ഫാൻസി നമ്പർ പ്ലേറ്റ് വേണ്ട; പിടിവീഴും
text_fieldsകണ്ണൂർ: അതിസുരക്ഷ രജിസ്ട്രേഷന് നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്.
ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്ന പ്രവണത ജില്ലയിൽ വ്യാപകമായി കണ്ടുവരുന്നുണ്ടെന്ന് ആർ.ടി.ഒ എൻഫോഴ്സ്മെൻറ് അധികൃതർ അറിയിച്ചു. മതിയായ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മോട്ടോർ മേഖലയിൽ വിവിധ തരത്തിലുള്ള നിയമ ലംഘനം കൂടുന്ന സാഹചര്യത്തിൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ വാഹന പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ജൂണിൽ 2474 കേസുകളിലായി 45 ലക്ഷത്തോളം രൂപയാണ് പിഴ ചുമത്തിയത്. ഹൈല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ച 377 കേസുകളും ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 117 കേസുകളും നികുതി അടക്കാത്ത 97 കേസുകളും ഫിറ്റ്നസ് ഇല്ലാത്ത 121 കേസുകളും കൂളിങ് ഫിലിം പതിപ്പിച്ച 498 കേസുകളും അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് ഇളക്കിമാറ്റിയ 76 കേസുകളുമാണ് എടുത്തത്. കൂടാതെ 20 ഓളം കുട്ടി ഡ്രൈവര്‍മാരുടെ രക്ഷിതാക്കള്‍ക്കെതിരെയും നടപടിയെടുത്തു. നേരത്തെ കണ്ണൂരിലായിരുന്നു എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ ഓഫിസ് മട്ടന്നൂരില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി.
ഇരിക്കൂര്‍ റോഡിലെ പഴയ ബി.എസ്.എൻ.എല്‍ മൈക്രോവേവ് ടവര്‍ ബേസ് സ്റ്റേഷനിലാണ് ഓഫിസ് ആരംഭിച്ചത്. എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒയുടെ ഓഫിസും ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വിവിധതരം കാമറകളുടെ കണ്ട്രോള് റൂമുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒയുടെ കീഴില്‍ ഏഴു എം.വി.ഐമാരും 18 എ.എം.വി.ഐമാരും ഉള്‍പ്പെട്ട ആറു ടീമുകളാണ് ജില്ലയിൽ പരിശോധന നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.