ഓടുന്നതിനിടെ ഒല ഇ.വിയുടെ സസ്പെൻഷൻ ഒടിഞ്ഞു; മുഖം ഇടിച്ചുവീണ് യുവതിക്ക് ഗുരുതര പരിക്ക്
text_fields
ഒരു ഇടവേളക്കുശേഷം ഒല ഇ.വിയുമായി ബന്ധപ്പെട്ട് വീണ്ടും ഗുരുതര ആരോപണം ഉയരുന്നു. നേരത്തേ തീപിടിത്തം, സസ്പെൻഷൻ ഒടിയൽ, ഓടിക്കൊണ്ടിരിക്കുന്നതിനിടെ ചാർജ് തീർന്ന് നിന്നുപോകൽ എന്നിങ്ങനെ നിരവധി തകരാർ ആരോപണങ്ങൾ ഒലക്കെതിരേ ഉയർന്നിരുന്നു. ഇപ്പോൾ ഉയരുന്നതും ഏതാണ്ട് സമാനമായ ആരോപണമാണ്. ഓടുന്നതിനിടെ സസ്പെൻഷൻ ഒടിഞ്ഞു എന്നാണ് ഉപഭോക്താവ് പരാതി ഉന്നയിച്ചിരിക്കുന്നത്.
തന്റെ ഭാര്യയ്ക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് സംകിത് പർമർ എന്ന യുവാവാണ് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചത്. 35 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചിരുന്ന ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ മുന്നിലെ സസ്പെൻഷനിൽ നിന്നു ടയർ ഊരിത്തെറിച്ചെന്നും വാഹനത്തിനു മുന്നിലേക്ക് തെറിച്ചുവീണ് തന്റെ ഭാര്യക്ക് മുഖത്ത് ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റെന്നുമാണ് യുവാവ് ട്വീറ്റ് ചെയ്തത്.
‘ഇന്നലെ എന്റെ ഭാര്യയുടെ ജീവിതത്തിൽ അതിഭയാനകമായ ഒരു സംഭവം നടന്നു. രാത്രി 9.15 ഓടെ 35 കിലോമീറ്റർ വേഗത്തിൽ അവൾ സഞ്ചരിച്ചിരുന്ന ഓല ഇലക്ട്രിക് സ്കൂട്ടറിന്റെ മുന്നിലെ സസ്പെൻഷനിൽ നിന്നു ടയർ ഊരിത്തെറിച്ചു. അവൾ വാഹനത്തിനു മുന്നിലേക്ക് തെറിച്ചുവീണു. മുഖത്ത് ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റ അവൾ തീവ്രപരിചരണവിഭാഗത്തിൽ കിടക്കുന്നു. ആരാണ് സംഭവത്തിന് ഉത്തരവാദി’-സംകിത് പർമർ ട്വിറ്ററിൽ കുറിച്ചു.
അപകടത്തെ തുടർന്ന് യുവതിയുടെ തലയ്ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റു. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിൽ ഒല സ്കൂട്ടറിന്റെയും സി.ഇ.ഒ ഭവിഷ് അഗർവാളിന്റെയും ഔദ്യോഗിക പ്രൊഫൈലും യുവാവ് ടാഗ് ചെയ്തിരുന്നു. തുടർന്ന് യുവാവ് പോസ്റ്റ് ചെയ്ത മറ്റൊരു ട്വീറ്റിൽ സംഭവത്തിൽ കൃത്യമായി പ്രതികരിച്ച ഒല ഇലക്ട്രിക് അധികൃതർക്ക് നന്ദിയും പറഞ്ഞിരുന്നു.
ഒല എസ്1 പ്രോയുടെ സസ്പെൻഷൻ സംബന്ധിച്ച് നേരത്തേതന്നെ ഗുരുതരമായ പ്രശ്നങ്ങൾ ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ചെറിയ സമ്മർദത്തിൽപോലും സസ്പെൻഷൻ ഒടിയുന്നു എന്നതായിരുന്നു പരാതികളിൽ പ്രധാനം. അടുത്തിടെ ഒല എസ്1 പ്രോ ഉടമ സഞ്ജീവ് ജെയിൻ എന്നയാൾ തന്റെ അനുഭവം സമൂഹമാധ്യമങ്ങളിൽ വിവരിച്ചിരുന്നു. ഡെലിവറി എടുത്ത് ആറ് ദിവസത്തിനുള്ളിൽ സ്‍കൂട്ടറിന്റെ മുൻവശത്തെ ഫോർക്ക് തകർന്നതായി ഇയാൾ പറയുന്നു.
ഒല ഇലക്ട്രിക് പബ്ലിക് ഗ്രൂപ്പിലെ ഫേസ്ബുക്ക് പോസ്റ്റിലാണ് സഞ്ജീവ് തകര്‍ന്ന സ്‍കൂട്ടറിന്‍റെ ചിത്രങ്ങളും കുറിപ്പും പങ്കുവെച്ചത്. തകർന്ന ഫ്രണ്ട് സസ്‌പെൻഷനോടെ ചുവന്ന നിറത്തിലുള്ള അദ്ദേഹത്തിന്റെ പുതിയ എസ്1 പ്രോയുടെ ചിത്രങ്ങൾ വൈറലായി. സ്കൂട്ടറിന്റെ സസ്‌പെൻഷൻ യൂനിറ്റ് പൂർണ്ണമായും തകർന്ന ചിത്രങ്ങളാണ് ഇയാൾ പങ്കുവച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.