വെസ്പ ജനിച്ചിട്ട് 75 വർഷങ്ങൾ, ഇതുവരെ വിറ്റഴിഞ്ഞത് 1.9 കോടി സ്കൂട്ടറുകൾ; ഇതിഹാസമായൊരു ഇറ്റാലിയൻ വാഹനം
text_fields1946 ഏപ്രിൽ 23, ഇരുചക്ര വാഹന ചരിത്രത്തിലെ നിർണായക വർഷങ്ങളിലൊന്നാണിത്. അന്നാണ് ഇറ്റാലിയൻ വാഹന നിർമാതാവായ പിയാജിയോ വെസ്പ എന്ന തങ്ങളുടെ പുത്തൻ സ്കൂട്ടറിന് ജന്മം നൽകിയത്. ഒരു കുട്ടിയുടേതുപോലെ അത്ര കൃത്യമായി പറയാവുന്നതല്ല ഒരു വാഹനത്തിന്‍റെ ജനനം. എങ്കിലും 1946 ഏപ്രിൽ 23 നാണ് പിയാജിയോ വെസ്പക്കായുള്ള പേറ്റന്‍റ് രജിസ്റ്റർ ചെയ്തത് എന്നത് പരിഗണിച്ചാൽ അത് ഈ ഇരുചക്ര വാഹനത്തിന്‍റെ ജന്മദിനമായി പരിഗണിക്കാവുന്നതാണ്.
2021 ഏപ്രിലിലെത്തുേമ്പാൾ വെസ്പക്ക് 75 വയസ് തികയുകയാണ്. ഈ 75 വർഷങ്ങളിലും വെസ്പയുടെ നിർമാണം തുടർന്നിരുന്നു എന്നതാണ് എടുത്തുപറയേണ്ട കാര്യം. നിലവിൽ 83 രാജ്യങ്ങളിൽ ഈ ഇറ്റാലിയൻ സുന്ദരൻ വിറ്റഴിക്കപ്പെടുന്നുണ്ട്. ഇറ്റലിയിലെ പോണ്ടിഡേറ പ്ലാന്‍റിൽ നിന്നാണ് ഒന്നാമത്തെ വെസ്പ പുറത്തിറങ്ങിയത്. പുതിയ ആനിവേഴ്സറി എഡിഷനും അതേ പ്ലാന്‍റിൽ നിന്നാണ് പുറത്തിറങ്ങുന്നതെന്നതാണ് മറ്റൊരു വിശേഷം.
വെസ്പയുടെ യാത്ര
ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന വിപണിയാണ് വെസ്പക്കുള്ളത്. 2000ന്‍റെ ആദ്യ ദശകത്തിൽ വാർഷിക ഉത്പാദനം 50,000 യൂനിറ്റായിരുന്നു. അതിനുശേഷം സ്ഥിരമായ വളർച്ച രേഖപ്പെടുത്തി. 2007 ൽ 1,00,000 ആയും 2018 ൽ 2,00,000 ആയും വാർഷിക ഉത്പാദനം വർധിച്ചു. നിലവിൽ, മൂന്ന് പ്രൊഡക്ഷൻ സൈറ്റുകളിൽ നിന്നാണ് വെസ്പ നിർമ്മിക്കുന്നത്. യൂറോപ്പ്, അമേരിക്ക തുടങ്ങി പടിഞ്ഞാറൻ വിപണികൾക്ക് പോണ്ടെഡെറ പ്ലാന്‍റിൽ നിന്നാണ് നിർമാണം. രണ്ടാമത്തേത് വിയറ്റ്നാമിലെ വിൻ ഫൂക്കിലാണ്. മൂന്നാമത്തേത് ഇന്ത്യയിലാണ്, 2012 ഏപ്രിലിൽ പ്രവർത്തനം ആരംഭിച്ച ബാരാമതി പ്ലാന്‍റാണത്. ബാരാമതി ഫാക്ടറി ഇന്ത്യൻ, നേപ്പാൾ വിപണികൾക്കായി വെസ്പ നിർമിക്കുന്നു.
വെസ്പ ഇന്ത്യയിൽ
1960 കളിലാണ് വെസ്പ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. ബജാജ് ഓട്ടോയുമായി പങ്കാളിത്തം ഉണ്ടാക്കിയായിരുന്നു പിയാജിയോയുടെ ഇന്ത്യയിലെ പ്രവർത്തനം. ബജാജിന്‍റെ ചേതക് മോഡലിനെ അടിസ്ഥാനമാക്കിയാണ് ഇവിടെ വെസ്പ നിർമിച്ചത്. 1980 കളിൽ വെസ്പ എൽഎംഎൽ മോട്ടോഴ്‌സുമായി സഖ്യത്തിലേർപ്പെട്ടു. വെസ്പയുടെ മാതൃ കമ്പനിയായ പിയാജിയോ 1999 ൽ എൽഎംഎല്ലുമായുള്ള പങ്കാളിത്തം ഒരു തർക്കത്തെത്തുടർന്ന് അവസാനിപ്പിച്ചു. തുടർന്നിവർ ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തുകടന്നു. പിന്നീട് 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2012ൽ വെസ്പ വീണ്ടും ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ പ്രവേശിച്ചു. തുടർന്നിവർ വെസ്പ എൽഎക്സ് 125 പുറത്തിറക്കി. 150 സിസി മോഡലുകളും ഇക്കാലയളവിൽ വെസ്പ ഉത്പാദിപ്പിച്ചിട്ടുണ്ട്.
നിലവിൽ, വെസ്പ ഒന്നിലധികം ട്രിമ്മുകളിൽ ലഭ്യമാണ്. അർബൻ ക്ലബ്, നോട്ട്, ഇസഡ് എക്സ് എന്നിവ 125 സിസി മോഡലുകളാണ്. വെസ്പ, എസ് എക്സ് എൽ, വി എക്സ് എൽ മോഡലുകൾ ഭാഗികമായ ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ഡയലിനൊപ്പം ലഭ്യമാണ്. മറ്റ് സവിശേഷതകൾക്കൊപ്പം 125 സിസി, 150 സിസി പതിപ്പുകളിലും വാങ്ങാം. ഏറ്റവും ഉയർന്ന മോഡലുകളായ വെസ്പ എലഗേന്റയും വെസ്പ റേസിങ് സിക്സ്റ്റീസ് പതിപ്പിനും സവിശേഷമായ വരകളും സ്വർണ്ണ നിറമുള്ള ചക്രങ്ങളും ലഭിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.