലകൾ തിരിച്ച് നൽകിയിട്ടുണ്ട്.
ഏറ്റവും അപകടങ്ങള്‍ കൂടിയയിടം (ഹൈ റിസ്‌ക്ക്), മാസത്തില്‍ പത്തില്‍ കുറയാതെ അപകടങ്ങള്‍ നടക്കുന്നയിടം (മോഡറേറ്റ് റിസ്‌ക്ക്), അഞ്ച് അപകടങ്ങള്‍വരെ നടക്കുന്ന (ലോ റിസ്‌ക്ക്) എന്നീ കേന്ദ്രങ്ങളാണ് മാപ്പില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. ദേശീയ-സംസ്ഥാന പാതകള്‍, പ്രധാന ജില്ലാറോഡുകള്‍, മറ്റ് റോഡുകള്‍ എന്നിവയിലെ അപകടങ്ങളും മാപ്പിലുണ്ട്.
അപകടങ്ങളുടെ തോതനുസരിച്ച് ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നിങ്ങനെയുള്ള നിറത്തിലാണ് സ്ഥലങ്ങളെ അടയാളപ്പെടുത്തിയിട്ടുള്ളത്. മൂന്ന് ക്ലസ്റ്ററുകളാക്കിയാണ് അപകടകേന്ദ്രങ്ങളെ തിരിച്ചിട്ടുള്ളത്.
നേരത്തേ പാലക്കാട് ജില്ലയിൽ നിന്നുള്ള മാപ്പ് പൈലറ്റ് സ്റ്റഡിയുടെ അടിസ്ഥാനത്തിൽ പുറത്തിറക്കിയിരുന്നു. ഇത് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി പുറത്തുവിടുകയുംചെയ്തു. ഇതിന് തുടര്‍ച്ചയായാണ് സംസ്ഥാനത്തെ എല്ലാ അപകടകേന്ദ്രങ്ങളെയും മാപ്പില്‍ ഉള്‍പ്പെടുത്തിയത്.
സ്ഥിരം അപകടസ്ഥലത്ത് വാഹനം എത്തുമ്പോഴാണ് അലാറം മുഴങ്ങുക. വാഹനം ഓടിക്കുന്ന ആളിന്, ഈ മേഖലയില്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും ലഭിക്കും. അപകടങ്ങളിലേറെയും അമിതവേഗതയും അശ്രദ്ധയുംമൂലമാണെന്നും കണ്ടെത്തിയിരുന്നു.
ആപ്പ് തയ്യാറാക്കുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിന് ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് നേരിടേണ്ടിവരുന്നത്. ഗൂഗിളിന്റെ ഫ്രീ വേര്‍ഷനിലുള്ള ആപ്പ് ഒട്ടേറെപ്പേര്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ അത് ബ്‌ളോക്ക് ചെയ്‌തേക്കാം. പിന്നീട് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കണമെങ്കില്‍ പണം നല്‍കേണ്ടിവരും.
കൂടാതെ, അപകടമേഖലകള്‍ എന്നും സ്ഥിരമായിരിക്കില്ല. മൂന്നുവര്‍ഷത്തെ കണക്കിന്റെ അടിസ്ഥാനത്തില്‍, നിരന്തരം അപകടങ്ങള്‍ നടക്കുന്ന മേഖലകളെയാണ് ഇപ്പോള്‍ ബ്ലാക്ക് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് അടുത്തവര്‍ഷങ്ങളില്‍ മാറ്റമുണ്ടാകാം. അതിനാല്‍ മാറിക്കൊണ്ടിരിക്കുന്ന അപകട മേഖലകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കണം. ദേശീയ-സംസ്ഥാന പാതകളിലെ സ്ഥിരം അപകടമേഖലകളായ 323 ഇടനാഴികള്‍ അപകടവിമുക്തമാക്കാന്‍ നടപടി തുടങ്ങി. വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്ന റോഡിലെ ന്യൂനത കണ്ടെത്തി പരിഹരിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.