െകാടപ്പനക്കൽ തറവാട്ടിലെ ആദ്യ കാർ; ഓർമകൾ പങ്കുവെച്ച് മുനവ്വറലി തങ്ങൾ
text_fieldsമലപ്പുറം: പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ ആദ്യ കാറിെൻറ ഓർമകൾ പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങൾ. കാറിന് സമീപം നിൽക്കുന്ന ഹൈദരലി ശിഹാബ് തങ്ങളുടെയും മറ്റും ഫോട്ടോ സമൂഹ മാധ്യമത്തിൽനിന്ന് ലഭിച്ചിരുന്നു. ഡ്രൈവർ ഉമ്മർ, ഹൈദരലി തങ്ങളുടെ വീട്ടിൽ നിൽക്കുന്ന അലവിക്ക, അമ്മായിയുടെ മകൻ ഫസൽ ജിഫ്രി, സഹോദരി സമീറ എന്നിവരാണ് കാറിനടുത്തുള്ളത്.
രണ്ട് ദിവസം മുമ്പാണ് ഫേസ്ബുക്കിൽ കെ.എൽ.എം 2233 മാർക്ക് ത്രി എന്ന അംബാസിഡർ കാറിനെക്കുറിച്ച് പോസ്റ്റിട്ടത്. പിതാവ് മുഹമ്മദലി ശിഹാബ് തങ്ങൾ 1970കളിലെ അവസാനത്തിലോ എൺപതുകളുടെ ആദ്യത്തിലോ ആണ് കാർ വാങ്ങിയെതെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. മുസ്ലിം ലീഗിെൻറ സംസ്ഥാന പ്രസിഡൻറായ തുടക്കത്തിലായിരുന്നു. കടും പച്ച നിറത്തിലുള്ള കാർ വീട്ടിലെ എല്ലാവരും ഉപയോഗിച്ചിരുന്നു.
അന്ന് കാറുകൾ വിരളമായിരുന്നു. കുട്ടികളായ ഞങ്ങൾ സ്റ്റിയറിങ് തിരിച്ച് കളിക്കും. എളാപ്പയായ ഉമറലി ശിഹാബ് തങ്ങൾ വന്നാൽ ഒളിച്ചിരിക്കും. പിതാവും എളാപ്പമാരും പരിപാടികൾക്കും മറ്റു കുടുംബ ആവശ്യങ്ങൾക്കും ഈ വാഹനം തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. ആർക്കെങ്കിലും ഡോക്ടറെ കാണാൻ പോവാനുണ്ടെങ്കിൽ അന്ന് ഉത്സവമായിരിക്കും.
എങ്ങനെയെങ്കിലും കാറിൽ വലിഞ്ഞ് കയറുക എന്നത് കൗതുകമായിരുന്നു. പിന്നീട് കോഴിച്ചെന കുഞ്ഞു ഹാജി അത് വാങ്ങി. അദ്ദേഹത്തിെൻറ മരണശേഷം മക്കൾ അടുത്തകാലത്തും കൊണ്ടുനടന്നിരുന്നു. പോസ്റ്റിട്ടതിന് പിറകെ ഈ വാഹനം കുഞ്ഞു ഹാജിയുടെ സഹോദരി പുത്രനും ഒമാൻ ബുറൈമിയിലെ സാമൂഹിക പ്രവർത്തകനുമായ ഹനീഫയുടെ പക്കലുണ്ടെന്ന് കണ്ടെത്തി. നിധിപോലെ കാർ കാത്തു സൂക്ഷിക്കുന്നുവെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും പറഞ്ഞ് മുനവ്വറലി വീണ്ടും രംഗത്തു വരികയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.