പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനം ലഭിക്കില്ല; നിയമം നടപ്പാക്കാനൊരുങ്ങി ഇന്ത്യൻ നഗരം
text_fieldsവാഹനരേഖകളിൽ നാം ഏറ്റവും അപ്രധാനമായി കരുതുന്ന ഒന്നാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റ്. പരിശോധനയിൽ പിടിക്കപ്പെട്ടാലും പിഴയൊടുക്കി രക്ഷപ്പെടാം എന്ന ആത്മവിശ്വാസമാണ് ഈ അലംഭാവത്തിന് കാരണം. പുതിയ വാഹനങ്ങൾക്കുേപാലും പുറത്തിറങ്ങി ഒരു വർഷത്തിനകം പൊല്യൂഷൻ സർട്ടിഫിക്കറ്റ് വേണമെന്നാണ് നിയമം. ഈ നിയമം കർശനമായി നടപ്പാക്കാനുള്ള മാർഗം ആരായുകയാണ് രാജ്യതലസ്ഥാനമായ ഡൽഹി. മലിനീകരണം രൂക്ഷമായതോടെയാണ് ഡൽഹി പുതിയ നീക്കം നടത്തുന്നത്.
ഡൽഹിയിൽ ഇന്ധനം വാങ്ങുന്നതിന് ഉപഭോക്താക്കൾക്ക് സാധുവായ പൊല്യൂഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. നഗരഭരണകൂടം ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കാനും പൊതുസമൂഹത്തിൽനിന്ന് നിർദേശങ്ങൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡൽഹിയിലെ വാഹന മലിനീകരണം തടയാൻ പുതിയ നയം സഹായിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.
'വാഹന ഉടമകൾ അവരുടെ പിയുസിസി ഇന്ധന പമ്പിലേക്ക് കൊണ്ടുപോകേണ്ടിവരും. പിയുസിസി അസാധുവാണെന്ന് കണ്ടെത്തിയാൽ പുതുക്കേണ്ടിയുംവരും'-മന്ത്രി പറഞ്ഞു.
ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങൾ കടുത്ത അന്തരീക്ഷ മലിനീകരണമാണ് അഭിമുഖീകരിക്കുന്നത്. പുതിയ നയം നിലവിൽ വരുന്നതോടെ വാഹനങ്ങൾ സംസ്ഥാനത്തെ വാഹനങ്ങളുടെ മലിനീകരണ തോത് നിയന്ത്രിക്കാനാവുമെന്നാണ് വിലയിരുത്തൽ.
ഡൽഹിയിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിന് സർക്കാർ അടുത്തിടെ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റേഴ്‌സ് സ്‌കീം, 2021-ന്റെ കരട് പുറത്തിറക്കിയിരുന്നു. 2024 ഓടെ മൊത്തം വാഹന വിൽപ്പനയിലെ ഇലക്ട്രിക് വാഹന വിഹിതം 25 ശതമാനം ആയി ഉയർത്താൻ ലക്ഷ്യമിട്ടുള്ള ഡൽഹി ഇലക്ട്രിക് വാഹന നയവും സർക്കാർ മുമ്പ് അവതരിപ്പിച്ചിരുന്നു. പി.യു.സി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സിറ്റി ഗവൺമെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പെട്രോൾ പമ്പുകളിൽ 500 ഓളം ടീമുകളെ ഇതിനായി വിന്യസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.