ബി.എം.ഡബ്ല്യു എക്സ് ഫൈവ് സ്വന്തമാക്കി നടൻ നീരജ് മാധവ്; വില 1.36 കോടി
text_fieldsനടന്‍, ഗായകൻ, റാപ്പര്‍ തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള യുവനടനാണ് നീരജ് മാധവ്. ആര്‍.ഡി.എക്‌സ് എന്ന സിനിമയുടെ സൂപ്പര്‍ ഹിറ്റ് വിജയത്തിന് പിന്നാലെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് നീരജ്. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ എസ്.യു.വിയായ എക്സ് ഫൈവ് ആണ് നീരജ് ഗരാജിലെത്തിച്ചത്.
1.06 കോടിയാണ് നീരജ് മാധവ് കൂടെക്കൂട്ടിയിരിക്കുന്ന എക്സ് ഫൈവ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില. കൊച്ചിയിൽ ഏകദേശം 1.36 കോടി രൂപയോളം വരും ഓൺ-റോഡ് വില. നാല് വ്യത്യസ്‌ത വേരിയന്റുകളിൽ വരുന്ന മോഡലിന്റെ എക്സ് ഡ്രൈവ് 40 ഡി എം സ്പോർട്ട് പതിപ്പാണ് നടൻ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് വിവരം.
സ്പെഷ്യൽ യെല്ലോ കളർ ഓപ്ഷനിലാണ് വണ്ടി ഒരുക്കിയിരിക്കുന്നത്. താരം വാഹനത്തിന്റെ ഡെലിവിറി എടുക്കുന്ന ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അംഗത്തെ സ്വാഗതം ചെയ്യുന്നു, 'ബംബിൾ ബീ'യെ പരിചയപ്പെടൂ', എന്ന അടിക്കുറിപ്പോടെയാണ് കാർ സ്വന്തമാക്കിയ വിവരം താരം വെളിപ്പെടുത്തിയിരിക്കുന്നത്. കുടുംബത്തോടൊപ്പം എത്തിയാണ് നീരജ് കാർ ഡെലിവറി എടുത്തത്.
KL11 BZ 1212 എന്ന നമ്പരാണ് നടൻ തിരെഞടുത്തിരിക്കുന്നത്. നേരത്തെ ബിഎംഡബ്ല്യു നിരയിലെ കുഞ്ഞന്‍ എസ്‌യുവിയായ X1 ആയിരുന്നു താരത്തിന്റെ വാഹനം. ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലുള്ള കിഡ്‌നി ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ബമ്പറിന്റെ വശങ്ങളില്‍ നല്‍കിയിട്ടുള്ള എല്‍ ഷേപ്പ് എയര്‍ ഇന്‍ടേക്ക് എന്നിവയെല്ലാം ഈ വാഹനത്തെ സ്റ്റൈലിഷാക്കുന്നു.
ആഡംബരം നിറഞ്ഞ അകത്തളമാണ് ഈ വാഹനത്തില്‍ ഒരുങ്ങിയിട്ടുള്ളത്. കര്‍വ് ഡിസ്‌പ്ലേയുള്ള വലിയ സ്‌ക്രീനാണ് ഇതിലുള്ളത്. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 14.9 ഇഞ്ച് വലിപ്പമുള്ള കണ്‍ട്രോള്‍ ഡിസ്‌പ്ലേ, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ യൂനിറ്റ്, ലമ്പാര്‍ സപ്പോർട്ട് ഉള്‍പ്പെടെ നല്‍കിയിട്ടുള്ള സ്‌പോര്‍ട്ട് സീറ്റുകള്‍, എം ലെതര്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങി നിരവധി ആഡംബര സംവിധാനങ്ങള്‍ ഒത്തിണങ്ങിയ അകത്തളമാണ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്.
പെട്രോള്‍ എന്‍ജിനാണ് ബി.എം.ഡബ്ല്യു എക്‌സ്‌ഡ്രൈവ് 40ഐ മോഡലുകള്‍ക്ക് കരുത്തേകുന്നത്. 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഇത് 381 എച്ച്.പി. പവറും 520 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് സ്റ്റെപ്പ്‌ട്രോണിക് സ്‌പോര്‍ട്ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതിലെ ഗിയര്‍ബോക്‌സ്. ഇന്റലിജെന്റ് ഫോര്‍ വീല്‍ഡ്രൈവ് സംവിധാനവും ഇതിലുണ്ട്. കേവലം 5.4 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗതയും ഈ വാഹനം കൈവരിക്കും.
ആംബിയന്റ് ലൈറ്റ് ബാർ, കണക്റ്റഡ് കാർ ടെക്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഹർമാൻ കാർഡൺ മ്യൂസിക് സിസ്റ്റം, വെന്റിലേറ്റഡ്, ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, 4-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ക്രൂസ് കൺട്രോൾ, പാർക്കിങ്, റിവേഴ്സ് അസിസ്റ്റന്റ്, സറൗണ്ട് വ്യൂ കാമറ, ഡ്രൈവ് റെക്കോർഡർ, റിമോട്ട് പാർക്കിങ് എന്നിവയാണ് നീരജിന്റെ X5 എസ്‌യുവിയുടെ മറ്റ് സവിശേഷതകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.