ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ ആംബുലൻസുകൾക്ക് തുല്യം; തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കർശന നടപടി
text_fieldsഎറണാകുളം: ഓക്സിജന്‍ വിതരണത്തിനായുള്ള വാഹനങ്ങള്‍ക്ക് റോഡില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ജില്ലാ പോലീസ് മേധാവി, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ആംബുലന്‍സുകള്‍ക്ക് തുല്യമായ പരിഗണന നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ നിർദേശം. ഇതിന്‍റെ ഭാഗമായി ട്രാഫിക് സിഗ്നലുകള്‍, ജംഗ്ഷനുകള്‍, ടോൾ പ്ലാസകൾ എന്നിവിടങ്ങളില്‍ ഫ്രീ ലെഫ്റ്റ് മാര്‍ഗത്തിന് തടസ്സം സൃഷ്ടിക്കുന്നവരുടെയും നാലുവരിപാതയില്‍ റൈറ്റ് ട്രാക്കില്‍ തടസ്സം സൃഷ്ടിക്കുന്നവരുടെയും മോട്ടോർ വാഹന ലൈസന്‍സ് റദ്ദാക്കുന്നതിന് പുറമേ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടിയും സ്വീകരിക്കും.
സുഗമമായ ഓകിസിജന്‍ വിതരണം ഉറപ്പാക്കുന്നതിനായി ജില്ലയില്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ പരിശോധന ശക്തമാക്കി. അടിയന്തര സേവനത്തിനായുള്ള വാഹനങ്ങളുടെ തൊട്ടുപുറകെ വാഹനങ്ങൾ പായിക്കുന്നവർക്കെതിരെയും നടപടികൾ സ്വീകരിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ വിതരണം തടസ്സമില്ലാതെ നടത്തുന്നതിനായാണ് ഓക്സിജന്‍ സിലിന്‍ഡറുകള്‍, ദ്രവീകൃത ഓക്സിജന്‍ കൊണ്ടുപോകുന്ന ക്രയോജനിക് ടാങ്കറുകള്‍ എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നത്. ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ബീക്കണ്‍ ലൈറ്റ്, സൈറണ്‍ എന്നിവ ഉപയോഗിക്കാം.
നിശ്ചിത വേഗതയ്ക്ക് മുകളില്‍ സഞ്ചരിക്കാന്‍ സാധ്യമല്ലാത്ത ഓക്സിജന്‍ സിലിന്‍ഡറുകളുമായി പോകുന്ന വാഹനങ്ങള്‍ക്ക് നാലുവരിപാതകളിലും ട്രാഫിക് സിഗ്നലുകളിലെ ഫ്രീലെഫ്റ്റ് മാര്‍ഗത്തിലും തടസ്സം സൃഷ്ടിച്ചാല്‍ ഓക്സിജന്‍ വിതരണത്തെ സാരമായി ബാധിക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ ഷാജി മാധവന്‍ പറഞ്ഞു.
നാലുവര പാതകളിലെ റൈറ്റ് ട്രാക്ക് അടിയന്തര സേവനങ്ങൾക്കായുള്ള വാഹനങ്ങൾക്കായി ഒഴിച്ചിടണം. ആംബുലന്‍സുകള്‍, ഓക്സിജന്‍ വാഹനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങളുമായി പോകുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് നിരത്തില്‍ മുന്തിയ പരിഗണന നല്‍കാന്‍ മറ്റ് വാഹന ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം. (വിവരങ്ങൾക്ക് കടപ്പാട് എം.വി.ഡി കേരള)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.