ഓടിക്കൊണ്ടിരുന്ന ഒംനി സി.എന്‍.ജി കാറിന് തീപിടിച്ചു; ഡ്രൈവർ ചാടി രക്ഷപ്പെട്ടു -വിഡിയോ
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന ഒംനി വാനിന് തീപിടിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. പേരൂര്‍ക്കടയില്‍ നിന്ന് അമ്പലംമുക്കിലേക്ക് വരികയായിരുന്ന സി.എന്‍.ജി കിറ്റ് ഘടിപ്പിച്ച ഒംനിയാണ് അഗ്‌നിക്കിരയായത്. വെള്ളയമ്പലം കുരിശടിക്ക് സമീപംവച്ചാണ് വാഹനത്തിൽ തീപടർന്നത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. സംഭവത്തിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അപകടത്തിൽ വാന്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാറില്‍ തീപിടുത്തമുണ്ടായെന്ന് മനസ്സിലാക്കിയ ഉടന്‍ ഡ്രൈവര്‍ ജോര്‍ജ് വര്‍ഗീസ് കാറില്‍ നിന്ന് പുറത്തുചാടിയിരുന്നു.അപകട സമയത്ത് ഡ്രൈവര്‍ മാത്രമാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. തീ പടര്‍ന്ന ഒംനി നിരത്തിലൂടെ നീങ്ങുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിയന്ത്രണം വിട്ട വാഹനം ഡിവൈഡര്‍ മറികടന്ന് മറുവശത്തേക്ക് നീങ്ങുന്നതും വിഡിയോയിലുണ്ട്.
നാട്ടുകാര്‍ ആണ് കട്ടകളും കല്ലുകളും ഉപയോഗിച്ച് വാഹനം തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചത്. സംഭവം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സി.എന്‍.ജി ചോര്‍ച്ച പരിഹരിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. വാഹനം പൂര്‍ണമായും കത്തി നശിച്ചു. ഗ്യാസ് ഘടിപ്പിച്ച വാഹനത്തില്‍ സ്പാര്‍ക്ക് ഉണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
സി.എൻ.ജി കിറ്റ് കയറ്റുമ്പോൾ
വാഹനത്തിൽ സി.എന്‍.ജി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തീരുമാനിക്കുന്നതിന് മുമ്പ് വാഹനം സി.എന്‍.ജിയിലേക്ക് മാറ്റുന്നതിന് നിഅനുയോജ്യമാണോ എന്ന് പരിശോധിക്കേണ്ടതാണ്. പഴയ കാറുകള്‍ മിക്കവാറും സി.എന്‍.ജി കാറാക്കി മാറ്റാന്‍ അനുയോജ്യമല്ല. സി.എന്‍.ജി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിങ്ങളുടെ കാറിന്റെ അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം പ്രദേശത്തെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുമായി (RTO) ബന്ധപ്പെടുക എന്നതാണ്. സി.എന്‍.ജി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന കാറുകളുടെ ലിസ്റ്റ് ആര്‍ടിഒ നല്‍കും.
കാറില്‍ സി.എന്‍.ജി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് ആര്‍ടിഒയില്‍ നിന്ന് അനുമതി വാങ്ങണം. അല്ലാത്തപക്ഷം വാഹനം നിയമപരമായി ഉപയോഗിക്കാന്‍ കഴിയില്ല. വിപണിയില്‍ ലഭ്യമായ എല്ലാ സി.എന്‍.ജി കിറ്റുകളും ഒറിജിനലല്ല. അതുകൊണ്ട് കാറില്‍ സി.എന്‍.ജി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് അതിന്റെ ആധികാരികത പരിശോധിക്കേണ്ടത് പ്രധാനമാണ്. അപകടസാധ്യത കുറയ്്ക്കാന്‍ കിറ്റിന്റെ നിലവാരവും അതിന്റെ ഫിറ്റിംഗിലും ശ്രദ്ധവേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.