പാലും പച്ചക്കറിയുമായി ന്യൂറോ സ്വയം വരും; ഇത് റോബോ ടാക്സികളുടെ കാലം
text_fieldsസ്വയം ഓടുന്ന വാഹനത്തിന് നിരത്തിലിറങ്ങാൻ അനുമതി നൽകി അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയ. സംസ്ഥാനത്തിന്‍റെ ആദ്യത്തെ വാണിജ്യ അനുമതിയാണ് ന്യൂറോ കമ്പനിക്ക് കാലിഫോർണിയയിലെ മോട്ടോർ വാഹന വകുപ്പ് (ഡിഎംവി) നൽകിയിരിക്കുന്നത്. ഗൂഗിളിൽ നിന്ന് രാജിവച്ച രണ്ട് എഞ്ചിനീയർമാർ ചേർന്നാണ് ന്യൂറോ കമ്പനി ആരംഭിച്ചത്. 2020 ഏപ്രിലിൽ പരീക്ഷണയോട്ടത്തിനുള്ള ലൈസൻസ് ന്യുറോയുടെ ആളില്ലാ കാറിനു ലഭിച്ചിരുന്നു. സിലിക്കൺവാലി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ന്യൂറോ കമ്പനിയുടെ ബേ ഏരിയ ആസ്ഥാനത്തിന് സമീപമുള്ള രണ്ട് കൗണ്ടികളുടെ റോഡുകളിലാണ് വാഹനം ഓടിക്കാൻ അനുമതിയുള്ളത്.
വാണിജ്യാവശ്യങ്ങൾക്കാവും ന്യൂറോ സർവീസ് നടത്തുക. സാധനങ്ങളുടെ ഡെലിവറിയാകും തങ്ങളാദ്യം നടത്തുകയെന്നാണ് ന്യൂറോ പറയുന്നത്. ഇതിനായി പങ്കാളിയെ തേടുകയാണ് ന്യൂറോ. ആദ്യത്തെ വാണിജ്യ വിന്യാസം ഉടൻ പ്രഖ്യാപിക്കുമെന്ന് ന്യൂറോ അധികൃതർ പറയുന്നു. നിലവിൽ ടൊയോട്ട പ്രയൂസ് കാറുകളാണ് ന്യൂറോക്കായി സർവീസ് നടത്തുന്നത്. ഇത് തങ്ങളുടെ സ്വന്തം ഇലക്ട്രിക് ആർ 2 വാഹനങ്ങൾക്ക് ഉടൻതന്നെ വഴിമാറുമെന്ന് ന്യൂറോ അധികൃതർ അറിയിച്ചു. ന്യൂറോ ആർ 2 വാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ചരക്ക് കൊണ്ടുപോകുന്നതിനാണ്.
അതിനാൽതന്നെ മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനാവും വാഹനം മുൻഗണന നൽകുക. ആർ 2 വാഹനങ്ങളുടെ ഉത്പാദനം കൈകാര്യം ചെയ്യുന്നത് കാർ നിർമാതാക്കളായ റഷ് ആണ്. താപനില നിയന്ത്രണങ്ങൾക്ക് പുറമേ ഒരു വലിയ ക്യാബിനും വാഹനത്തിലുണ്ട്. ഓട്ടോണമസ് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഡാർ സാങ്കേതികവിദ്യയും സജ്ജീകരിച്ചിട്ടുണ്ട്.
അടിയന്തിര വാഹനങ്ങളുടെ സൈറണുകളും തിരിച്ചറിയാനും കഴിയും. ഉപഭോക്തൃവസ്തുക്കളുടെ ഡെലിവറികൾക്കാവും വാഹനം തുടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അവശ്യ സാധനങ്ങൾ, രക്തമോ മരുന്നുകളോ പോലുള്ള ജീവൻരക്ഷാ ഉത്പന്നങ്ങൾ തുടങ്ങിയവ എത്തിക്കാൻ ഈ വാഹനങ്ങൾ സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.