ഇലക്ട്രിക് കാർ വില്ലനായി; 3000 വാഹനങ്ങളുമായിപ്പോയ കപ്പലിൽ തീപിടിത്തം
text_fieldsആംസ്റ്റർഡാം: 3000 കാറുകളുമായി വന്ന കപ്പലിന് ഡച്ച് തീരത്തിനടുത്ത് തീപിടിച്ചു ഒരാൾ മരിച്ചു. ഇന്ത്യക്കാരനായ കപ്പൽ ജീവനക്കാരിലൊരാളാണ് പൊള്ളലേറ്റ് മരിച്ചത്. 23 പേരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഏഴുപേർ പരിക്കുകളോടെ കടലിൽ ചാടി. ബാക്കിയുള്ളവരെ ഹെലികോപ്ടറിൽ രക്ഷിച്ചു. പുക ശ്വസിച്ചും പൊള്ളലേറ്റും എല്ലൊടിഞ്ഞുമാണ് ജീവനക്കാർക്ക് പരിക്കേറ്റത്. രക്ഷാപ്രവർത്തനത്തിനെത്തിയ മറ്റൊരു കപ്പലിൽനിന്ന് വെള്ളമടിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും കൂടുതൽ വെള്ളം അടിച്ചാൽ കപ്പൽ മുങ്ങാനുള്ള സാധ്യതയുള്ളതിനാൽ പിൻവാങ്ങി.
350 മെര്‍സിഡീസ് ബെന്‍സ് കാറുകള്‍ ഉള്‍പ്പെടെ 3000 വാഹനങ്ങൾ കപ്പലിൽ ഉണ്ടായിരുന്നു. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത 'ഫ്രീമാന്റില്‍ ഹൈവേ' എന്ന കാര്‍ഗോ കപ്പല്‍ ജര്‍മനിയില്‍ നിന്ന് ഈജിപ്തിലേക്ക് പോകുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ചരക്ക് കപ്പലിന് തീപിടിച്ചത്. കപ്പലിലെ ജോലിക്കാരെല്ലാം ഇന്ത്യക്കാരാണെന്ന് ഡച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചത് ഇന്ത്യക്കാരനാണെന്ന് നെതര്‍ലന്‍ഡ്സിലെ ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് വേണ്ട സഹായം ചെയ്യുന്നുണ്ടെന്നും എംബസി അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കപ്പലുകള്‍ ഫ്രീമാന്റില്‍ ഹൈവേയിലേക്ക് വെള്ളം തളിച്ച് തീ അണക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൂടുതല്‍ വെള്ളം തളിക്കുന്നത് കപ്പല്‍ മുങ്ങാന്‍ കാരണമായേക്കാമെന്നാണ് ഡച്ച് കോസ്റ്റ്ഗാര്‍ഡ് പറയുന്നത്. കപ്പല്‍ ഒഴുകുന്നത് തടയാനായി മറ്റൊരു കപ്പലും രംഗത്തിറക്കിയിട്ടുണ്ട്. തീ അണക്കാന്‍ കുറച്ച് ദിവസങ്ങള്‍ എടുക്കുമെന്നാണ് തീരസംരക്ഷണ സേനയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വടക്കന്‍ ഡച്ച് ദ്വീപായ അമേലാന്‍ഡിന് സമീപത്ത് നില്ക്കുന്ന കപ്പലില്‍ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. തീ ഇനിയും നിയന്ത്രണവിധേയമായിട്ടില്ലെന്നും കപ്പലിലുള്ള ചരക്കുകളുടെ സ്വഭാവം കാരണം തീയണക്കുന്നത് വളരെ കഠിനമായി മാറിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തീപിടിത്തമുണ്ടായി 16 മണിക്കൂറുകള്‍ക്ക് കഴിഞ്ഞും അഗ്നിശമന സേനാംഗങ്ങള്‍ തീയണക്കാന്‍ കഠിനപ്രയത്നത്തിലാണ്.
തീ പൂര്‍ണമായി അണക്കാന്‍ ദിവസങ്ങളോ ചിലപ്പോള്‍ ആഴ്ചകളോ വേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് കോസ്റ്റ്ഗാര്‍ഡ് പറയുന്നത്. എന്നിരുന്നാലും ഒരു ഇലക്ട്രിക് കാറിന് സമീപമാണ് തീപിടിത്തത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്നതായി കോസ്റ്റ്ഗാര്‍ഡ് വക്താവ് നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കപ്പലില്‍ ഉണ്ടായിരുന്ന മൂവായിരത്തിനടുത്ത് വാഹനങ്ങളില്‍ 25 ഇലക്ട്രിക് കാറുകള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ചരക്ക് കപ്പലുകളില്‍ തീപിടുത്തം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കടത്തുന്ന കപ്പലുകള്‍ക്കായുള്ള പുതിയ നടപടികള്‍ വിലയിരുത്താന്‍ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്ഗനൈസേഷന് പദ്ധതിയിടുന്നുണ്ട്. 'ഇലക്ട്രിക് കാറുകളിലെ ബാറ്ററികള്‍ അമിതമായി ചൂടാകുന്നത് പലപ്പോഴും അപകടകരമായി മാറുന്നു' മാസ്റ്റര്‍ മറൈനറും ജര്‍മന്‍ ഇന്‍ഷുറന്‍സ് അസോസിയേഷന് പ്രതിനിധിയുമായ യുവെ-പീറ്റര്‍ ഷീഡര്‍ പറഞ്ഞു.
ചരക്കു കപ്പലുകളുടെ സുരക്ഷക്കായി കൊണ്ടുവരാന്‍ പോകുന്ന പതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ കുറച്ച് സമയമെടുക്കും. കപ്പലുകളില്‍ ലഭ്യമായ വാട്ടര്‍ എക്സ്റ്റിംഗഷറുകളുടെ സവിശേഷതകളും ബാറ്ററി എത്രത്തോളം ചാര്‍ജ് ചെയ്യാമെന്നതിന് പരിധി നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുതിയ നിയന്ത്രണങ്ങളില്‍ ഉള്‍പ്പെട്ടേക്കാം. ബ്രെമര്‍ഹാവന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട ഫ്രീമാന്റിലിനെ ഷിപ്പിംഗ് ലെയ്നില്‍ നിന്ന് മാറ്റിയതായി കോസ്റ്റ്ഗാര്‍ഡ് പറഞ്ഞു.
അമേലാന്‍ഡില്‍ നിന്ന് 27 കിലോമീറ്റര്‍ വടക്ക് വെച്ചായിരുന്നു കപ്പലിന് തീപിടിച്ചത്. കപ്പലില്‍ തീ എളുപ്പത്തില്‍ പടര്‍ന്ന് പിടിച്ചതോടെ ജീവനക്കാരില്‍ 7 പേര് കടലില്‍ ചാടുകയായിരുന്നു. വെള്ളത്തിലേക്ക് എടുത്ത് ചാടിയതിനെ തുടര്‍ന്നാണ് ചിലര്‍ക്ക് പരിക്കേറ്റത്. ഇതിനിടെ ഒരു ക്രൂ അംഗം അഗ്നിക്കിരയാകുകയായിരുന്നു.
ഈ മാസം ആദ്യം യു.എസിലെ ന്യൂജഴ്സിയിൽ കാറുകൾ കൊണ്ടുപോയ കപ്പലിന് തീപിടിച്ച് ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പോർചുഗൽ തീരത്ത് ആഡംബര കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.