വീണ്ടും ‘കാർമാറാട്ടം’; വീട്ടുമുറ്റത്ത് കിടന്ന കാറിന് പിഴയിട്ട് എം.വി.ഡി
text_fieldsവീട്ടുമുറ്റത്ത് കിടന്ന കാർ നിയമലംഘനം നടത്തിയെന്ന് കാട്ടി പിഴയിട്ട് എം.വി.ഡി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ് മോട്ടോർ വാഹന വകുപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. കാഞ്ഞിരപ്പള്ളി മുക്കാലി സ്വദേശി സഹിലിന്‍റെ KL 34 F 2454 നമ്പർ വെള്ള ഹുണ്ടായ് ഇയോൺ കാറിനാണ് പിഴയടക്കാൻ ചെലാൻ എത്തിയത്. വിൻഡോ ഗ്ലാസിൽ ഫിലിം ഒട്ടിച്ചുവെന്നാണ് ചലാനിൽ പരാമർശിച്ചിരിക്കുന്നത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മോട്ടോർ വാഹന നിയമം ലംഘിച്ചതായി കാണിച്ച് സഹിലിന്‍റെ മൊബൈൽ ഫോണിൽ സന്ദേശം എത്തിയത്. തുടർന്ന് പരിവാഹൻ സൈറ്റിൽ നിന്നും ഇ ചെലാൻ ഡൗൺലോഡ് ചെയ്തു. സൺ ഫിലിം ഒട്ടിച്ചതിന് 500 രൂപ പിഴ അടയ്ക്കണമെന്നായിരുന്നു നോട്ടിസ്. എന്നാൽ നോട്ടിസിനൊപ്പം കാണിച്ചിരിക്കുന്ന ചിത്രത്തിൽ ഉള്ളതാകട്ടെ ചുവന്ന നിറമുള്ള ഹോണ്ട ജാസ് കാറും. മോട്ടർ വാഹന വകുപ്പിന്‍റെ വാഹനത്തിലിരുന്ന് എടുത്തിരിക്കുന്ന ഫോട്ടോയാണ് നോട്ടീസിലുള്ളത്. പക്ഷേ കാറിന്റെ നമ്പർ വ്യക്തമല്ല.
തിരുവനന്തപുരം കൃഷ്ണ നഗർ സ്നേഹപുരിയിൽ വച്ച് വ്യാഴാഴ്ച വൈകിട്ട് 5.08 ന് നിയമം ലംഘിച്ച് വാഹനം കടന്നു പോയതായാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ മോട്ടോർ വാഹന വകുപ്പ് പിഴയിട്ടിരിക്കുന്ന സമയത്ത് താനും വാഹനവും വീട്ടിലായിരുന്നുവെന്നാണ് സഹീൽ പറയുന്നത്. നിയമലംഘനം നടത്തിയ കാറിന്‍റെ ഫോട്ടോയെടുത്ത ഉദ്യോഗസ്ഥർ വാഹന നമ്പർ രേഖപ്പെടുത്തിയപ്പോൾ പിഴവ് വരുത്തിയത് ആകാമെന്നാണ് സംശയം. നോട്ടീസിലെ പിഴവിനെ പറ്റി മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാര സെല്ലിൽ വിവരമറിയിച്ച് കാത്തിരിക്കുകയാണ് സഹിൽ.
എഐ ക്യാമറകൾ വന്നതോടെ എംവിഡി ഉദ്യോഗസ്ഥർക്ക് ജോലി ഭാരവും കൂടിയിട്ടുണ്ട്. പുത്തൻ ക്യാമറകൾ കണ്ടുപിടിക്കുന്ന കുറ്റങ്ങൾക്ക് നോട്ടീസ് അയക്കാൻ ഓഫീസുകളിൽ ആവശ്യത്തിന് സ്റ്റാഫുകളില്ല. കൺട്രോൾ റൂമുകളിലേക്ക് ആവശ്യത്തിന് സ്റ്റാഫിനെ ഔട്ട് സോഴ്സ് ചെയ്യുമെന്ന ഉത്തരവും പാലിച്ചിട്ടില്ല. നോട്ടീസ് അയക്കാൻ സ്റ്റാഫുകളില്ലെങ്കിൽ എംവിഐമാരും ഏഎംവിഐമാരും കൂടി നോട്ടീസ് അയക്കേണ്ടി വരുമെന്നതാണ് അവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.