പെട്രോൾ സ്കൂട്ടറുകൾ 65,000 രൂപക്ക് ഹൈബ്രിഡാക്കാം; ഇലക്ട്രിക് മോഡിൽ 60 കിലോമീറ്റർ റേഞ്ച്
text_fieldsഇ.വി വാങ്ങുന്നതിന്റെ സാമ്പത്തിക ചിലവ് താങ്ങാൻ കഴിയില്ലേ. ഇ.വികളുടെ റേഞ്ചിനെപറ്റി ആശങ്കയുണ്ടോ? നിങ്ങൾക്കായി പുതിയൊരു സാങ്കേതികവിദ്യയുമായി എത്തിയിരിക്കുകയാണ് ബെംഗളൂരു അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പ്.
പെട്രോള്‍, ഇലക്ട്രിക് മോഡുകളില്‍ (ഹൈബ്രിഡ്) പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തില്‍ ടൂവീലറുകള്‍ രൂപമാറ്റം വരുത്തുന്ന ലോകത്തിലെ ആദ്യ കമ്പനിയായി മാറിയിരിക്കുകയാണ് ഗ്രീന്‍ ടൈഗര്‍ മൊബിലിറ്റി. 125 സി.സി വരെയുള്ള എല്ലാ ബ്രാന്‍ഡുകളുടെയും സ്‌കൂട്ടറുകള്‍ ഇത്തരത്തില്‍ ഹൈബ്രിഡായി കണ്‍വെര്‍ട്ട് ചെയ്യാം. ഇതിനുള്ള എ.ആർ.എ.ഐയുടെയും ആര്‍ടിഒയുടെയും അംഗീകാരം തങ്ങൾക്ക് ലഭിച്ചതായും കമ്പനി വൃത്തങ്ങൾ പറയുന്നു.
ഗ്രീന്‍ ടൈഗര്‍ നിലവിലുള്ള സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഡ്യുവല്‍ പവര്‍ട്രെയിന്‍ വാഹനങ്ങളാക്കി പുനഃക്രമീകരിക്കുകയാണ് ചെയ്യുന്നത്. പരിവര്‍ത്തനം ചെയ്ത വാഹനങ്ങളില്‍ ഇന്‍േറണല്‍ കംപൽഷന്‍ പവര്‍ട്രെയിനും ഇലക്ട്രിക് കിറ്റും ഉണ്ടാകും. റൈഡര്‍ക്ക് ഇലക്ട്രിക്, പെട്രോള്‍ മോഡുകള്‍ തിരഞ്ഞെടുക്കാന്‍ പറ്റും. വാഹനം ഇലക്ട്രിക് മോഡിലിട്ടാല്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.
ഗ്രീന്‍ ടൈഗര്‍ കണ്‍വെര്‍ട്ട് ചെയ്യുന്ന വാഹനങ്ങള്‍ സാധാരണ ഡ്യുവല്‍ പവര്‍ട്രെയിന്‍ ടൂ വീലറുകളില്‍ നിന്ന് വ്യത്യസ്തമാണ്. ഏതെങ്കിലും 1 മോഡില്‍ വാഹനം നിന്നുപോകുകയോ തകരാറിലാകുകയോ ഇന്ധനം തീരുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ റൈഡര്‍ക്ക് എളുപ്പത്തില്‍ മറ്റേ മോഡിലേക്ക് മാറി വണ്ടി ഓടിച്ചുപോകാം.
ഇ.വികളിലെ റേഞ്ചിനെ കുറിച്ചുള്ള ആശങ്ക പരിഹരിക്കാന്‍ തങ്ങളുടെ 'ഹൈബ്രിഡ്' ടൂവീലറുകൾക്ക് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ദിവസേന ധാരാളം ദൂരം ടൂവീലറില്‍ സഞ്ചരിക്കുന്നവര്‍ക്കാണ് ഇത് ഉപകാരമാകുക. പെട്രോള്‍ ബാക്കപ്പായി ഉണ്ടാകുമെന്നതിനാല്‍ റേഞ്ചിനെ കുറിച്ചുള്ള ആശങ്ക ഇല്ലാതെ യാത്ര ചെയ്യാനുമാകും.
റിമൂവബിള്‍ ബാറ്ററി, വാട്ടര്‍, ഡസ്റ്റ് പ്രൂഫ് ആയ IP67 റേറ്റഡ് ഹബ് മോട്ടോര്‍, വി.സി.യു ഡിവൈസ് എന്നിവയാണ് സ്കൂട്ടറുകളിൽ അധികം പിടിപ്പിക്കുന്നത്. 2012-നോ അതിനു ശേഷമോ രജിസ്റ്റര്‍ ചെയ്ത ഹോണ്ട ആക്ടിവ, ഡിയോ, ഹീറോ മാസ്ട്രോ, പ്ലഷര്‍, ടിവിഎസ് വീഗോ, ടിവിഎസ് ജുപ്പിറ്റര്‍, സുസുകി ആക്സസ് എന്നിങ്ങനെ ഏഴ് പ്രമുഖ സ്‌കൂട്ടറുകള്‍ കമ്പനികളുടെ വാഹനങ്ങൾ ഡ്യുവല്‍ പവര്‍ട്രെയിന്‍ മോഡിലേക്ക് പരിവര്‍ത്തനം ചെയ്ത് നല്‍കും. മോട്ടോര്‍സൈക്കിളുകളും ഹൈബ്രിഡാക്കാനുള്ള പരീക്ഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്നതായും ഈ വര്‍ഷം അവസാനത്തോടെ അതും സാധ്യമാകുമെന്നും കമ്പനി അധികൃതർ പറയുന്നു.
ഡ്യുവല്‍ പവര്‍ട്രെയിനിലേക്ക് മാറ്റുന്ന വാഹനത്തിന് ചില അധിക സവിശേഷതകളും ലഭിക്കും. രണ്ട് മോഡുകളിലും ഒരു മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഈ വാഹനം വിദൂരമായി ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും കഴിയും. വാഹനം ലോക്ക് ചെയ്യുകയും മോഷണം നടക്കുമ്പോള്‍ അലാറം മുഴക്കുകയും ചെയ്യുന്ന തെഫ്റ്റ്-പ്രൊട്ടക്ഷന്‍, അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എമര്‍ജന്‍സി കോണ്‍ടാക്റ്റുകള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്ന ഫാള്‍ അലേര്‍ട്ട് എന്നിവയും മറ്റ് ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
സ്‌കൂട്ടറിൽ ഡ്യുവല്‍ പവര്‍ട്രെയിന്‍ സജ്ജീകരണം ഒരുക്കാന്‍ 65,000 രൂപയും നികുതിയുമാണ് ചെലവാകുക. ഇലക്ട്രിക് കിറ്റിന്റെയും ബാറ്ററിയുടെയും മുഴുവന്‍ ജോലികളുടെയും മൊത്തം ചെലവുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള തുകയാണിത്. പ്രതിദിനം 35 കിലോമീറ്റര്‍ ഓടിയാല്‍ റൈഡര്‍ക്ക് പെട്രോള്‍ ചെലവില്‍ ഒരാള്‍ക്ക് പ്രതിവര്‍ഷം 65,000 രൂപ വരെ ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.